വിങ്ങിപ്പൊട്ടി തളര്‍ന്നുവീണ് പ്രിയസഖി; തേങ്ങലടക്കാനാകാതെ ജനം
മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പടെയുള്ള മന്ത്രിമാരും രാഷ്ട്രീയ നേതാക്കളും അന്ത്യാഭിവാദ്യം അർപ്പിക്കാൻ ടൗൺ ഹാളിലെത്തി
കണ്ണൂർ: അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണനെ അവസാനമായി ഒരുനോക്ക് കാണാൻ തലശേരിയിൽ തടിച്ചു കൂടിയത് ആയിരങ്ങൾ. കണ്ണൂരിൽ നിന്ന് തലശേരി വരെ വിലാപയാത്രയെ അനുഗമിക്കാനും റോഡിനിരുവശവും ജനം ഒത്തുചേർന്നിരുന്നു.
മൃതശരീരം പൊതുദർശനത്തിന് വച്ച തലശേരി ടൗൺഹാളിൽ വികാരനിർഭരമായ രംഗങ്ങളാണ് അരങ്ങേറിയത്. പ്രിയതമനെ ഒരുനോക്ക് കാണാനാവാതെ ഭാര്യ വിനോദിനി മൃതദേഹത്തിനരികെ കുഴഞ്ഞു വീണു. അന്തിമോപചാരമർപ്പിക്കാനെത്തിയവരെല്ലാം വികാരനിർഭരരായാണ് ടൗൺഹാൾ വിട്ടത്. ടൗൺ ഹാളിലേക്ക് ജനപ്രവാഹം തുടരുകയാണ്.
മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പടെയുള്ള മന്ത്രിമാരും രാഷ്ട്രീയ നേതാക്കളും അന്ത്യാഭിവാദ്യം അർപ്പിക്കാൻ ടൗൺ ഹാളിലെത്തി.
കണ്ണൂർ വിമാനത്താവളത്തിൽ സിപിഎം ജില്ലാ സെക്രട്ടറി എം.വി ജയരാജന്റെ നേതൃത്വത്തിലാണ് കോടിയേരിയുടെ മൃതദേഹം ഏറ്റുവാങ്ങിയത്. 14 ഇടങ്ങളിൽ അന്തിമോപചാരമർപ്പിക്കാൻ സൗകര്യമുണ്ടായിരുന്നു. ടൗൺ ഹാളിലെ പൊതുദർശനത്തിനു ശേഷം മൃതദേഹം തിങ്കളാഴ്ച രാവിലെ 10ന് കോടിയേരിയിലെ വീട്ടിൽ എത്തിക്കും. ശേഷം വൈകീട്ട് 3 മണിക്ക് പൂർണ ബഹുമതികളോടെ പയ്യാമ്പലത്ത് സംസ്‌കാരം.
അർബുദ ബാധിതനായി ചെന്നൈ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കോടിയേരി ബാലകൃഷ്ണൻ(69) ഇന്നലെ രാത്രി എട്ട് മണിയോടെയാണ് അന്തരിച്ചത്. കഴിഞ്ഞ ഓഗസ്റ്റ് 29ന് രോഗം മൂർച്ഛിച്ച് അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.പാൻക്രിയാസിലെ അർബുദരോഗം മൂർച്ഛിച്ചതിനെത്തുടർന്ന് സംസ്ഥാനസെക്രട്ടറി പദമൊഴിഞ്ഞ ഉടനെയാണ് അശുപത്രിയിൽ പ്രവേശിപ്പിച്ചത്.
കോടിയേരിയുടെ വിയോഗത്തിൽ അനുശോചിച്ച് എകെജി സെന്ററിൽ കൊടി കെട്ടി താഴ്ത്തി കെട്ടി. നിരവധി പ്രമുഖർ കോടിയേരിയുടെ നിര്യാണത്തിൽ അനുശോചനമറിയിച്ച് രംഗത്തെത്തിയിരുന്നു.