കോഴിക്കോട് മെഡിക്കൽ കോളേജ് ഐ.സി.യു പീഡനക്കേസിൽ നീതി നിഷേധം തുടരുകയാണെന്ന് അതിജീവിത
പ്രതിയായ ആശുപത്രി അറ്റൻഡർ ശശീന്ദ്രനെ സംരക്ഷിക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നതെന്ന് അതിജീവിത ആരോപിച്ചു
തിരുവനന്തപുരം: കോഴിക്കോട് മെഡിക്കൽ കോളേജ് ഐ.സി.യു പീഡനക്കേസിൽ നീതി നിഷേധം തുടരുകയാണെന്നും പ്രതിയെ സംരക്ഷിക്കാൻ ശ്രമം നടക്കുന്നുവെന്നും അതിജീവിത. നടപടി ആവശ്യപെട്ട് അതിജീവിത ആരോഗ്യ മന്ത്രിയെ കണ്ട് പരാതി നൽകി.
പ്രതിയായ ആശുപത്രി അറ്റൻഡർ ശശീന്ദ്രനെ സംരക്ഷിക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നത്. സാക്ഷികളെ സ്വാധീനിക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്നും ആശുപത്രി അധികൃതരും പ്രതികൾക്കൊപ്പമാണെന്നുമാണ് അതിജീവിതയുടെ ആരോപണം. നീതി ഉറപ്പാക്കാമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് ഉറപ്പ് നൽകിയെന്നും തത്കാലം സമരത്തിനില്ലെന്നും അതിജീവിത അതിജീവിത പറഞ്ഞു.
മാർച്ച് 18നാണ് കോഴിക്കോട് മെഡിക്കൽ കോളേജ് ഐ.സി.യുവിൽ ചികിത്സയിൽ കഴിയുമ്പോൾ യുവതി പീഡിപ്പിക്കപ്പെട്ടത്. പിന്നാലെ പ്രതിയും അറ്റൻഡറുമായ ശശീന്ദ്രനെ പോലീസ് അറസ്റ്റ് ചെയ്തു. എന്നാൽ പ്രതിക്ക് ഒത്താശ ചെയ്ത അഞ്ച് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്‌തെങ്കിലും മറ്റ് നടപടികളിലേക്ക് കടന്നിട്ടില്ല. സംഭവത്തിൽ വകുപ്പ്തല അന്വേഷണത്തിനായി മൂന്നംഗ സമിതിയെ നിയോഗിച്ചിരുന്നു.