കേരളത്തെ നന്ദിഗ്രാമാക്കാൻ ശ്രമമെന്ന് കോടിയേരി: കെ-റെയിൽ പ്രതിഷേധത്തിൽ പൊലീസ് നടപടിയെ ന്യായീകരിച്ച് സിപിഎം
സമരകാലത്ത് സ്ത്രീകളെ അറസ്റ്റ് ചെയ്യുന്നത് കേരളത്തിൽ പുതിയ സംഭവമല്ല. വെടിവെയ്പ്പ് ഉണ്ടാക്കുകയാണ് പ്രതിപക്ഷ ലക്ഷ്യമെന്നും കോടിയേരി പറഞ്ഞു
കെ-റെയില്‍ പ്രക്ഷോഭകര്‍ക്കെതിരായ പൊലീസ് നടപടിയെ ന്യായീകരിച്ച് സി.പി.എം. മാർഗതടസം സൃഷ്ടിക്കുമ്പോൾ പൊലീസിന് സ്തംഭിച്ച് നിൽക്കാനാവില്ല. സമരകാലത്ത് സ്ത്രീകളെ അറസ്റ്റ് ചെയ്യുന്നത് കേരളത്തിൽ പുതിയ സംഭവമല്ല. കേരളത്തില്‍ നന്ദീഗ്രാം സൃഷ്ടിക്കാനാണ് പ്രതിപക്ഷശ്രമമെന്നും കോടിയേരി കുറ്റപ്പെടുത്തി.
കെ-റെയില്‍ വിരുദ്ധപ്രക്ഷോഭം ശക്തിപ്രാപിക്കുന്നതിനിടെയാണ് പദ്ധതിയില്‍ നിന്ന് ഒരടി പോലും പിന്നോട്ടില്ലെന്ന് സി.പി.എം ആവര്‍ത്തിക്കുന്നത്. പൊലീസ് നടപടികളെ കോടിയേരി ന്യായീകരിച്ചു. പൊലീസിന് തടസമുണ്ടാക്കിയാൽ അവരത് നീക്കും. കുറച്ചാളുകൾ ഒന്നും നടത്താൻ അനുവദിക്കില്ല എന്ന് പറഞ്ഞാൽ അതിന് കീഴടങ്ങാനാകില്ലെന്ന് കോടിയേരി പറഞ്ഞു.
നന്ദിഗ്രാം സൃഷ്ടിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. അതിന് വേണ്ടിയാണ് കുഞ്ഞുങ്ങളെ സമരത്തിന് കൊണ്ടുപോകുന്നത്. വെടിവെയ്പ്പ് ഉണ്ടാക്കുകയാണ് പ്രതിപക്ഷ ലക്ഷ്യമെന്നും കോടിയേരി പറഞ്ഞു. ഹൈസ്പീഡ് റെയില്‍ പദ്ധതി പ്രഖ്യാപിച്ച ഉമ്മന്‍ചാണ്ടിക്ക് കെ-റെയില്‍ വിഷയത്തില്‍ നിലപാട് എടുക്കാന്‍ കഴിയുന്നില്ല. ഇരകളുമായി ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ തയ്യാറാണ്. എന്നാല്‍ പദ്ധതിയില്‍ നിന്ന് പിന്നോട്ട് പോകില്ല. സ്ഥലം നഷ്ടപ്പെടാത്ത എം.എം ഹസനും കല്ലിളക്കാൻ പോയിട്ടുണ്ടെന്ന് കോടിയേരി പരിഹസിച്ചു.
അതേസമയം സംസ്ഥാനത്ത് കെ-റെയിൽ കല്ലിടലിനെതിരെ ശക്തമായ പ്രതിഷേധം തുടരുകയാണ്. മലപ്പുറം ജില്ലയിലെ തിരൂരില്‍ ജനവാസ മേഖലകളിൽ സ്ഥാപിച്ച സർവേകുറ്റികള്‍ നാട്ടുകാർ പിഴുതുമാറ്റി . പലസ്ഥലത്തും സർവേ താൽക്കാലികമായി നിർത്തിവെച്ചു. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. എറണാകുളത്ത് കെ- റെയിലിനായി സ്ഥാപിച്ച സർവേ കല്ലുകൾ യു.ഡി.എഫ് നേതാക്കള്‍ പിഴുതെറഞ്ഞു. ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെയും പിറവം എം.എൽ.എ അനൂപ് ജേക്കബിന്റെയും നേതൃത്വത്തിലായിരുന്നു പ്രതിഷേധം.