എല്ലാറ്റിനും മുകളിൽ ജ്വലിച്ച ചെന്താരകം, ഗ്രൂപ്പില്ലാ കോൺഗ്രസ്... 2021ലെ രാഷ്ട്രീയ കേരളം

അങ്ങോട്ടുമിങ്ങോട്ടും അഞ്ചു വർഷമെന്ന രാഷ്ട്രീയ സമവാക്യം തിരുത്തിക്കുറിച്ചാണ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സർക്കാർ വീണ്ടും ഭരണച്ചെങ്കോലേന്തിയത്...

Update: 2022-01-01 12:04 GMT
Advertising

പതിറ്റാണ്ടുകൾ നീണ്ട ചരിത്രത്തിന് അന്ത്യം കുറിച്ച് എൽഡിഎഫ് സർക്കാർ വീണ്ടും അധികാരമേറിയതാണ് കേരള രാഷ്ട്രീയത്തിൽ ഈ വർഷത്തെ സവിശേഷമാക്കുന്നത്. അങ്ങോട്ടുമിങ്ങോട്ടും അഞ്ചു വർഷമെന്ന രാഷ്ട്രീയ സമവാക്യം തിരുത്തിക്കുറിച്ചാണ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സർക്കാർ വീണ്ടും ഭരണച്ചെങ്കോലേന്തിയത്. പ്രചാരണത്തിനും ഭരണത്തിനും ഒരുപോലെ നേതൃത്വം നൽകിയ പിണറായി വിജയൻ മറ്റു നേതാക്കൾക്കിടയിൽ ശോഭയോടെ ജ്വലിച്ചു നിന്നു. എന്നാൽ പി.എസ്.സി ഉദ്യോഗാർഥികളുടെ സമരം, ബന്ധു നിയമനം, മരംമുറി വിവാദം, എ.കെ ശശീന്ദ്രൻറെ ഫോൺ വിളി, ദത്തു വിവാദം തുടങ്ങിയവ സർക്കാറിനെ പ്രതിരോധത്തിലാക്കുകയും ചെയ്തു.

പ്രതിപക്ഷത്തെ പ്രധാനകക്ഷിയായ കോൺഗ്രസിന്റെ ചെങ്കോൽ ഗ്രൂപ്പ് 'രഹിത' നേതൃത്വം ഏറ്റെടുക്കുന്ന കാഴ്ചയും കണ്ടു. സെമി കേഡർ പാർട്ടിയെന്ന ലക്ഷ്യത്തിലേക്ക് വിസ്മയകരമായി കോൺഗ്രസ് ചുവടു വയ്ക്കുകയും ചെയ്യുന്നു. പ്രമുഖർ പാർട്ടി വിടുന്നതും കൂടു മാറുന്നതും കണ്ടു. നാർക്കോട്ടിക് ജിഹാദും ഹലാൽ വിവാദവും രാഷ്ട്രീയ കോലാഹലങ്ങൾക്ക് എണ്ണ പകർന്നപ്പോൾ കുഴൽപ്പണക്കേസും കോഴക്കേസും ബി.ജെ.പിയെയും പ്രതിരോധത്തിലാക്കി. ഒടുക്കം രാഷ്ട്രീയ പകപ്പോക്കലിൻറെ പേരിൽ ചോര ചീന്തിയ നാളുകളോടെയാണ് 2021 പര്യവസാനിക്കുന്നത്. നോക്കാം, രാഷ്ട്രീയ കേരളത്തിൻറെ പോയ വർഷം...




