കോട്ടയം മെഡിക്കൽ കോളജിൽ വിദ്യാർഥികളെ കടിച്ച തെരുവുനായക്ക് പേവിഷബാധ
മെൻസ് ഹോസ്റ്റലിൽ താമസിക്കുന്ന ആറ് വിദ്യാർഥികൾക്ക് കഴിഞ്ഞ ദിവസമാണ് കടിയേറ്റത്
കോട്ടയം: കോട്ടയം മെഡിക്കൽ കോളജ് ക്യാമ്പസിൽ വിദ്യാർഥികളെ കടിച്ച തെരുവുനായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. തിരുവല്ലയിലെ വൈറോളജി ലാബിൽ നടത്തിയ പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്. ആർപ്പുക്കര പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ നായ്ക്കളെ പിടികൂടാൻ നടപടി തുടങ്ങി.
മെഡിക്കൽ കോളജ് ക്യാമ്പസിൽ മെൻസ് ഹോസ്റ്റലിൽ താമസിക്കുന്ന ആറ് വിദ്യാർഥികൾക്ക് കഴിഞ്ഞ ദിവസമാണ് കടിയേറ്റത്. കടിയേറ്റവർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. ഇതിനിടെയാണ് കടിച്ച നായുടെ പേവിഷ നിർണയ പരിശോധന ഫലം പോസറ്റീവായത്. മെഡിക്കൽ കോളജിൽ എത്തുന്ന ആയിരക്കണക്കിന് രോഗികൾക്കും കൂട്ടിരിപ്പുകാർക്കും തെരുവ് നായ്ക്കള്‍ ഭീഷണിയാണ്.
സംഭവത്തില്‍ കർശന നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് ഭരണ സമിതി വ്യക്തമാക്കി. അതേസമയം, മുമ്പ് പല തവണ പഞ്ചായത്തിൽ പരാതി നൽകിയിട്ടും നടപടിയെടുക്കത്താണ് തെരുവ് നായ പ്രശ്നം രൂക്ഷമാകാൻ കാരണമെന്ന് കോളജ് യൂണിയൻ ആരോപിച്ചു.