പോലീസ് സ്റ്റേഷൻ മുറ്റത്ത് യുവാവിനെ കൊന്നിട്ട സംഭവം; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
കോട്ടയം ജില്ലാ പോലീസ് മേധാവി അന്വേഷണം നടത്തി രണ്ടാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻറണി ഡൊമിനിക് ആവശ്യപ്പെട്ടു.
യുവാവിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തി തോളിൽ ചുമന്ന് പോലീസ് സ്റ്റേഷന്റെ മുറ്റത്തു കൊണ്ടിട്ട സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. കോട്ടയം ജില്ലാ പോലീസ് മേധാവി അന്വേഷണം നടത്തി രണ്ടാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻറണി ഡൊമിനിക് ആവശ്യപ്പെട്ടു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
പ്രതി ജോമോനുമായി പൊലീസ് നടത്തിയ തെളിവെടുപ്പിൽ ഷാനിൻറെ അടിവസ്ത്രവും ബെൽറ്റും ഷൂസും കണ്ടെത്തി. മർദ്ദിക്കാൻ ഉപയോഗിച്ച മരക്കമ്പുകളും കണ്ടെത്തിയിട്ടുണ്ട്. ഷാൻ ബാബുവിന് ക്രൂര മർദ്ദനം നേരിടേണ്ടി വന്നുവെന്നാണ് ഇൻക്വസ്റ്റ് റിപ്പോർട്ട്.
ഇന്നലെ പുലർച്ചെയാണ് കോട്ടയത്തെ ഞെട്ടിച്ച അരുംകൊലയുണ്ടായത്. കുപ്രസിദ്ധ ഗുണ്ട ജോമോൻ ജോസാണ് ഷാൻ എന്ന പത്തൊമ്പത് വയസുകാരനെ തട്ടിക്കൊണ്ടുപോയി തല്ലിക്കൊന്ന ശേഷം മൃതദേഹം തലച്ചുമടായി പൊലീസ് സ്റ്റേഷന് മുന്നിൽ കൊണ്ടുപോയിട്ടത്. ജില്ലയിലെ തൻറെ തകർന്നുപോയ ഗുണ്ടാ സാമ്രാജ്യം വീണ്ടും സ്ഥാപിക്കാനായിരുന്നു ജോമോൻറെ ക്രൂരകൃത്യം. സൂര്യൻ എന്ന ശരത് രാജിൻറെ ഗുണ്ടാസംഘവുമായി ഷാൻ സൂക്ഷിച്ച സൗഹൃദമാണ് ജോമോൻറെ പകയ്ക്ക് കാരണം.