ചരിത്രം കുറിച്ച തുടർഭരണം



എൺപതുകൾ മുതലാരംഭിച്ച എൽ.ഡി.എഫ്, യു.ഡി.എഫ് സംജ്ഞ മുന്നണി രാഷ്ട്രീയത്തിൽ സമ്പൂർണമായതോടെ അഞ്ച് വർഷം കൂടുമ്പോഴുള്ള ഭരണമാറ്റം ഏതാണ്ടൊരു ആചാരം പോലെയാണ് കേരള ജനത പരിചയിച്ചത്. ഈ രാഷ്ട്രീയ പാരമ്പര്യത്തെ തച്ചുടച്ച് പിണറായി വിജയൻ മിന്നൽപ്പിണറായി മാറുന്നതാണ് 2021ൻറെ ആദ്യ പകുതി കണ്ടത്. രണ്ട് പ്രളയങ്ങളും നിപ്പയും കൊറോണയുമൊക്കെ സൃഷ്ടിച്ച പ്രതിസന്ധി സർക്കാർ അവസരമാക്കി മാറ്റി. മന്ത്രിസഭയിൽ മുഴുവൻ പുതുമുഖങ്ങളെത്തിയതോടെ സി.പി.എം തലപ്പത്തെ തലമുറമാറ്റവും സംസാരവിഷയമായി. അതേസമയം, കെ.കെ ശൈലജയെപ്പോലെ ജനപ്രിയ മുഖങ്ങൾ ഇടം പിടിക്കാതെ പോയത് വാർത്തയായി.

സ്ഥാനാർഥി നിർണയവും പൊട്ടിത്തെറികളും



നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി സ്ഥാനാർത്ഥി നിർണ്ണയം സംബന്ധിച്ച് മൂന്ന് മുന്നണികളിലും പൊട്ടിത്തെറികളുണ്ടായിരുന്നു. താനുൾപ്പെടെയുള്ള സ്ത്രീകളെ തഴഞ്ഞതിൽ മനംനൊന്ത് തലമുണ്ഡനം ചെയ്ത് പ്രതിഷേധിച്ച ലതിക സുഭാഷാണ് കോൺഗ്രസിൽ പ്രകമ്പനം സൃഷ്ടിച്ചത്. ഇതിനു പിന്നാലെ മഹിളാ കോൺഗ്രസ് അധ്യക്ഷ പദവിയും അവർ രാജിവെച്ചു. സ്ഥാനാർഥി നിർണയത്തിലും സീറ്റ് വിഭജനത്തിലും സിപിഎമ്മിലെ പ്രതിഷേധവും തെരുവിലേക്കിറങ്ങിയിരുന്നു. കുറ്റ്യാടി സീറ്റ് കേരള കോൺഗ്രസിനു വിട്ടുകൊടുത്തതിലായിരുന്നു പ്രതിഷേധമെങ്കിൽ പൊന്നാനിയിൽ പി. നന്ദകുമാറിനു പകരം ടി.എം. സിദ്ദിഖിനെ സ്ഥാനാർഥിയാക്കണമെന്നായിരുന്നു ആവശ്യം. തെരഞ്ഞെടുപ്പിൽ നേരിട്ട ക്ഷീണം മറക്കാൻ, ജയസാധ്യതയുടെ അടിസ്ഥാനത്തിൽ സ്ഥാനാർഥികളെ നിശ്ചയിക്കാമായിരുന്നെന്ന വിലയിരുത്തൽ ബി.ജെ.പിയിലുമുണ്ടായി.

ചട്ടം തിരുത്തി നിയമനങ്ങൾ, രാജി



ബന്ധുനിയമന ആരോപണത്തിൽ കുറ്റക്കാരനാണെന്ന ലോകായുക്ത ഉത്തരവിന് പിന്നാലെ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീൽ മന്ത്രിസ്ഥാം രാജിവെച്ചതും 2021ലാണ്. ന്യൂനപക്ഷവികസന കോർപ്പറേഷൻ ജനറൽ മാനേജറായി ജലീലിന്റെ ബന്ധു കെ ടി അദീബിനെ നിയമിച്ചത് നിയമവിരുദ്ധമാണെന്നായിരുന്നു കണ്ടെത്തൽ. ഇതിനു പിന്നാലെ, തൻറെ രക്തം ഊറ്റിക്കുടിക്കാൻ വെമ്പുന്നവർക്ക് തൽക്കാലം ആശ്വസിക്കാമെന്ന് പറഞ്ഞ് ജലീൽ മന്ത്രി പദവി ഉപേക്ഷിക്കുകയും ചെയ്തു.

