തിരിച്ചറിയൽരേഖ ആവശ്യപ്പെട്ട് മാധ്യമപ്രവർത്തകനെ റെയിൽവേ പൊലീസ് കയ്യേറ്റം ചെയ്തു
ലഗേജുകളുമായി പോകവെ, വൈശാഖ് വി.ജി എന്ന സിവിൽ പൊലീസ് ഉദ്യോഗസ്ഥൻ തടഞ്ഞുനിർത്തി ഐ.ഡി കാർഡ് ആവശ്യപ്പെടുകയും മറ്റു യാത്രക്കാരുടെ മുന്നിൽവെച്ച് അപമാനിച്ച ശേഷം റെയിൽവേ പൊലീസ് സ്റ്റേഷനിലേക്ക് പിടിച്ചുകൊണ്ടുപോവുകയുമായിരുന്നു എന്ന് പരാതിയിൽ പറയുന്നു.
കൊല്ലം: 'വർത്തമാനം' ദിനപത്രത്തിന്റെ എഡിറ്റർ ആസിഫലി വി.കെയെ കൊല്ലം റെയിൽവേ സ്റ്റേഷനിൽ റെയിൽവേ പൊലീസ് കയ്യേറ്റം ചെയ്തതായി പരാതി. കഴിഞ്ഞ ദിവസം കൊല്ലത്തുനിന്ന് കോഴിക്കോട്ടേക്ക് പോകാനെത്തിയ ഇദ്ദേഹത്തെ ഐ.ഡി കാർഡ് ആവശ്യപ്പെട്ട് പൊലീസ് സ്റ്റേഷനിൽ കൊണ്ടുപോയി കയ്യേറ്റം ചെയ്യുകയായിരുന്നു. ബോംബ് വെക്കാൻ പോകുകയാണോ എന്ന് ചോദിച്ച് പൊലീസ് അപമാനിച്ചെന്നും ആസിഫ് പറഞ്ഞു.
സിവിൽ പൊലീസ് ഉദ്യോഗസ്ഥരുടെയും ഇൻസ്‌പെക്ടറുടെയും നേതൃത്വത്തിലാണ് അസഭ്യവർഷവും തടഞ്ഞുവെച്ച് കയ്യേറ്റവും നടന്നതെന്ന് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും നൽകിയ പരാതിയിൽ പറയുന്നു. ശ്വാസതടസ്സവും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടതിനെ തുടർന്ന് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തു.
ലഗേജുകളുമായി പോകവെ, വൈശാഖ് വി.ജി എന്ന സിവിൽ പൊലീസ് ഉദ്യോഗസ്ഥൻ തടഞ്ഞുനിർത്തി ഐ.ഡി കാർഡ് ആവശ്യപ്പെടുകയും മറ്റു യാത്രക്കാരുടെ മുന്നിൽവെച്ച് അപമാനിച്ച ശേഷം റെയിൽവേ പൊലീസ് സ്റ്റേഷനിലേക്ക് പിടിച്ചുകൊണ്ടുപോവുകയുമായിരുന്നു എന്ന് പരാതിയിൽ പറയുന്നു. അവിടെ രഞ്ജു ആർ.എസ് എന്ന സബ് ഇൻസ്‌പെക്ടർ കോളറിൽ കയറിപ്പിടിച്ച് വലിച്ചിഴച്ച് കൊണ്ടുപോയി കഴുത്തിൽ ബലമായി പിടിച്ചു ചുവരിലേക്ക് തള്ളുകയും വാരിയെല്ലിൽ പിടിച്ചമർത്തി ശ്വാസം മുട്ടിക്കുകയും ചെയ്തു. എസ്.ഐയും പൊലീസുകാരും അസഭ്യവർഷം നടത്തിയെന്നും പരാതിയിൽ പറയുന്നു.
മൊബൈലിൽ റെക്കോഡ് ചെയ്യാൻ ശ്രമിച്ചപ്പോൾ ഫോൺ നിലത്തെറിഞ്ഞു പൊട്ടിച്ചു. പരാതി കൊടുത്താൽ നിന്നെ തീർക്കാൻ ഞങ്ങൾക്കറിയാം എന്ന് ഭീഷണിമുഴക്കുകയും ബോംബ് വെക്കാൻ പോകുന്നയാളാണോ എന്ന് ചോദിച്ച് ബാഗ് പരിശോധിക്കുകയും ചെയ്തു. ഇതിനിടെ ട്രെയിൻ പോയി. തുടർന്നാണ് ആശുപത്രിയിൽ ചികിത്സ തേടിയത്. തന്നെ ഉപദ്രവിക്കുകയും അസഭ്യവർഷം നടത്തുകയും തൊഴിലിനെ നിന്ദ്യമായി പരിഹസിക്കുകയും തടഞ്ഞുവെക്കുകയും ചെയ്തവർക്കെതിരെ നടപടിയെടുക്കണമെന്ന് അദ്ദേഹം പരാതിയിൽ ആവശ്യപ്പെട്ടു.