ക്‌നാനായ സഭക്കാര്‍ക്ക് മറ്റ് സഭകളില്‍ നിന്ന് വിവാഹം ചെയ്യാം: ഔദ്യോഗിക അനുമതി നല്‍കി കോട്ടയം രൂപത
മറ്റ് സഭകളില്‍ നിന്ന് വിവാഹം ചെയ്താല്‍ ക്‌നാനായ സഭക്കാരുടെ രക്ത വിശുദ്ധി നഷ്ടപ്പെടുമെന്നും, അതിനാല്‍ അങ്ങനെ ചെയ്യുന്നവര്‍ സ്വയം ഭ്രഷ്ട് സ്വീകരിച്ച് സഭക്ക് പുറത്തുപോകണമെന്നായിരുന്നു നേരത്തെ വ്യവസ്ഥ
ക്‌നാനായ സഭക്കാര്‍ക്ക് മറ്റു ക്രിസ്തീയ സഭകളില്‍ നിന്ന് വിവാഹം കഴിക്കാന്‍ കോട്ടയം രൂപതയുടെ അനുമതി. കാഞ്ഞങ്ങാട് കൊട്ടോടി സ്വദേശി ജസ്റ്റിന്‍ ജോണ്‍ മംഗലത്തിനാണ് കോട്ടയം രൂപതയിലെ സഭാംഗത്വം നിലനിര്‍ത്തി മറ്റൊരു രൂപതയില്‍ നിന്ന് വിവാഹം കഴിക്കാന്‍ അനുമതി നല്‍കിയത്.
ക്‌നാനായ സഭാംഗങ്ങള്‍ മറ്റു ക്രിസ്തീയ സഭകളില്‍നിന്ന് വിവാഹബന്ധത്തിലേര്‍പ്പെട്ടാല്‍ രക്ത വിശുദ്ധി നഷ്ടപ്പെടുമെന്ന വിശ്വാസം നിലനില്‍ക്കെയാണ് ജസ്റ്റിന്‍ ജോണ്‍ മംഗലത്തിന്റെ വിവാഹത്തിന് അനുമതി ലഭിച്ചത്. മറ്റ് സഭയില്‍നിന്ന് വിവാഹം കഴിക്കുന്നവര്‍ സ്വയം ഭ്രഷ്ട് സ്വീകരിച്ച് സഭക്ക് പുറത്തുപോകണമെന്നായിരുന്നു നേരത്തെയുണ്ടായിരുന്ന വ്യവസ്ഥ.
മറ്റ് സഭകളില്‍ നിന്ന് വിവാഹം കഴിച്ചാല്‍ രക്ത വിശുദ്ധി നഷ്ടപ്പെടുമെന്ന വിശ്വാസത്തിനെതിരെ മജിസ്‌ട്രേറ്റ് കോടതിയുടെ മുതല്‍ സുപ്രീം കോടതിയുടെ വരെ വിധി വന്നിരുന്നു. എന്നാല്‍ സഭാ നേതൃത്വം ഇതു വരെയും ഇത്തരം വിവാഹങ്ങള്‍ക്ക് സമ്മതം നല്‍കിയിരുന്നില്ല.
ഈ വ്യവസ്ഥക്ക് മാറ്റം വരുത്തുന്ന ആദ്യ വിവാഹമാണ് ജസ്റ്റിന്‍ ജോണ്‍ മംഗലത്തിന്റേത്. സിറോ മലബാര്‍ സഭയിലെ രൂപതയില്‍ നിന്നുള്ള വിജിമോളുമായാണ് ജസ്റ്റിന്റെ വധു. തലശ്ശേരി അതിരൂപതയിലെ പള്ളിയില്‍ വെച്ചായിരുന്നു ജസ്റ്റിന്റെയും വിജിമോളുടെയും വിവാഹനിശ്ചയം നടന്നത്.