അതേസമയം, കണ്ണൂർ യൂണിവേഴ്സ്റ്റിയിൽ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെകെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗ്ഗീസിനെ അസോസിയേറ്റ് പ്രൊഫസർ തസ്തികയിലേക്ക് നിയമിക്കുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങളും കണ്ണൂർ വി.സിയായി ഗോപിനാഥ് രവീന്ദ്രനു പുനർനിയമനം നൽകാൻ മന്ത്രി ആർ.ബിന്ദു ശിപർശചെയ്തതുമൊക്കെ സർക്കാരിനെ പ്രിതിരോധത്തിലാക്കിയ മറ്റ് വിവാദങ്ങളാണ്.

കുഴൽപ്പണം, കോഴക്കേസ്... പ്രതിരോധത്തിലായ ബി.ജെ.പി



തെരഞ്ഞെടുപ്പിന് പിന്നാലെ ബിജെപിയെ പ്രതിരോധിലാക്കി നിരവധി കേസുകൾ ഉയർന്ന് വന്നിരുന്നു. ഇതിൽ കൊടകര കുഴൽപ്പണക്കേസ്, മഞ്ചേശ്വരം, സുൽത്താൻ ബത്തേരി കോഴക്കേസുകൾ എന്നിവ പാർട്ടിയെ മുൾമുനയിൽ നിർത്തി. മഞ്ചേശ്വരത്ത് തന്റെ സ്ഥാനാർത്ഥിത്വം പിൻവലിക്കാൻ ബി ജെ പി നേതാക്കൾ പണം നൽകിയെന്ന വെളിപ്പെടുത്തലുമായി സുന്ദരയ്യ എന്നയാൾ രംഗത്തുവരികയായിരുന്നു. പ്രസീത അഴീക്കോടായിരുന്നു സുൽത്താൻ ബത്തേരിയിലെ എൻ.ഡി.എ സ്ഥാനാർഥിയായിരുന്ന സികെ ജാനുവും ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും തമ്മിൽ വലിയ തോതിൽ പണമിടപാട് നടത്തിയെന്ന ആരോപണം ഉന്നയിച്ചത്. ഇരു കേസുകളിലും സുരേന്ദ്രനെ പ്രതിയാക്കി അന്വേഷണവും ആരംഭിച്ചിരുന്നു.

മരം മുറി, ഫോൺവിളി, ദത്ത് വിവാദങ്ങൾ



രണ്ടാം പിണറായി സർക്കാറിനെ പ്രതിരോധത്തിലാക്കിയ പ്രധാന ആരോപണമായിരുന്നു മുട്ടിൽ മരം മുറി. കർഷകരുടെ താത്പര്യത്തിനെന്ന പേരിൽ ഇറക്കിയ ഉത്തരവിന്റെ മറവിൽ വയനാട് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നടന്ന വനംകൊള്ളയുടെ വാർത്തകൾ പുറത്തുവന്നതായിരുന്നു വിവാദത്തിന് തുടക്കം. തൃശൂർ, ഇടുക്കി, മലപ്പുറം, എറണാകുളം, ഇടുക്കി ജില്ലകളിലും അനധികൃത മരംമുറിയുടെ വാർത്തകൾ വന്നതോടെ നിരവധി ഉദ്യോഗസ്ഥർക്കെതിരെ നടപടിയുമുണ്ടായി.

