കോഴിക്കോട്ട് പെട്രോൾപമ്പ് തുറന്നുപ്രവർത്തിക്കാൻ കലക്ടറുടെ നിർദേശം
പമ്പുകൾക്ക് ആവശ്യമായ സുരക്ഷയൊരുക്കാൻ പൊലീസിന് നിർദേശവും നൽകിയിട്ടുണ്ട്
കോഴിക്കോട്ട് പെട്രോൾ പമ്പുകൾ തുറന്നുപ്രവർത്തിക്കാൻ ജില്ലാ കലക്ടറുടെ നിർദേശം. ആംബുലൻസുകൾക്കും അവശ്യ സർവീസ് നടത്തുന്ന വാഹനങ്ങൾക്കും ഇന്ധനം നൽകാൻ പമ്പുടമകൾ സഹകരിക്കണമെന്നും കലക്ടർ ഡോ. എൻ. തേജ് ലോഹിത് റെഡ്ഡി ആവശ്യപ്പെട്ടു. പമ്പുകൾക്ക് ആവശ്യമായ സുരക്ഷയൊരുക്കാൻ പൊലീസിന് നിർദേശവും നൽകിയിട്ടുണ്ട്.
ദേശീയ പണിമുടക്കിനെ തുടർന്ന് രോഗികളുമായി ആശുപത്രികളിൽ പോകുന്ന വാഹനങ്ങൾക്കും ആംബുലൻസുകൾക്കും ഇന്ധനമില്ലാത്ത സ്ഥിതിയുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ആംബുലൻസിനെയും മറ്റ് അവശ്യ സർവീസ് നടത്തുന്ന വാഹനങ്ങളെയും ബാധിക്കാതിരിക്കാനുള്ള മുൻകരുതലെന്ന നിലയ്ക്ക് കലക്ടറുടെ ഇടപെടൽ. മനുഷ്യത്വപരമായ സമീപനത്തോടുകൂടി ആംബുലൻസുകൾക്കും ഇതര അവശ്യ വാഹനങ്ങൾക്കും ഇന്ധനം നൽകാൻ പമ്പുടമകൾ തയാറാകണമെന്നും കലക്ടർ ആവശ്യപ്പെട്ടിട്ടുണ്ട്.
പെട്രോൾ പമ്പുകൾക്ക് ആവശ്യമായ സുരക്ഷയൊരുക്കാൻ ജില്ലാ പൊലീസിന് നിർദേശം നൽകുകയും ചെയ്തിട്ടുണ്ട്. പൊലീസ് സുരക്ഷയോടുകൂടി പമ്പുകൾ തുറന്നുപ്രവർത്തിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. നാളെയും പണിമുടക്ക് തുടരുന്നതിനാൽ ഇന്നുരാത്രി മുതൽ തന്നെ പമ്പുകൾ തുറന്നുപ്രവർത്തിക്കാനിടയുണ്ട്.
Summary: Kozhikode Collector orders to open petrol pumps in the district