കോടിയേരിക്ക് ജന്മനാടിന്റെ വിട; ഭൗതികശരീരം പയ്യാമ്പലത്തേക്ക്

സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, പി.ബി അംഗം പ്രകാശ് കാരാട്ട്, സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ തുടങ്ങിയവർ കോടിയേരിക്ക് അന്ത്യാഭിവാദ്യമർപ്പിച്ചു

Update: 2022-10-03 09:15 GMT
Editor : afsal137 | By : Web Desk
Advertising

കണ്ണൂർ: സിപിഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് വിട നൽകി ജന്മനാട്. സംസ്‌കാര ചടങ്ങുകൾക്കായി അദ്ദേഹത്തിന്റെ ഭൗതിക ശരീരം പയ്യാമ്പലം കടപ്പുറത്തേക്ക് കൊണ്ടുപോയി. പൂർണ ഔദ്യോഗിക ബഹുമതികളോടെ വൈകീട്ട് മൂന്നിനാണ് അദ്ദേഹത്തിന്റെ സംസ്‌കാരം. മുൻ മുഖ്യമന്ത്രി ഇ.കെ നായനാരുടെയും പാർട്ടി മുൻ സെക്രട്ടറി ചടയൻ ഗോവിന്ദന്റെയും കുടീരങ്ങൾക്ക് നടുവിലാണ് കോടിയേരിക്ക് അന്ത്യവിശ്രമം ഒരുക്കുന്നത്.

കണ്ണൂർ സി.പി.എം ജില്ല കമ്മിറ്റി ഓഫീസിൽ പൊതുദർശനത്തിനെത്തിച്ച പ്രിയ സഖാവിനെ ഒരു നോക്കു കാണാൻ ആയിരങ്ങളാണ് ഒഴുകിയെത്തിയത്. സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, പി.ബി അംഗം പ്രകാശ് കാരാട്ട്, സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ തുടങ്ങിയവർ കോടിയേരിക്ക് അന്ത്യാഭിവാദ്യമർപ്പിച്ചു. സംസ്‌കാര ചടങ്ങുകൾക്ക് വേണ്ട മുന്നൊരുക്കങ്ങൾ പാർട്ടി പ്രവർത്തകരുടെ നേതൃത്വത്തിൽ പൂർത്തിയായിട്ടുണ്ട്.

ഇന്നലെ രാത്രി 10 വരെ തലശ്ശേരി ടൗൺഹാളിൽ മൃതദേഹം പൊതുദർശനത്തിന് വെച്ചപ്പോൾ ആയിരങ്ങളാണ് സഖാവിന് അന്ത്യാഭിവാദ്യമർപ്പിക്കാനെത്തിയത്. വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളും പ്രമുഖ വ്യക്തികളും പാർട്ടി പ്രവർത്തകരും സാധാരണക്കാരുമെല്ലാം കേരള രാഷ്ട്രീയത്തിലെ അതികായനായിരുന്ന നേതാവിന് ആദരാഞ്ജലികളർപ്പിക്കാനെത്തി. രാത്രി 11ഓടെ തലശ്ശേരി മാടപ്പീടികയിലെ വീട്ടിലേക്ക് മൃതദേഹം എത്തിക്കുമ്പോഴേക്കും മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള സി.പി.എം നേതാക്കളും വീട്ടിലെത്തിയിരുന്നു. അർധരാത്രി കഴിഞ്ഞും ആളുകൾ കോടിയേരിയുടെ ഭൗതികദേഹത്തിൽ അന്ത്യാഭിവാദ്യമർപ്പിക്കാനായി വീട്ടിലേക്കെത്തി. പാർട്ടി നേതാക്കൾക്കും അടുത്ത ബന്ധുക്കൾക്കും മാത്രമാണ് സംസ്‌കാര ചടങ്ങുകൾ നടക്കുന്ന ഭാഗത്തേക്ക് പ്രവേശനമുള്ളൂ. ബാക്കിയുള്ളവർക്ക് ദൂരെ നിന്ന് ചടങ്ങുകൾ കാണാനുള്ള സൗകര്യമൊരുക്കും.

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News