വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ നാല് മണിക്കൂര്‍ വൈകി; തിരുവനന്തപുരം മെഡിക്കൽ കോളജിൽ രോഗി മരിച്ചു, ഗുരുതര വീഴ്ച്ച

സംഭവത്തില്‍ ആരോഗ്യ മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു

Update: 2022-06-20 08:33 GMT
Editor : ijas
Advertising

തിരുവനന്തപുരം: വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തുന്നത് നാല് മണിക്കൂര്‍ വൈകിയതോടെ മെഡിക്കൽ കോളജിൽ രോഗി മരിച്ചു. കാരക്കോണം സ്വദേശി സുരേഷ് കുമാറാണ് (62) മരിച്ചത്. രോഗിയെ സജ്ജമാക്കുന്നതില്‍ ഡോക്ടര്‍മാരുടെ ഭാഗത്ത് നിന്നുണ്ടായ അനാസ്ഥയാണ് ഗുരുതര വീഴ്ച്ചക്ക് കാരണം. പൊലീസ് അകമ്പടിയോടെ ഇന്നലെ വൈകിട്ട് 5.30ന് വൃക്ക മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ശസ്ത്രക്രിയക്കാവശ്യമായ മുന്നൊരുക്കങ്ങള്‍ നടത്തിയിരുന്നില്ലെന്നാണ് കണ്ടെത്തല്‍. നാല് മണിക്കൂര്‍ ശസ്ത്രക്രിയക്കായി കാത്തിരുന്നു. നെഫ്രോളജി, യൂറോളജി വിഭാഗങ്ങൾ മുന്നൊരുക്കങ്ങൾ നടത്തിയില്ലെന്നും ആക്ഷേപമുണ്ട്.

ശനിയാഴ്ച്ച രാത്രിയാണ് എറണാകുളം രാജഗിരി ആശുപത്രിയില്‍ നിന്നും വ്യക്ക മൂന്ന് മണിക്കൂർ കൊണ്ട് ആശുപത്രിയിൽ എത്തിച്ചത്. ചികിത്സയിലുണ്ടായിരുന്ന 34കാരന് മസ്തിഷക മരണം സംഭവിച്ചിരുന്നു. ഇദ്ദേഹത്തിന്‍റെ ഒരു വ്യക്ക കോട്ടയം മെഡിക്കല്‍ കോളജിലും മറ്റൊന്ന് കൊച്ചി അമൃത ആശുപത്രിയിലും നല്‍കാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ വ്യക്ക സ്വീകരിക്കാന്‍ യോഗ്യനായ രോഗി ഇല്ലാത്തതിനാല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയുടെ ആവശ്യപ്രകാരം എത്തിച്ചു നല്‍കുകയായിരുന്നു. എന്നാല്‍ കൃത്യസമയത്ത് അവയവമെത്തിച്ചിട്ടും ശസ്ത്രക്രിയ നടത്തിയതില്‍ നാല് മണിക്കൂറോളമാണ് വൈകിയത്.

സംഭവത്തില്‍ ആരോഗ്യ മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. അടിയന്തരമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ മന്ത്രി ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി. വീഴ്ച വരുത്തിയവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും സംഭവവുമായി ബന്ധപ്പെട്ട് ഉന്നതതല യോഗം അടിയന്തരമായി ഉടന്‍ തന്നെ വിളിച്ചു ചേര്‍ക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News