സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സർവകാല റെക്കോഡില്‍
തുടർച്ചയായ നാലാം ദിവസവും മൊത്ത ഉപയോഗം 100 ദശലക്ഷം യൂണിറ്റ് പിന്നിട്ടു
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപയോഗത്തിൽ വീണ്ടും സർവകാല റെക്കോഡ്. തുടർച്ചയായ നാലാം ദിവസവും മൊത്ത ഉപയോഗം 100 ദശലക്ഷം യൂണിറ്റ് പിന്നിട്ടു. 101.58 ദശലക്ഷം യൂണിറ്റാണ് ഇന്നലത്തെ ഉപയോഗം. ഇന്നലത്തെ പീക്ക് സമയ ആവശ്യകത 5076 മെഗാവാട്ട് ആയിരുന്നു.
ബുധനാഴ്ച 5066 മെഗാവാട്ടായിരുന്നു പീക്ക് സമയത്തെ ഡിമാന്‍റ്. ഈ മാസം 11 ന് രേഖപ്പെടുത്തിയ 5024 മെഗാവാട്ടാണ് ഇത് മറികടന്നത്.തിങ്കളാഴ്ചത്തെ പീക്ക് സമയ വൈദ്യുതി ആവശ്യകത 5031 മെഗാവാട്ട് ആയിരുന്നു. കഴിഞ്ഞ വർഷം ഏപ്രിൽ 18 ന് രേഖപ്പെടുത്തിയ 5024 മെഗാവാട്ടാണ് മറികടന്നത്.
ഉപഭോക്താക്കളുടെ സഹകരണമുണ്ടെങ്കിൽ ഈ താത്കാലിക പ്രതിസന്ധി തരണം ചെയ്യാൻ സാധിക്കുമെന്ന് കെഎസ്ഇബി വ്യക്തമാക്കിയിരുന്നു. വൈകുന്നേരം 6നും 11നുമിടയിൽ വൈദ്യുതി ഉപയോഗം പരമാവധി കുറയ്ക്കുക. പമ്പ് സെറ്റ്, ഇൻഡക്ഷൻ സ്റ്റൗ, വാട്ടർ ഹീറ്റർ, ഇസ്തിരിപ്പെട്ടി, വാഷിംഗ് മെഷീൻ തുടങ്ങി വൈദ്യുതി അധികമായി ഉപയോഗിക്കുന്ന ഉപകരണങ്ങൾ പരമാവധി മറ്റുസമയങ്ങളിൽ ഉപയോഗിക്കാൻ ശ്രമിക്കുക. അത്യാവശ്യമല്ലാത്ത ലൈറ്റുകളും മറ്റുപകരണങ്ങളും ഓഫ് ചെയ്യുക, എ സിയുടെ താപനില 25 ഡിഗ്രി സെൽഷ്യസിൽ താഴാതെ ക്രമീകരിക്കുന്നതും വൈദ്യുതി ലാഭിക്കാൻ സഹായകമാണ്...തുടങ്ങിയ നിര്‍ദേശങ്ങളാണ് കെഎസ്ഇബി മുന്നോട്ടുവച്ചത്.