ആശമാർക്ക് ആശ്വാസം; 1000 രൂപ അധിക ഇൻസെന്റീവ് പ്രഖ്യാപിച്ച് കൊല്ലം തൊടിയൂർ ഗ്രാമപഞ്ചായത്ത്
46 ആശാ വർക്കർമാരാണ് യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തിന് കീഴിൽ പ്രവർത്തിക്കുന്നത്.


കൊല്ലം: വേതനവർധനയുൾപ്പെടെ ആവശ്യപ്പെട്ട് സമരം ചെയ്യുന്ന ആശമാർക്ക് ആശ്വാസ തീരുമാനവുമായി കൊല്ലം തൊടിയൂർ പഞ്ചായത്ത്. 1000 രൂപ അധിക ഇൻസെന്റീവ് പ്രഖ്യാപിച്ചു. ബജറ്റ് അവതരണത്തിലാണ് ഇൻസെന്റീവ് പ്രഖ്യാപനം. ഇതിനായി 5,52,000 രൂപ ബജറ്റിൽ വകയിരുത്തി. 46 ആശാ വർക്കർമാരാണ് യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തിന് കീഴിൽ പ്രവർത്തിക്കുന്നത്.
സെക്രട്ടറിയേറ്റ് പടിക്കൽ ആശമാരുടെ നിരാഹാര സമരം ആറാം ദിവസത്തിലേക്ക് കടന്നിരിക്കവെയാണ് യുഡിഎഫ് ഭരണസമിതിയുടെ തീരുമാനം. പഞ്ചായത്ത് ഭരണസമിതിയിലെ 12 പേരാണ് യുഡിഎഫ് അംഗങ്ങളെങ്കിലും പ്രഖ്യാപനം എല്ലാവരും ഒറ്റക്കെട്ടായി അംഗീകരിക്കുകയായിരുന്നു.
ആശമാരുടെ സമരം 44 ദിവസം പിന്നിടുമ്പോൾ യുഡിഎഫ് ഭരിക്കുന്ന തദ്ദേശസ്ഥാപനങ്ങളിൽ ആശമാർക്ക് പ്രത്യേക ഇൻസെന്റീവ് ഏർപ്പെടുത്താൻ കോൺഗ്രസ് തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് തൊടിയൂരിലെയും വർധന. തൃശൂർ ജില്ലയിലെ ഒരു പഞ്ചായത്തിലും ആശമാർക്ക് പ്രത്യേകേ ഇൻസെന്റീവ് ഏർപ്പെടുത്തിയിരുന്നു. ഇത് മാതൃകയാക്കിയാണ് പുതിയ നീക്കം.
സംസ്ഥാനത്തുടനീളമുള്ള കോൺഗ്രസ് ഭരിക്കുന്ന പഞ്ചായത്തുകളിൽ ഇതുമായി ബന്ധപ്പെട്ട സർക്കുലർ പഞ്ചായത്ത് പ്രസിഡൻ്റുമാർക്ക് കെപിസിസി ഉടൻ നൽകും.