സർക്കാരിനെതിരെ പ്രതിപക്ഷം ആളിക്കത്തിച്ച വിഷയമായിരുന്നു മന്ത്രി എ.കെ ശശീന്ദ്രൻ ഉൾപ്പെട്ട ഫോൺവിളി വിവാദം. എൻ.സി.പി നേതാവിന്റെ മകൾ നൽകിയ പീഡന പരാതി ഒത്തുതീർപ്പാക്കാൻ മന്ത്രി ശശീന്ദ്രൻ ഇടപെട്ടെന്ന് മീഡിയവൺ പുറത്തുവിട്ട വർത്തയ്ക്ക് പിന്നാലെയാണ് കോലാഹലങ്ങൾ തുടങ്ങിയത്. പരാതിക്കാരിയുടെ പിതാവുമായുള്ള മന്ത്രിയുടെ ശബ്ദരേഖയും പുറത്തുവന്നിരുന്നു. മരംമുറി, സ്വർണക്കടത്ത്, കോവിഡ് പ്രതിരോധത്തിലെ പാളിച്ചകൾ, കോവിഡ് മരണക്കണക്കിലെ ക്രമക്കേട് എന്നിവയ്‌ക്കൊപ്പം ഇതും പ്രതിപക്ഷം നിയമസഭയിൽ സർക്കാരിനെതിരായ ആയുധമാക്കി. എൻ.സി.പിയിലെ ആഭ്യന്തര തർക്കങ്ങളും ഇതോടെ പുറത്തുവന്നിരുന്നു. എന്നാൽ, വിവാദങ്ങൾ ഗൗരവത്തോടെയെടുക്കേണ്ടെന്നായിരുന്നു കേന്ദ്ര നേതൃത്വത്തിൻറെ നിലപാട്.

സ്വന്തം കുഞ്ഞിനെ വിട്ടുകിട്ടാൻ അനുപമയെന്ന പെൺകുട്ടി നടത്തിയ സമരമായിരുന്നു ഇക്കാലയളവിൽ സർക്കാരിന് തലവേദനയായ മറ്റൊരു വിവാദം. വിവാഹം കഴിക്കുന്നതിന് മുമ്പ് കുഞ്ഞ് ഉണ്ടായതിനു പിന്നാലെ സി.പി.എം പ്രാദേശിക നേതാവ് കൂടിയായ അനുപമയുടെ അച്ഛനാണ് അവരുടെ കുഞ്ഞിനെ ശിശു ക്ഷേമ സമിതിയെ ഏൽപിച്ചത്. അനുപമയുടെ ആരോപണങ്ങൾ ശരിവെച്ച്, സംഭവത്തിൽ ശിശുക്ഷേമ സമിതിക്കും സിഡബ്ല്യുസിക്കും വീഴ്ച സംഭവിച്ചതായി വകുപ്പ്തല അന്വേഷണ റിപ്പോർട്ടും വന്നതോടെ പ്രശ്‌നം മറ്റൊരു തലത്തിലേക്ക് പോവുകയായിരുന്നു. ഒടുക്കം, ആന്ധ്രാ സ്വദേശികളായ ദമ്പതികൾക്ക് ദത്ത് നൽകിയ കുട്ടിയെ തിരികെ കേരളത്തിലെത്തിക്കുന്നതുവരെ വിവാദങ്ങൾ കൊടുമ്പിരികൊണ്ടു.

കോൺഗ്രസിനെ നയിക്കാൻ കെ.എസ്



അനിശ്ചിതത്വത്തിനും ആശയക്കുഴപ്പങ്ങൾക്കും ഒടുവിലാണ് കെപിസിസി അധ്യക്ഷനായി കെ.സുധാകരനെ തെരഞ്ഞെടുത്ത് ഹൈക്കമാൻറ് പ്രഖ്യാപനം വരുന്നത്. എ- ഐ ഗ്രൂപ്പുകളുടെ എതിർപ്പിനും കെപിസിസി അധ്യക്ഷസ്ഥാനം മോഹിച്ച് അണിയറ നീക്കം നടത്തിയ സീനിയർ നേതാക്കളേയും മറികടന്നാണ് കെ. സുധാകരൻ കെ.പി.സി.സി തലപ്പത്തെത്തിയത്. സുധാകരന്റെ കണ്ണൂർ ശൈലി കോൺഗ്രസിനെ കരകയറ്റുമെന്ന പ്രതീക്ഷയാണ് നേതൃത്വത്തിന്. കോൺഗ്രസ് നിലയില്ലാക്കയത്തിൽ മുങ്ങുമ്പോഴാണ്, കൈയത്തും ദൂരത്ത് പല തവണ അകന്നുപോയ പദവിയിലേക്ക് കെ സുധാകരൻ എത്തുന്നു എന്നതായിരുന്നു ഏറ്റവും ശ്രദ്ധേയം. കോൺഗ്രസിനെ സെമി കേഡർ പാർട്ടിയാക്കുമെന്ന് പ്രഖ്യാപനങ്ങളും സുധാകരൻറെ രംഗപ്രവേശത്തോടെയുണ്ടായി.

