'ചിരി മായാതെ മടങ്ങൂ ടീച്ചർ; മരിച്ചവരെയും തോറ്റവരേയും ചേർത്തു പിടിച്ച നാടാണിത്'; കെ.കെ ശൈലജയോട് രമ
'മുറിഞ്ഞു തൂങ്ങിയതെല്ലാം ഉള്ളു പിടഞ്ഞുകൊണ്ട് തുന്നിച്ചേർത്ത നാടാണിത്'.
കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ വടകരയിൽ യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ മുന്നേറവെ ഹൃദയഹാരിയായ കുറിപ്പുമായി കെ.കെ രമ എംഎൽഎ. 'ചിരി മായാതെ മടങ്ങൂ ടീച്ചർ' എന്ന തലക്കെട്ടിൽ ഫേസ്ബുക്കിലൂടെയാണ് ആർ.എം.പി നേതാവ് കൂടിയായ കെ.കെ രമയുടെ പ്രതികരണം. എൽഡിഎഫ് സ്ഥാനാർഥി കെ.കെ ശൈലജയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചാണ് രമയുടെ കുറിപ്പ്.
'മരിച്ച മനുഷ്യരെയും തോറ്റ മനുഷ്യരേയും ചേർത്തുപിടിച്ച നാടാണിത്. മിണ്ടാനും ചിരിക്കാനും തൊടാനും ഉമ്മ വെക്കാനുമൊക്കെ ചിരി മായാത്ത മുഖം ബാക്കി വയ്ക്കണം മനുഷ്യനെന്ന് അപാരമായി ആഗ്രഹിക്കുന്നവരുടെ നാടാണിത്. ഇവിടുന്ന് മടങ്ങുമ്പോൾ അങ്ങനെയേ മടങ്ങാവൂ'- രമ പറയുന്നു.
'മുറിഞ്ഞു തൂങ്ങിയതെല്ലാം ഉള്ളു പിടഞ്ഞുകൊണ്ട് തുന്നിച്ചേർത്ത നാടാണിത്. ഇന്നാട്ടിലെ നല്ല മനുഷ്യർക്ക് ആരെയും കളിയാക്കി വിടാനാവില്ല. ചേർത്തു പിടിച്ച് യാത്രയാക്കുകയാണ്'.
'രാഷ്ട്രീയം പറഞ്ഞ് നമുക്ക് മത്സരിക്കാവുന്ന വടകര ബാക്കിയുണ്ട് എന്ന പ്രതീക്ഷയോടെ മടങ്ങാൻ കഴിയുന്നതല്ലേ ഭാഗ്യം. വരും തെരഞ്ഞെടുപ്പുകളിൽ മതമല്ല, മനുഷ്യനാണ് ഇവിടെ പ്രവർത്തിക്കുക എന്ന പ്രതീക്ഷയോടെ ഇങ്ങോട്ടേക്ക് വരാൻ ഈ നാട് ബാക്കിയുണ്ട്'- കെ.കെ രമ കുറിച്ചു.
വോട്ടെണ്ണൽ നാല് മണിക്കൂർ പിന്നിടുമ്പോൾ ഷാഫി പറമ്പിൽ 59,000ലേറെ വോട്ടുകൾക്ക് മുന്നിലാണ്. വിവാദങ്ങൾ കൊണ്ടും കനത്ത പോരാട്ടം കൊണ്ടും ഇക്കുറി ശ്രദ്ധേയമായ മണ്ഡലമാണ് വടകര. ഇരു മുന്നണികൾക്കും അഭിമാനപോരാട്ടമായിരുന്ന ഇവിടെ റെക്കോർഡ് പോളിങ്ങാണ് ഇക്കുറി രേഖപ്പെടുത്തിയത്. മണ്ഡലത്തിൽ രേഖപ്പെടുത്തിയ 78.41 ശതമാനം പോളിങ്ങിൽ ഇരു കക്ഷികളും വലിയ പ്രതീക്ഷയാണർപ്പിച്ചത്.