കെ.പി.സി.സി 'സമരാഗ്നി' പ്രക്ഷോഭയാത്രയ്ക്ക് ഫെബ്രുവരി ഒൻപതിന് തുടക്കം
പ്രതിപക്ഷ നേതാവ് വി.ഡി സതീശനും കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരനുമാണു യാത്ര നയിക്കുന്നത്
തിരുവനന്തപുരം: കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ നടക്കുന്ന കെ.പി.സി.സിയുടെ ജനകീയ പ്രക്ഷോഭയാത്ര 'സമരാഗ്നി'ക്ക് ഫെബ്രുവരി ഒൻപതിനു തുടക്കം. കാസർകോട്ടുനിന്നാണു യാത്ര ആരംഭിക്കുന്നത്. കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനുമാണു യാത്രാനായകർ.
കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നടപടികൾ തുറന്നുകാട്ടിയായിരിക്കും 14 ജില്ലകളിലൂടെയും യാത്ര കടന്നുപോകുക. ഒൻപതിന് വൈകീട്ട് നാലിന് കാസർകോട് മുനിസിപ്പൽ മൈതാനത്ത് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എം.പി ഉദ്ഘാടനം നിർവഹിക്കും. കേരളത്തിന്റെ ചുമതല വഹിക്കുന്ന ദീപാദാസ് മുൻഷി, കോൺഗ്രസ് പ്രവർത്തക സമിതി അംഗങ്ങളായ രമേശ് ചെന്നിത്തല, ശശി തരൂർ എം.പി, കൊടിക്കുന്നിൽ സുരേഷ് എം.പി, യു.ഡി.എഫ് കൺവീനർ എം.എം ഹസൻ, കെ.പി.സി.സി പ്രചാരണ സമിതി ചെയർമാൻ കെ. മുരളീധരൻ ഉൾപ്പെടെ ചടങ്ങിൽ പങ്കെടുക്കും.
ഫെബ്രുവരി 29ന് യാത്ര തിരുവനന്തപുരത്ത് സമാപിക്കും. സമാപനസമ്മേളനത്തിൽ മല്ലികാർജുൻ ഖാർഗെയോ പ്രിയങ്കാ ഗാന്ധിയോ പങ്കെടുക്കും. തിരുവനന്തപുരം, എറണാകുളം, പാലക്കാട്, മലപ്പുറം, ഇടുക്കി ജില്ലകളിൽ മൂന്നുവീതം പൊതുസമ്മേളനങ്ങൾ നടക്കും.
Summary: KPCC's mass agitation against the central and state governments, 'Samaragni', will begin on February 9.