കൊടകര കള്ളപ്പണ കേസില്‍ കെ സുരേന്ദ്രനും മകനുമടക്കം 19 ബി.ജെ.പി നേതാക്കൾ സാക്ഷികൾ; കുറ്റപത്രം സമര്‍പ്പിച്ചു

കേസ് രജിസ്റ്റർ ചെയ്ത് 90 ദിവസം തികയുന്നതിനാലാണ് കുറ്റപത്രം സമര്‍പ്പിച്ചത്

Update: 2021-07-24 02:09 GMT
Editor : ijas
Advertising

കൊടകര കള്ളപ്പണ കേസില്‍ ബി.ജെ.പി അധ്യക്ഷന്‍ കെ സുരേന്ദ്രനും മകനുമടക്കം 19 ബി.ജെ.പി നേതാക്കളെ സാക്ഷികളാക്കി പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. 625 പേജുള്ള കുറ്റപത്രമാണ് ഇരിങ്ങാലക്കുട കോടതിയിൽ സമർപ്പിച്ചത്. പോലീസ് മൊഴിയെടുത്ത 19 ബി.ജെ.പി നേതാക്കളെയാണ് സാക്ഷി പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. കള്ളപ്പണ കേസിൽ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് അന്വേഷണം വേണമെന്ന് കുറ്റപത്രത്തിൽ ശുപാർശ ചെയ്തിട്ടുണ്ട്. 

തെരഞ്ഞെടുപ്പിന് ബി.ജെ.പി 40 കോടി ഹവാല പണം എത്തിച്ചുവെന്ന് കുറ്റപ്പത്രത്തിൽ പോലീസ് പറയുന്നു. കർണാടകയിൽ നിന്ന് സ്വരൂപിച്ച 17 കോടി രൂപ ധർമരാജൻ കേരളത്തിലേക്ക് കൊണ്ടു വന്നു. കൊടകര മോഡലിൽ സേലത്ത് വെച്ചും കള്ളപണ മോഷണമുണ്ടായി. തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമം നടന്നുവെന്ന് സംശയമുള്ളതിനാൽ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്റ്ററേറ്റ്, ഇൻകം ടാക്സ് എന്നീ ഏജൻസികൾക്ക് പുറമെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ എന്നിവർക്ക് റിപ്പോർട്ട്‌ നൽകുമെന്നും പോലീസ് കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു.

ധർമരാജൻ വഴി 17 കോടിയും കോഴിക്കോട്ടുള്ള ഏജന്‍റുമാർ മുഖേന 23 കോടിയും ബി.ജെ.പിക്ക് വേണ്ടി തെരഞ്ഞെടുപ്പിനായി എത്തിച്ചുവെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. 2021 മാർച്ച് 5 മുതൽ ഏപ്രിൽ 5 വരെയുള്ള ഒരു മാസ കാലയളവിൽ ആണ് 40 കോടി കള്ളപ്പണം കേരളത്തിൽ എത്തിയത്. ധർമരാജന്‍റെ സഹോദരൻ ധനരാജൻ കൊണ്ട് വന്ന പണം തമിഴ് നാട്ടിലെ സേലത്ത് വെച്ചും മോഷണം പോയി. 4.40 കോടി രൂപ കൊടകര മോഡലിൽ മോഷ്ടിയ്ക്കപ്പെട്ടു. ബി.ജെ.പി ജില്ല ഭാരവാഹികൾക്ക് വിതരണം ചെയ്തു. ധർമരാജൻ ഇതിനു മുൻപും ബി.ജെ.പിക്ക് വേണ്ടി കള്ളപ്പണം കേരളത്തിൽ എത്തിച്ചിട്ടുണ്ടെന്നും കുറ്റപത്രത്തിൽ പറയുന്നു. കൊടകരയിൽ കവർച്ച ചെയ്യപ്പെട്ട 3.5 കോടി രൂപ എത്തിച്ചത് ബെംഗളൂരുവിൽ നിന്നാണ് കൊണ്ട് വന്നത്. പണവുമായി കാറിൽ വരുന്ന വഴി കവർച്ച സംഘം മനസ്സിലാക്കിയത് ജി.പി.എസ് ട്രാക്കർ വഴിയാണ്. കവർച്ചക്ക് ശേഷം പണം വീതം വച്ചത് 9ആം പ്രതി ബാബുവിന്‍റെ വീട്ടിൽ എത്തിച്ച ശേഷം 2 കോടി രൂപ മുഹമ്മദലിയും ഒന്നര കോടി രൂപ രഞ്ജിത്തും എടുത്തു. കവർച്ച പോയ തുകയിൽ ഇനിയും ബാക്കി കണ്ടെത്താനുണ്ട്. ഇക്കാര്യം തെരഞ്ഞെടുപ്പ് കുറ്റകൃത്യം നടന്നിട്ടുണ്ടോ എന്നുള്ള കാര്യവും തുടർന്നും അന്വേഷിക്കുകയാണെന്നും പോലീസ് കുറ്റപത്രത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

കേസ് രജിസ്റ്റർ ചെയ്ത് 90 ദിവസം തികയുന്നതിനാലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. കവർച്ച കേസിലെ കുറ്റപത്രമാണ് സമര്‍പ്പിച്ചത്. കള്ളപ്പണ കേസുമായി ബന്ധപ്പെട്ട് അനുബന്ധ കുറ്റപത്രം പോലീസ് പിന്നീട് നൽകിയേക്കും. കവർച്ച കേസിൽ 22 പ്രതികളാണുള്ളത്. 200ന് മുകളിൽ സാക്ഷികളുമുണ്ട്.

നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണം നടന്ന കഴിഞ്ഞ ഏപ്രിൽ മൂന്നിന് പുലർച്ചെ കൊടകര മേൽപ്പാലത്തിന് സമീപം വാഹനാപകടമുണ്ടാക്കി മൂന്നരക്കോടി കവർന്നുവെന്നാണ് കേസ്. തെരഞ്ഞെടുപ്പ് ആവശ്യത്തിന്​ ബി.ജെ.പിയെത്തിച്ച ഫണ്ടാണ് കവർച്ച ചെയ്യപ്പെട്ടതെന്നാണ് പോലീസ് കോടതിയിൽ നൽകിയ റിപ്പോർട്ട്.

Tags:    

Editor - ijas

contributor

Similar News