കേരള സർവകലാശാല താൽക്കാലിക അധ്യാപക നിയമന തർക്കം; വിസി ഹൈക്കോടതിയിലേക്ക്

സെലക്ഷൻ കമ്മിറ്റി ചട്ടവിരുദ്ധമെന്ന് കാട്ടി ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകാൻ വിസി

Update: 2024-11-14 02:59 GMT
Editor : ശരത് പി | By : Web Desk
Advertising

തിരുവനന്തപുരം: കേരള സർവകലാശാലയിലെ താത്കാലിക അധ്യാപക നിയമനത്തെ ചൊല്ലിയുള്ള തർക്കം മുറുകുന്നു. സിൻഡിക്കേറ്റ് പാസാക്കിയ തീരുമാനത്തിനെ വീണ്ടും എതിർക്കാനാണ് വൈസ് ചാൻസിലർ മോഹനൻ കുന്നുമ്മലിന്റെ നീക്കം. നിയമനത്തിനുള്ള സെലക്ഷൻ കമ്മിറ്റി ചട്ടവിരുദ്ധമാണെന്ന് കാട്ടി ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകാനാണ് വിസിയുടെ ആലോചന.

താൽകാലിക അധ്യാപക നിയമനത്തിനായി രൂപീകരിച്ച സെലക്ഷൻ കമ്മിറ്റിയെ ചൊല്ലി കേരള സർവകലാശാലയിൽ തർക്കം തുടങ്ങിയിട്ട് കുറച്ചധികം നാളുകളായി. കഴിഞ്ഞ യോഗത്തിൽ വിഷയം ചർച്ചയാവുകയും നിയമനം നടത്തണമെന്ന് ഭൂരിപക്ഷാഭിപ്രായപ്രകാരം സിൻഡിക്കേറ്റ് തീരുമാനിക്കുകയും ചെയ്തു. അപ്പോഴും കമ്മിറ്റി ചട്ടവിരുദ്ധമാണ് എന്ന നിലപാട് വൈസ് ചാൻസിലർ ആവർത്തിച്ചിരുന്നു. നിയമനം ചോദ്യം ചെയ്ത് നിലവിലുള്ള കേസിലും ഇതേ നിലപാട് സത്യവാങ്മൂലം ആയി ഹൈക്കോടതിയെ അറിയിക്കാനാണ് വിസിയുടെ നീക്കം. ബിജെപി സിൻഡിക്കേറ്റ് അംഗം. പി.എസ് ഗോപകുമാർ സമർപ്പിച്ച ഹർജിയിൽ സർവകലാശാല, വിസി, ചാൻസിലർ, സർക്കാർ എന്നിവരാണ് എതിർകക്ഷികൾ. സിൻഡിക്കേറ്റ് തീരുമാനം ആയതിനാൽ രജിസ്ട്രാർ ആകും സർവകലാശാലയ്ക്ക് വേണ്ടി സത്യവാങ്മൂലം സമർപ്പിക്കുക. ഇതിനെ എതിർത്ത് സ്വന്തം നിലയ്ക്ക് മറ്റൊരു സത്യവാങ്മൂലം നൽകാനാണ് വിസി മോഹനൻ കുന്നുമ്മൽ ആലോചിക്കുന്നത്. നിയമനം യുജിസി ചട്ടപ്രകാരം അല്ല എന്നും ഇക്കാര്യം നേരത്തെ തന്നെ താൻ ചൂണ്ടിക്കാട്ടിയിരുന്നു എന്നും ആകും വിസി കോടതിയെ അറിയിക്കുക. നിയമനം നിയമപ്രശ്നമായി മാറിയതോടെ കോടതി വഴിയെ നിയമനം നടക്കുള്ളൂ എന്നതിനാൽ വിസി ഇങ്ങനൊരു നീക്കം നടത്തുന്നു എന്നാണ് സൂചന.

Full View

Tags:    

Writer - ശരത് പി

Web Journalist, MediaOne

Editor - ശരത് പി

Web Journalist, MediaOne

By - Web Desk

contributor

Similar News