കൊല്ലത്ത് വീടിന്‍റെ കതക് കുത്തിപ്പൊളിച്ച് പതിമൂന്നര പവനും പണവും മോഷ്ടിച്ചു
പ്രതിയെ കണ്ടെത്താൻ സിസി ടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു
കൊല്ലം: കൊല്ലം ഏരൂർ പത്തടിയിൽ വീടിന്‍റെ കതക് കുത്തിപ്പൊളിച്ച് സ്വർണവും പണവും മോഷ്ടിച്ചു. അലമാരയിൽ സൂക്ഷിച്ചിരുന്ന പതിമൂന്നര പവൻ സ്വർണവും പണവുമാണ് മോഷ്ടാവ് അപഹരിച്ചത്. പ്രതിയെ കണ്ടെത്താൻ സിസി ടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.
പത്തടി വലിയവിള വീട്ടിൽ ഷംസുദ്ദീന്‍റെ വീട്ടിലാണ് മോഷണം നടന്നത്. വീടിന്‍റെ ഉടമസ്ഥനും കുടുംബവും മൂന്നുമാസമായി ആസ്ട്രേലിയയിൽ ഉള്ള ബന്ധുവിന്‍റെ അടുത്താണ്. വീട്ടിൽ ജോലിക്കു നിന്നിരുന്ന ആളായിരുന്നു വീടും പരിസരവും നോക്കി വന്നത്. ഇന്നലെ വീട് വൃത്തിയാക്കാൻ എത്തിയപ്പോൾ ആണ് വീടിന്‍റെ കതക് പൊളിച്ചനിലയിൽ കണ്ടെത്തിയത്.
ജോലിക്കാരൻ ഷംസുദ്ദീന്‍റെ ബന്ധുക്കളെയും പൊലീസിനെയും വിവരമറിയിച്ചു. ഏരൂർ പൊലീസ് സിസി ടിവി ദൃശ്യങൾ ശേഖരിച്ചുള്ള പരിശോധനയിൽ മഴക്കൊട്ടും ഹെൽമെറ്റ് ധരിച്ച ഒരാളാണ് മോഷണം നടത്തുന്നതെന്നു കണ്ടെത്തി. ഫോറൻസിക് ഉദ്യോഗസ്ഥരും വിരലടയാള വിദഗ്ധരും എത്തി തെളിവുകൾ ശേഖരിച്ചു. സമീപപ്രദേശങ്ങളിലെ സിസി ടിവി ദൃശ്യങ്ങളൾ ഉൾപ്പടെ ശേഖരിച്ചു മോഷ്ടാവിനെ പിടികൂടാനുള്ള തീവ്രശ്രമത്തിലാണ് ഏരൂർ പൊലീസ്.