കെ.പി കമാലിന്റെ അറസ്റ്റ് യു.പി പൊലീസിന്റെ മുസ്‌ലിം വേട്ടയാടലിന്റെ തുടർച്ച: എസ്.ഐ.ഒ
ഇത് രാജ്യത്ത് നിലനിൽക്കുന്ന നിയമനീതി സംവിധാനങ്ങളിലെ ജാതീയതയും മുസ്‌ലിം വിരുദ്ധതയുമാണ് തുറന്നുകാണിക്കുന്നതെന്ന് മുഹമ്മദ് സഈദ് അഭിപ്രായപ്പെട്ടു.
കോഴിക്കോട്: ഹാഥ്റസ് ഗൂഡാലോചന കേസിൽ മലയാളി മാധ്യമ പ്രവർത്തകൻ കമാൽ കെ.പിയെ അറസ്റ്റ് ചെയ്ത ഉത്തർപ്രദേശ് പൊലീസ് നടപടി മുസ്‌ലിം വേട്ടയാടലിന്റെ തുടർച്ചയാണെന്ന് എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് മുഹമ്മദ് സഈദ് ടി.കെ. എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
2020 സെപ്തംബറിൽ ഹാഥ്റസിൽ 19കാരിയായ ദലിത് പെൺകുട്ടി താക്കൂർ യുവാക്കളാൽ കൂട്ട ബലാത്സംഘത്തിന് ഇരയായി കൊല്ലപ്പെട്ടതിനെ തുടർന്ന് ഉണ്ടായ പ്രതിഷേധത്തിന്റെ മറവിൽ കലാപഗൂഢാലോചന നടത്തി എന്ന് ആരോപിച്ച് യു.പി പോലീസ് രജിസ്റ്റർ ചെയ്ത യുഎപിഎ കേസിലാണ് മലപ്പുറം സ്വദേശി കമാൽ അറസ്റ്റ് ചെയ്യപ്പെടുന്നത്.
യുപിയിൽ സംഭവം റിപ്പോർട്ട് ചെയ്യാൻ പോയ മാധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പൻ അടക്കമുള്ള അഞ്ചു മലയാളി മുസ്‌ലിംകൾ ഈ കേസിൽ ജയിലിലടക്കപെട്ടിട്ടുണ്ട്. ദലിത് പെൺകുട്ടിയെ ബലാത്സംഘം ചെയ്ത് കൊലപ്പെടുത്തിയ പ്രതികളെ കോടതി വെറുതെ വിട്ടതിന്റെ തൊട്ടടുത്ത ദിവസം ആണ് കമാൽ കെ.പിയെ യു.പി പൊലീസ് കേരളത്തിലെത്തി അറസ്റ്റ് ചെയ്ത് യു.പിയിലേക്ക് കൊണ്ടുപോയിരിക്കുന്നതെന്നത് രാജ്യത്ത് നിലനിൽക്കുന്ന നിയമനീതി സംവിധാനങ്ങളിലെ ജാതീയതയും മുസ്‌ലിം വിരുദ്ധതയുമാണ് തുറന്നുകാണിക്കുന്നതെന്ന് മുഹമ്മദ് സഈദ് അഭിപ്രായപ്പെട്ടു.
കെട്ടിച്ചമച്ച കേസിന്റെ പേരിൽ തുടർന്ന് കൊണ്ടിരിക്കുന്ന മുസ്‌ലിം വേട്ടക്കെതിരെ ശക്തമായ പ്രതിരോധം ഉണ്ടാകണമെന്നും ഇപ്പോൾ ലഖ്നൗ ജയിലിൽ കഴിയുന്ന കമാൽ കെ.പിയുടെ മോചനത്തിനായി കുടുംബം നടത്തുന്ന നിയമ പോരാട്ടങ്ങൾക്ക് എസ്.ഐ.ഒവിന്റെ എല്ലാ പിന്തുണയും ഉണ്ടാകമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യോഗത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. റഹ്‌മാൻ ഇരിക്കൂർ, സെക്രട്ടറിമാരായ അസ്‌ലഹ് കെ.പി, സഹൽ ബാസ്, അമീൻ മമ്പാട്, നിയാസ് വേളം, വാഹിദ് ചുള്ളിപ്പാറ സംസാരിച്ചു.