വിഴിഞ്ഞം തുറമുഖത്തിന്‍റെ ട്രയൽ റൺ ഇന്ന്; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും,പ്രതിഷേധവുമായി യു.ഡി.എഫ്

രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും

Update: 2024-07-12 03:18 GMT
Editor : Jaisy Thomas | By : Web Desk
Advertising

തിരുവനന്തപുരം: വിഴിഞ്ഞത്തെത്തിയ ആദ്യ കണ്ടെയ്നർ കപ്പലിന്  സ്വീകരണവും തുറമുഖത്തിന്‍റെ ട്രയൽ റൺ ഉദ്ഘാടനവും ഇന്ന് നടക്കും. രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കേന്ദ്ര തുറമുഖ മന്ത്രി സർബാനന്ദ സോനോവാൾ മുഖ്യാതിഥിയാകും. പ്രതിപക്ഷത്ത് നിന്ന് സ്ഥലം എം.എല്‍.എ എം.വിൻസെന്‍റ് മാത്രം പങ്കെടുക്കും. ആദ്യ കണ്ടെയ്നർ കപ്പൽ സാൻ ഫെർണാണ്ടോ ഇന്നലെ രാവിലെയാണ് തുറമുഖത്തെത്തിയത്.

അതേസമയം വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെച്ചൊല്ലിയുള്ള അവകാശത്തർക്കം പരസ്യപ്രതിഷേധത്തിലേക്ക് കടന്നു. പദ്ധതിയുടെ വിജയം മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് സമർപ്പിച്ച് യു.ഡി.എഫ് ഇന്ന് ജില്ലാ കേന്ദ്രങ്ങളിൽ പ്രകടനം നടത്തും. ചടങ്ങിലേക്ക് പ്രതിപക്ഷ നേതാവ് വി.ഡി സതീശനെ ക്ഷണിക്കാത്തടക്കമുള്ള വിഷയങ്ങൾ ഉന്നയിച്ചാണ്  പ്രതിഷേധമെന്ന് യു.ഡി.എഫ് കൺവീനർ എം.എം ഹസൻ അറിയിച്ചു.

പദ്ധതി യു.ഡി.എഫിന്‍റെ കുഞ്ഞാണെന്നും ഉമ്മൻ ചാണ്ടി സർക്കാരിന്‍റെ കാലത്താണ് അത് നടപ്പിലായതെന്നും പ്രതിപക്ഷ നേതാവടക്കമുള്ളവർ ഇന്നലെ അവകാശപ്പെട്ടിരുന്നു. എൽ.ഡി.എഫ് സർക്കാർ അധികാരത്തിലേറിയത് മുതൽ പ്രത്യേക ശ്രദ്ധയും കരുതലും വിഴിഞ്ഞം പദ്ധതിക്ക് നൽകിയിരുന്നു എന്നാണ് മുഖ്യമന്ത്രിയുടെ അവകാശവാദം.

പാർട്ടി സംസ്ഥാന സെക്രട്ടറിയായിരിക്കെ പിണറായി വിജയൻ വിഴിഞ്ഞം പദ്ധതി എതിർത്തത് ചൂണ്ടിക്കാണിച്ചാണ് യു.ഡി.എഫ് ഇതിനെ നേരിടുന്നത്. തീരദേശവാസികളുടെ പുനരധിവാസം അടക്കമുള്ള കാര്യങ്ങൾ നടപ്പിലായില്ലെന്ന് ചൂണ്ടിക്കാണിച്ച് ശശി തരൂർ എം.പി ചടങ്ങിൽ നിന്ന് വിട്ടുനിൽക്കുകയാണ്.


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News