നിപയെന്ന് സംശയം; ഒൻപത് വയസുകാരന്‍ വെന്‍റിലേറ്ററില്‍,പരിശോധനാഫലം വൈകിട്ട്
ലക്ഷണം കണ്ടെത്തിയ നാലു പേരും സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ പനി ബാധിച്ച് രണ്ടു പേർ മരിച്ചതിനെ തുടർന്ന് ജില്ലയിൽ ജാഗ്രത നിർദേശം.ലക്ഷണം കണ്ടെത്തിയ നാലു പേരും സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇതിൽ ഒൻപത് വയസുള്ള കുട്ടി വെന്റിലേറ്ററിലാണ്. മരിച്ച ആദ്യത്തെയാളുടെ മകനാണ് ഒൻപത് വയസുകാരൻ. ബാക്കി ഉള്ളവരുടെ നില ഗുരുതരമല്ല. ഇന്നലെ മരിച്ച ആളുടെ മൃതദേഹം സംസ്കരിക്കുന്നത് പരിശോധന ഫലം വന്നതിനു ശേഷം. ആരോഗ്യമന്ത്രി വീണാ ജോര്‍ജ് കോഴിക്കോടെത്തി സ്ഥിതിഗതികൾ വിലയിരുത്തി. ജില്ലയിലെ ആരോഗ്യ സംവിധാനങ്ങൾ സജ്ജമാക്കാൻ നിർദേശം നൽകിയതായി ആരോഗ്യമന്ത്രി പറഞ്ഞു.
ആഗസ്ത് 30ന് പനിയെ തുടർന്ന് മരുതോങ്കര സ്വദേശി മരിച്ചു. 10 ദിവസത്തിനു ശേഷം ബന്ധുക്കളായ നാലു പേർക്ക് രോഗലക്ഷണമുണ്ടായി. മരിച്ച ആളുടെ രണ്ട് മക്കൾ, ഇയാളുടെ ബന്ധു, ബന്ധുവിന്റെ കുഞ്ഞ് എന്നിവരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. ഇവരുടെ രക്തവും സ്രവവും പൂനെ വൈറോളജി ലാബിലേക്ക് പരിശോധനക്ക് അയച്ചു. പനിയെ തുടർന്ന് ഇന്നലെ മരിച്ചത് ആയഞ്ചേരി മംഗലാട് സ്വദേശിയാണ്. ഇയാൾക്ക് മരുതോങ്കര സ്വദേശിയുമായി സമ്പർക്കമുണ്ടന്ന് കണ്ടെത്തി ഇയാളുടെ സാമ്പിളുകളും പരിശോധനക്ക് അയച്ചിട്ടുണ്ട്. ഈ ഫലം വന്നാൽ മാത്രമേ നിപ തന്നെയാണോയെന്ന് ഉറപ്പിക്കാനാവൂ. മരിച്ച രണ്ടാമത്തെയാളുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകിയിട്ടില്ല.