അതേസമയം, കെ.പി.സി.സി അധ്യക്ഷൻ, പ്രതിപക്ഷ നേതാവ്, ഡിസിസി പ്രസിഡന്റുമാർ എന്നിവരുടെ നിയമനവുമായി ബന്ധപ്പെട്ട് കോൺഗ്രസ് രാഷ്ട്രീയം കലങ്ങി മറിയുന്നതും പോയ വർഷം കണ്ടു. ഡിസിസി അധ്യക്ഷന്മാരുടെ അന്തിമ പട്ടിക പുറത്തുവന്നതിന് പിന്നാലെയാണ് പൊട്ടിത്തെറി രൂക്ഷമായത്. അവസാന നിമിഷം വെട്ടിത്തിരുത്തി ചിലരെ തിരുകിക്കയറ്റിയ പട്ടികയാണെന്ന് എ, ഐ ഗ്രൂപ്പുകൾ ആരോപിച്ചു. അനിവാര്യമായ കൂടിയാലോചനകൾ നടന്നില്ലെന്ന് രമേശ് ചെന്നിത്തല, ഉമ്മൻചാണ്ടി തുടങ്ങി മുതിർന്ന നേതാക്കളും ഉന്നയിച്ചു. എ, ഐ വിഭാഗങ്ങൾ നിസഹകരണം തുടർന്നതോടെ മുതിർന്ന നേതാക്കളുമായി സമവായത്തിലെത്താനാണ് ഔദ്യോഗിക നേതൃത്വം ശ്രമിച്ചത്. കൂടിക്കാഴ്ചകളുടെയും ചർച്ചകളുടെയും നാളുകളായിരുന്നു പിന്നീട്. ഒടുവിൽ പുനഃസംഘടനയിൽ മുതിർന്ന നേതാക്കളുടെ അഭിപ്രായങ്ങൾ കൂടി പരിഗണിക്കുമെന്ന് നേതൃത്വം ഉറപ്പ് നൽകിയ സാഹചര്യത്തിലാണ് ഗ്രൂപ്പുകൾ വെടിനിർത്താൻ തീരുമാനിച്ചത്. അതിനിടെ, കെ.പി അനിൽകുമാർ, പി.എസ് പ്രശാന്ത് തുടങ്ങിയ നേതാക്കൾ പാർട്ടി വിട്ട് പോയ സംഭവ വികാസങ്ങളുമുണ്ടായി.

കോൺഗ്രസും പ്രതിഷേധവും പിന്നെ ജോജു ജോർജ്ജും



ഇന്ധന വില വർധനവിനെതിരേ കോൺഗ്രസ് സംഘടിപ്പിച്ച സമരത്തിനിടയിൽ നടൻ ജോജു ജോർജുമായുണ്ടായ പ്രശ്നമായിരുന്നു 2021ൽ കേരളം കണ്ട മറ്റൊരു വിവാദം. എറണാകുളത്ത് കോൺഗ്രസിൻറെ റോഡ് ഉപരോധം വൻ ഗതാഗതക്കുരുക്ക് സൃഷ്ടിച്ചതിനെ ജോജു ചോദ്യം ചെയ്തതായിരുന്നു വാക്കേറ്റത്തിലേക്കും പ്രശ്നങ്ങളിലേക്കും നയിച്ചത്. പ്രകോപിതരായ കോൺഗ്രസ് പ്രവർത്തകർ നടന്റെ വാഹനം അടിച്ച് തകർക്കുകയും ചെയ്തു. ജോജു മദ്യപിച്ച് വനിതാ പ്രവർത്തകരെ അപമാനിക്കാൻ ശ്രമിച്ചെന്നും അസഭ്യം പറഞ്ഞെന്നും പരാതിയും ഉയർന്നു. എന്നാൽ ഈ പരാതിയിൽ കഴമ്പില്ലെന്നായിരുന്നു പൊലീസ് കണ്ടെത്തൽ.

