ജനസഹസ്രം സാക്ഷി! വിടചൊല്ലി നാട്; വികാരവായ്‍പ്പില്‍ കോടിയേരി വീട്ടിലേക്ക്
മൃതദേഹം പൂർണ ബഹുമതികളോടെ നാളെ വൈകിട്ട് മൂന്നിന് പയ്യാമ്പലത്ത് സംസ്‌കരിക്കും
കണ്ണൂർ: ജന്മനാട്ടില്‍ കോടിയേരി ബാലകൃഷ്ണന്‍ എന്ന രാഷ്ട്രീയ അതികായനെ അവസാന നോക്കുകാണാന്‍ ഒഴുകിയെത്തിയത് ജനസഹസ്രം. വികാരനിര്‍ഭരമായ കാഴ്ചകള്‍ക്കു സാക്ഷിയായി തലശ്ശേരി ടൗൺ ഹാള്‍. ജനസാഗരമാണ് നാടിന്‍റെ വീരപുത്രനെ കാണാന്‍ തലശ്ശേരി ടൗൺഹാളിലേക്ക് ഒഴുകിയെത്തുന്നത്. ഒടുവില്‍, പൊതുദര്‍ശനം താല്‍ക്കാലികമായി അവസാനിപ്പിച്ച് ഭൗതികദേഹം വീട്ടിലേക്ക് എത്തിച്ചിരിക്കുകയാണ്.
കണ്ണൂർ എയർപോർട്ടിൽ നിന്ന് വിലാപയാത്രയായി എത്തിച്ച മൃതദേഹം ഇന്ന് മുഴുവൻ ടൗൺഹാളിൽ പൊതുദർശനത്തിന് വച്ചു. ശേഷമാണ് രാത്രി പത്തോടെ കോടിയേരി ഈങ്ങയിൽപ്പീടികയിലെ വസതിയിലെത്തിച്ചതോടെ. പൂർണ ബഹുമതികളോടെ നാളെ വൈകിട്ട് മൂന്നിന് പയ്യാമ്പലത്താണ് സംസ്‌കാരം.
രാവിലെ ഒമ്പതരയോടെയാണ് മൃതദേഹം ആശുപത്രിയിൽ നിന്ന് ചെന്നൈ വിമാനത്താവളത്തിൽ എത്തിച്ചത്. 11.20ഓടെ ബെംഗളൂരുവിൽ എത്തിയ എയർ ആംബുലൻസിൽ മൃതദേഹം കണ്ണൂരിലേക്ക് കൊണ്ടുപോവുകയായിരുന്നു. ഭാര്യ വിനോദിനി, മകൻ ബിനോയ് കോടിയേരി, മരുകൾ റനീറ്റ എന്നിവരാണ് മൃതദേഹത്തെ അനുഗമിച്ചത്.
ഇന്ന് 12 മണി വരെ പൊതുദർശനമുണ്ടാകുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും വിവിധ കാരണങ്ങളാൽ അവസാനിപ്പിക്കുകയായിരുന്നു. ടൗൺഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ കോടിയേരിക്ക് അന്ത്യോപചാരമർപ്പിച്ചു. പ്രതീക്ഷിച്ചതിലും വൈകിയാണ് കോടിയേരിയുടെ മൃതദേഹം ചെന്നൈയിൽ നിന്ന് കൊണ്ടുവരാനായത്. എയർ ആംബുലൻസിനായുള്ള നടപടികളായിരുന്നു കാരണം.