ഡെലിവറി ഏജന്റിന്റെ ഫോൺ കവർന്ന പ്രതി അറസ്റ്റിൽ
തോട്ടുമുഖം കുട്ടമശ്ശേരി വാണിയപ്പുരയിൽ ലുഖ്മാനുൽ ഹക്കീം ആണ് പിടിയിലായത്
കൊച്ചി: ഡെലിവറി ഏജന്റിന്റെ ഫോൺ കവർന്ന സംഭവത്തിൽ പ്രതി പിടിയിൽ. തോട്ടുമുഖം കുട്ടമശ്ശേരി വാണിയപ്പുരയിൽ ലുഖ്മാനുൽ ഹക്കീം (23) ആണ് പെരുമ്പാവൂർ പൊലീസിന്റെ പിടിയിലായത്.
17ന് പകൽ 11.30ന് കുന്നുവഴി ഭാഗത്ത് നിൽക്കുകയായിരുന്ന ജീവനക്കാരന്റെ ഫോൺ തട്ടിപ്പറിച്ച് കടന്നുകളയുകയായിരുന്നു പ്രതി. സമാനരീതിയിൽ മോഷണം നടത്തുന്നവരുടെ വിവരങ്ങൾ ശേഖരിച്ച് നടത്തിയ അന്വേഷണത്തിലാണ് ആലുവയിൽനിന്ന് പ്രതിയെ പിടികൂടിയത്. മോഷ്ടിച്ച ഫോൺ എറണാകുളം പെന്റ മേനകയിലെ ഒരു ഷോപ്പിൽനിന്ന് കണ്ടെടുത്തു.
പ്രതി ലുഖ്മാനെതിരെ 2021ൽ ആലുവ പൊലീസ് സ്റ്റേഷനിൽ സമാനമായ കേസുണ്ട്. ഇൻസ്‌പെക്ടർ ആർ. രഞ്ജിത്ത്, എസ്.ഐ റിൻസ് എം. തോമസ്, എ.എസ്.ഐ പി.ജി റെജിമോൻ, എസ്.സി.പി.ഒ പി.എ
അബ്ദുൽ മനാഫ്, സി.പി.ഒമാരായ ബിബിൻ രാജ്, ജിജിമോൻ എന്നിവരാണു പ്രത്യേക അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
Summary: Suspect arrested in case of robbery of delivery agent's phone in Kochi