സി.പി.എമ്മിൽ രണ്ടാമനായി വീണ്ടും കോടിയേരി




രാഷ്ട്രീയ ജീവിതത്തിൽ ഏറ്റവും കയ്‌പേറിയ കാലഘട്ടം അതിജീവിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് കോടിയേരി ബാലകൃഷ്ണൻ മടങ്ങിയെത്തിയതും അടുത്ത കാലത്താണ്. കഴിഞ്ഞ വർഷം നവംബർ 22നാണ് കോടിയേരി അവധിയിൽ പ്രവേശിച്ചത്. ആരോഗ്യകാരണങ്ങളും മകൻ ബിനീഷ് കോടിയേരിയേരിയുടെ അറസ്റ്റുമായിരുന്നു കാരണങ്ങൾ. തുടർന്ന് എ വിജയരാഘവന് താത്കാലിക ചുമതല നൽകി. ബിനീഷ് കോടിയേരിക്ക് ജാമ്യം ലഭിച്ചതിനു പിന്നാലെയാണ് കോടിയേരി സെക്രട്ടറി സ്ഥാനത്തേക്ക് തിരിച്ചുവരുന്നത്.

രാഷ്ട്രീയ കേരളത്തിന് നഷ്ടമായ നേതാക്കൾ



കേരള കോൺഗ്രസ് സ്ഥാപക നേതാവും മുൻ മന്ത്രിയുമായ ആർ.ബാലകൃഷ്ണപിള്ള അന്തരിച്ചത് 2021 മെയ് മൂന്നിനായിരുന്നു. ശ്വാസതടസ്സത്തെത്തുടർന്ന് ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. കേരള കോൺഗ്രസ് (ബി) ചെയർമാൻ, മുന്നാക്ക സമുദായ ക്ഷേമ കോർപറേഷൻ ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചുവരികയായിരുന്നു. നായർ സർവീസ് സൊസൈറ്റി(എൻഎസ്എസ്) ഡയറക്ടർ ബോർഡ് അംഗമായിരുന്നു.




മെയ് 11നായിരുന്നു മലയാളത്തിൻറെ രാഷ്ട്രീയ ഭൂമികയിൽ ജ്വലിച്ചുനിന്ന വിപ്ലവ നക്ഷത്രം കെ.ആർ ഗൗരിയമ്മയുടെ വിയോഗം. 102ാം വയസിലായിരുന്നു ഗൗരിയമ്മയുടെ അന്ത്യം. കേരളത്തിൻറെ വിപ്ലവപഥങ്ങൾക്ക് അതിരില്ലാത്ത സമരവീര്യങ്ങളാൽ കരുത്തുപകർന്ന ഒരു യുഗമാണ് ഇതോടെ അവസാനിച്ചത്.



കെപിസിസി വർക്കിംഗ് പ്രസിഡന്റും തൃക്കാക്കര എംഎൽഎയുമായ പിടി തോമസിൻറെ നിര്യാണമാണ് കേരള രാഷ്ട്രീയത്തെ ഒന്നടങ്കം ഞെട്ടിച്ചത്. അർബുദരോഗബാധിതനായി പിടി തോമസ് ദീർഘകാലമായി ചികിത്സയിലായിരുന്നു. ചികിത്സയുടെ ഭാഗമായി വെല്ലൂരിൽ തുടരുന്നതിനിടെയാണ് മരണം. നാല് തവണ എം.എൽ.എയും ഒരു തവണ എം.പിയുമായിരുന്നു അദ്ദേഹം.

