മതപരമായി ആളുകളെ സംഘടിപ്പിക്കരുതെന്ന് നിലപാടുണ്ടെങ്കിൽ ആദ്യം മുസ്‌ലിം ലീഗ് പിരിച്ചുവിടണം: കോടിയേരി
എയ്ഡഡ് സ്‌കൂൾ നിയമനങ്ങൾ പിഎസ്‌സിക്ക് വിടാൻ സർക്കാർ തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. എയ്ഡസ് നിയമനങ്ങൾ പിഎസ്‌സിക്ക് വിടണമെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗമായ എ.കെ ബാലൻ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.
കൊച്ചി: മതപരമായി ആളുകളെ സംഘടിപ്പിക്കരുതെന്ന് നിലപാടുണ്ടെങ്കിൽ ആദ്യം മുസ്‌ലിം ലീഗ് പിരിച്ചുവിടണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സിപിഎം എന്നും മതനിരപേക്ഷതക്ക് വേണ്ടി നിലകൊണ്ട പ്രസ്ഥാനമാണ്. ലീഗാണ് മതപരമായി ആളുകളെ സംഘടിപ്പിക്കുന്നത്. അത് പാടില്ലെന്ന നിലപാടുണ്ടെങ്കിൽ ആദ്യം ലീഗ് പിരിച്ചുവിടുകയാണ് വേണ്ടത്, അതിന് സിപിഎമ്മിന്റെ പേരിൽ ആക്ഷേപം ചൊരിഞ്ഞിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. സിപിഎം മതവിഭാഗങ്ങൾക്കിടയിൽ ചേരിതിരിവുണ്ടാക്കുന്നുവെന്ന ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാമിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
എയ്ഡഡ് സ്‌കൂൾ നിയമനങ്ങൾ പിഎസ്‌സിക്ക് വിടാൻ സർക്കാർ തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. എ.കെ ബാലൻ പറഞ്ഞത് അദ്ദേഹം പ്രതിനിധീകരിക്കുന്ന മറ്റൊരു സംഘടനയുടെ അഭിപ്രായമാണ്. വിവിധ സംഘടനകൾ പലപ്പോഴും ഈ അഭിപ്രായം മുന്നോട്ടുവെച്ചിട്ടുണ്ട്. പാർട്ടിയോ എൽഡിഎഫോ സർക്കാറോ ഈ വിഷയത്തിൽ യാതൊരു നിലപാടും സ്വീകരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
എയ്ഡസ് നിയമനങ്ങൾ പിഎസ്‌സിക്ക് വിടണമെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗമായ എ.കെ ബാലൻ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. പിന്നോക്ക വിഭാഗങ്ങൾക്ക് തൊഴിലവസരങ്ങൾ ലഭിക്കാൻ അത് സഹായിക്കും. നിലവിൽ ലക്ഷങ്ങൾ കോഴ കൊടുത്താൽ മാത്രമാണ് എയ്ഡഡ് സ്ഥാപനങ്ങളിൽ നിയമനം ലഭിക്കുന്നത്. ഈ കോടികൾ എങ്ങോട്ടാണ് പോകുന്നത് എന്ന് ആർക്കുമറിയില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.