കളമശ്ശേരി സ്‌ഫോടനം: രാജീവ് ചന്ദ്രശേഖറിനും അനിൽ ആന്റണിക്കുമെതിരെ ഡി.ജി.പിക്ക് പരാതി നൽകി കെ.പി.സി.സി ഡിജിറ്റൽ മീഡിയ സെൽ

ഹമാസിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും ബന്ധപ്പെടുത്തി രാജീവ് ചന്ദ്രശേഖർ ട്വിറ്ററിൽ വർഗീയ പ്രസ്താവന ഇറക്കിയിരുന്നു

Update: 2023-10-30 17:39 GMT
Advertising

കളമശ്ശേരി സ്‌ഫോടനവുമായി ബന്ധപ്പെട്ട പ്രസ്താവനകളുടെ പേരിൽ രാജീവ് ചന്ദ്രശേഖറിനും അനിൽ ആന്റണിക്കുമെതിരെ കെ.പി.സി.സി ഡി.ജി.പിക്ക് പരാതി. കെ.പി.സി.സി ഡിജിറ്റൽ മീഡിയ സെൽ കൺവീനർ സരിൻ പി ആണ് പരാതി നൽകിയത്. പ്രസ്താവനകൾ അപകീർത്തികരവും അക്രമത്തിന് ആഹ്വാനം ചെയ്യുന്നതുമാണെന്നും പരാതിയിൽ ചൂണ്ടിക്കാട്ടി.


ഹമാസിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും ബന്ധപ്പെടുത്തി രാജീവ് ചന്ദ്രശേഖർ ട്വിറ്ററിൽ വർഗീയ പ്രസ്താവന ഇറക്കിയിരുന്നു. ആഭ്യന്തര വകുപ്പിന്റെ ചുമതല കൂടി വഹിക്കുമ്പോഴും അഴിമതിയാരോപണങ്ങളാൽ ഉപരോധിക്കപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയന്റെ ലജ്ജാവഹമായ പ്രീണന രാഷ്ട്രീയത്തിന് ഒരുദാഹരണം കൂടിയാണ് കളമശ്ശേരിയിൽ കണ്ടതെന്നും കേരളത്തിൽ തീവ്രവാദികളായ ഹമാസിന്റെ ജിഹാദിന് വേണ്ടിയുള്ള തുറന്ന ആഹ്വാനങ്ങൾ നിരപരാധികളായ ക്രിസ്ത്യാനികൾക്ക് നേരെ ആക്രമണങ്ങളും ബോംബ് സ്ഫോടനങ്ങളും നടത്തുമ്പോൾ മുഖ്യമന്ത്രി ഡൽഹിയിൽ ഇസ്രയേലിനെതിരേ പ്രതിഷേധിക്കുകയാണെന്നുമായിരുന്നു ട്വീറ്റ്.

എന്നാൽ വർഗീയ വീക്ഷണത്തോടെ ഒരു കേന്ദ്രമന്ത്രി പ്രസ്താവന നടത്തിയെന്നും വിഷാംശമുള്ളവർ വിഷം ചീറ്റിക്കൊണ്ടിരിക്കുമെന്നും മുഖ്യമന്ത്രി തിരിച്ചടിച്ചു. ആക്രമണത്തിന് പ്രത്യേക മാനം നൽകാനുള്ള ശ്രമമാണ് കേന്ദ്രമന്ത്രിയെ പോലെ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്നവർ നടത്തിയതെന്നും ഇത് എന്ത് വിവരത്തിന്റെ അടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കണമെന്നും മുഖ്യമന്ത്രി തുറന്നടിച്ചു. കളമശ്ശേരി സ്ഫോടനം ദൗർഭാഗ്യകരമെന്ന് ചൂണ്ടിക്കാട്ടിയ മുഖ്യമന്ത്രി എൻഐഎ അന്വേഷണത്തിന്റെ ആവശ്യം നിലവിലില്ലെന്നും പൊലീസ് അന്വേഷണം ഫലപ്രദമായി മുന്നോട്ട് കൊണ്ടു പോകുന്നുണ്ടെന്നും ചൂണ്ടിക്കാട്ടിയിരുന്നു.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News