വഖഫ് വിഷയവും സമര പരമ്പരകളും

വഖഫ് ബോർഡിലെ നിയമനങ്ങൾ പി.എസ്.സിക്ക് വിടാനുള്ള സർക്കാർ തീരുമാനം സംസ്ഥാനത്ത് പുതിയ രാഷ്ട്രീയ വിവാദങ്ങൾക്കായിരുന്നു തുടക്കംകുറിച്ചത്. വിവിധ മുസ്ലിം സംഘടനകളും മുസ്ലിം ലീഗും വിഷയത്തിൽ സർക്കാറിനെതിരെ പ്രത്യക്ഷ സമരം ആരംഭിച്ചതോടെ വിഷയം മറ്റൊരു തലത്തിലേക്ക് പോയി. സർക്കാർ അഴകൊഴമ്പൻ നിലപാട് അവസാനിപ്പിച്ച് വഖഫ് വിഷയത്തിൽ നിന്ന് പിന്മാറുന്നത് വരെ സമരം തുടരുമെന്നാണ് മുസ്ലിം ലീഗിൻറെ തീരുമാനം. വിഷയത്തിൽ പ്രതിഷേധിച്ചുകൊണ്ട് കോഴിക്കോട് ലീഗ് നടത്തിയ വഖഫ് സംരക്ഷ റാലിയിൽ നേതാക്കൾ നടത്തിയ വിവാദ പരാമർശങ്ങൾ വലിയ ചർച്ചകൾക്ക് ഇടയാക്കുകയും ചെയ്തു.

കെ- റെയിലും രാഷ്ട്രീയ വിവാദങ്ങളും




കെ- റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട രാഷ്ട്രീയ വിവാദങ്ങളോടെയാണ് 2021 പര്യവസാനിക്കുന്നത്. പദ്ധതിയിൽ സർക്കാർ അനാവശ്യ ധൃതി കാണിക്കുന്നുവെന്നാണ് പ്രതിപക്ഷത്തിൻറെ ആരോപണം. ബലം പ്രയോഗിച്ച് സ്ഥലമേറ്റെടുക്കാനുള്ള ശ്രമത്തിൽ നിന്ന് പിന്മാറണമെന്നും പ്രതിപക്ഷം പറയുന്നു. സർക്കാർ ചർച്ചയ്ക്ക് തയ്യാറാകാത്തത് പലതും ഒളിച്ചുവെക്കാനുള്ളതുകൊണ്ടാണന്നാണ് വി.ഡി സതീശൻ കഴിഞ്ഞ ദിവസം കുറ്റപ്പെടുത്തിയത്. എന്നാൽ, കോൺഗ്രസ് തലനേദനയാവുകയാണ് വിഷയത്തിൽ ശശി തരൂർ എം.പി സ്വീകരിക്കുന്ന നിലപാട്. സിൽവർലൈൻ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെ പരോക്ഷമായി പിന്തുണയ്ക്കുന്ന നിലപാടാണ് തരൂരിന്.

അതേസമയം, സിൽവർ ലൈൻ പ്രോജക്ടിന്റെ വിശദമായ പദ്ധതി രൂപരേഖ പുറത്തുവിടണമെന്ന ആവശ്യവുമായി സിപിഐ രംഗത്തെത്തിയത് സർക്കാരിനെ പ്രതിരോധത്തിലാക്കുന്നു. കെ റെയിൽ പദ്ധതിക്കെതിരെ പാർട്ടിക്കകത്തുയർന്ന സമ്മർദത്തെ തുടർന്നാണ് സി.പി.ഐയുടെ നിലപാട് മാറ്റം. അതിനിടെ, കെ റെയിൽ പദ്ധതിയെ എതിർത്ത് ഇടതുപക്ഷ ആഭിമുഖ്യമുള്ള ശാസ്ത്രസാഹിത്യ പരിഷത്ത് വീണ്ടും രംഗത്തെത്തി. ജനവിരുദ്ധമെന്ന് പ്രത്യക്ഷത്തിൽ വ്യക്തമാകുന്ന പദ്ധതിയിൽ നിന്നും സർക്കാർ പിന്മാറണമെന്നും പദ്ധതിയുടെ വിശദമായ പ്രോജക്ട് റിപ്പോർട്ട്, പാരിസ്ഥികാഘാതപഠനം, സാമൂഹികാഘാത പഠനം എന്നിവയൊന്നും ചർച്ചചെയ്യാതെയാണ് കല്ലുകൾ നാട്ടി അതിർത്തി നിർണയിക്കുന്നത് അംഗീകരിക്കാനാവില്ലെന്നുമാണ് പരിഷത്തിൻറെ നിലപാട്.

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

Byline - ഹരിഷ്മ വടക്കിനകത്ത്

contributor

Similar News