കോഴിക്കോട് കെ.എസ്.ആർ.ടി.സി; കിയോസ്‌ക് ഒഴിപ്പിക്കാനുള്ള നോട്ടീസിന് സ്റ്റേ
മതിയായ സമയം നൽകാതെയും പുനഃപ്രവേശനം ഉറപ്പുവരുത്താതെയും ഒഴിപ്പിക്കുന്നുവെന്നായിരുന്നു കിയോസ്‌ക് കരാറുകാരുടെ പരാതി
കോഴിക്കോട് കെ.എസ്.ആർ.ടി.സി സമുച്ചയത്തിലെ കിയോസ്‌കുകളെ ഒഴിപ്പിക്കാനുള്ള നോട്ടീസിന് സ്റ്റേ. കെ.ടി.ഡി.എഫ.സി നല്കി നോട്ടീസ് കോഴിക്കോട് മുൻസിഫ് കോടതിയാണ് സ്റ്റേ ചെയ്തത്. മതിയായ സമയം നൽകാതെയും പുനഃപ്രവേശനം ഉറപ്പുവരുത്താതെയും ഒഴിപ്പിക്കുന്നുവെന്നായിരുന്നു കിയോസ്‌ക് കരാറുകാരുടെ പരാതി. ചെന്നൈ ഐഐടി നിർദേശിച്ച ബലപ്പെടുത്തൽ നടപടിക്ക് മുന്നോടിയായാണ് കോഴിക്കോട് കെ.എസ്.ആർ.ടി.സി കെട്ടിട സമുച്ചയത്തിൽ പ്രവർത്തിക്കുന്ന ഭക്ഷണ സാധനങ്ങൾ വിൽക്കുന്ന കിയോസ്‌ക് നടത്തിപ്പുകാരോട് ഒഴിയാൻ കെടിഡിഎഫ്‌സി ആവശ്യപ്പെട്ടത്. ഇന്ന് ഒഴിയണമെന്നാണ് ഈ മാസം 26ന് കിയോസ്‌കുകാർക്ക് ലഭിച്ച നോട്ടീസിൽ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ കരാർ പ്രകാരമുള്ള സമയം നൽകാതെയാണ് നോട്ടീസെന്നും ബലപ്പെടുത്തലിന് ശേഷമുള്ള പുനഃപ്രവേശനം നോട്ടീസ് ഉറപ്പു നൽകുന്നില്ലെന്നും കരാറുകാർ മനസിലാക്കി. ഇതിനെ തുടർന്നാണ് ഇവർ കോഴിക്കോട് മുൻസിഫ് കോടതിയെ സമീപിച്ചത്.
ഹരജി പരിഗണിച്ച കോടതി മറ്റൊരു ഉത്തരവ് ഉണ്ടാകുന്നതുവെര നോട്ടീസ് സ്റ്റേ ചെയ്തു. കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് മാറ്റാത്തതും പ്രധാന കരാറുകാരായ അലിഫ് ബിൽഡേഴ്‌സിന് നോട്ടീസ് നൽകാത്തതും കിയോസ്‌കുകാർ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. അതേസമയം ബലപ്പെടുത്തലിനായി കെട്ടിടം ഒഴിപ്പിക്കുന്നതിന്റെ ഭാഗമാണ് നടപടിയെന്നും സ്റ്റേ ഒഴിവാക്കാൻ കോടതിയെ സമീപിപ്പിക്കുമെന്നും കെടിഡിഎഫ്‌സി അറിയിച്ചു.