കേരള സ്റ്റോറി: 'ടീസർ കണ്ട് മാത്രം സിനിമയെ വിമർശിക്കുന്നത് പ്രോത്സാഹിപ്പിക്കാനാകില്ല'- ഹൈക്കോടതി
സിനിമ അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന ആവശ്യം തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് കോടതിയുടെ പരാമർശം
എറണാകുളം: ടീസർ കണ്ട് മാത്രം കേരള സ്‌റ്റോറി സിനിമയെ വിമർശിക്കുന്നത് പ്രോത്സാഹിപ്പിക്കാനാകില്ലെന്ന് ഹൈക്കോടതി. സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് നൽകിയപ്പോൾ തന്നെ ചില ഭാഗങ്ങൾ ഒഴിവാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് സെൻസർബോർഡിനെതിരായ ആരോപണം നിലനിൽക്കില്ലെന്നും കോടതി പറഞ്ഞു.സിനിമ അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന ആവശ്യം തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് കോടതിയുടെ പരാമർശം.
കഴിഞ്ഞദിവസമാണ് ഹരജിയിൽ കോടതി ഇടക്കാല ഉത്തരവിട്ടത്. ജസ്റ്റിസ് എൻ നഗരേഷും ജസ്റ്റിസ് മുഹമ്മദ് നിയാസും ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. ഹരജി വെള്ളിയാഴ്ച ഹെക്കോടതി വീണ്ടും പരിഗണിക്കും.
അതേസമയം, കൊച്ചിയില്‍ കേരള സ്റ്റോറിയുടെ പ്രിവ്യൂ പ്രദർശനം നടന്നു. ഷെണായിസ് തീയറ്ററിലായിരുന്നു പ്രദർശനം. പ്രത്യേകം ക്ഷണിക്കപ്പെട്ടവർക്ക് വേണ്ടിയായിരുന്നു സിനിമ പ്രദർശിപ്പിച്ചത്. 50 പേരാണ് സിനിമ കാണാനെത്തിയത്. സിനിമയുടെ നിർമാതാവാണ് പ്രദർശനം ആവശ്യപ്പെട്ടതെന്ന് തിയേറ്റർ ഉടമ സുരേഷ് ഷേണായി പറഞ്ഞു.