കേരള സ്റ്റോറി; ഇസ്ലാമോഫോബിയയുടെ അടുത്ത സംഘ്പരിവാർ പ്രോപഗണ്ട- ഫ്രറ്റേണിറ്റി മൂവ്മെന്‍റ്
'കേന്ദ്ര-കേരള സർക്കാറുകൾ തള്ളിക്കളഞ്ഞ ലവ് ജിഹാദ് ആരോപണത്തെ വസ്തുതയാക്കി അവതരിപ്പിക്കുന്ന കേരള സ്റ്റോറിയുടെ പ്രദർശനാനുമതി തടയണം'
കോഴിക്കോട്: 'കേരള സ്റ്റോറി' ഇസ്ലാമോഫോബിയയുടെ അടുത്ത സംഘപരിവാർ പ്രോപഗണ്ടയെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്‍റ് ദേശീയ പ്രസിഡന്‍റ് അസിം ഖാൻ. ഫ്രറ്റേണിറ്റി മൂവ്മെന്‍റ് സംസ്ഥാന നേതൃ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയിരുന്നു അദ്ദേഹം. കേന്ദ്ര-കേരള സർക്കാറുകൾ തള്ളിക്കളഞ്ഞ ലവ് ജിഹാദ് ആരോപണത്തെ വസ്തുതയാക്കി അവതരിപ്പിക്കുന്ന കേരള സ്റ്റോറിയുടെ പ്രദർശനാനുമതി തടയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ലവ് ജിഹാദിന്‍റെ തെളിവായി 'കേരള സ്റ്റോറി' ട്രെയിലറിൽ ഉപയോഗിച്ചിരിക്കുന്നത് മുൻമുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍റെ പ്രസ്താവനയാണ്. ഈ വിഷയത്തിൽ സംഘപരിവാറിന്‍റെ അതെ നിലപാടാണോ സി.പി.എമ്മിന്റെതെന്നും,കേരള സർക്കാരും സി.പി.എം മ്മും വിഷയത്തിൽ നിലപാട് വ്യക്തമാക്കണമെന്നും മുഖ്യ പ്രഭാഷണം നിർവഹിച്ച വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി അഭിപ്രായപെട്ടു.
നീതി ചോദിക്കുന്ന പോരിടങ്ങളിൽ ആത്മാഭിമാനത്തിന്‍റെ പേരാണ് ഫ്രറ്റേണിറ്റി എന്ന തലക്കെട്ടിൽ, രണ്ട് ദിവസങ്ങളിലായി കൊടിയത്തൂർ വാദിറഹ്മ സ്കൂളിൽ വെച്ചു നടക്കുന്ന സംസ്ഥാന നേതൃ സംഗമം ഞായറാഴ്ച സമാപിച്ചു. വിവിധ സെഷനുകളിലായി കെ. കെ ബാബുരാജ്, ഷംസീർ ഇബ്രാഹീം, നജ്ദ റൈഹാൻ, അനന്തു രാജ്, ഡോ. സാദിഖ് പി. കെ, സഫീർ ഷാ, സമർ അലി, വാഹിദ് ചുള്ളിപ്പാറ, കെ. എം ഷെഫ്രിൻ എന്നിവർ സംസാരിച്ചു.