'രണ്ടു മുദ്രാവാക്യം വിളിച്ചതിനാണ് വധശ്രമക്കുറ്റം ചുമത്തിയിരിക്കുന്നത്'; അറസ്റ്റിൽ പ്രതികരിച്ച് കെ.എസ് ശബരിനാഥൻ
തന്റെ അറസ്റ്റ് 12.30 നാണ് രേഖപ്പെടുത്തിയതെന്നു മുൻ എംഎൽഎ
തിരുവനന്തപുരം: രണ്ട് മുദ്രാവാക്യം വിളിച്ചതിനാണ് തനിക്കെതിരെ വധശ്രമക്കുറ്റവും ഗൂഢാലോചനയും ചുമത്തിയിരിക്കുന്നതെന്നും താൻ തീവ്രവാദിയൊന്നുമല്ലല്ലോയെന്നും മുൻ എംഎൽഎ കെ.എസ് ശബരിനാഥൻ. അറസ്റ്റിന് ശേഷം വൈദ്യപരിശോധനക്ക് ഹാജരാക്കവേയാണ് അദ്ദേഹത്തിന്റെ പ്രതികരണം. മുഖ്യമന്ത്രി എന്ത് മാത്രം ഭീരുവാണെന്നാണ് അറസ്റ്റ് കാണിക്കുന്നതെന്നും രാഷ്ട്രീയ പ്രേരിതമാണ് പൊലീസ് നടപടിയെന്നും അദ്ദേഹം വിമർശിച്ചു. തന്റെ അറസ്റ്റ് 12.30 നാണ് രേഖപ്പെടുത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. 10.50 നാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്നാണ് സർക്കാർ അഭിഭാഷകൻ പറഞ്ഞിരുന്നത്. നാലാം പ്രതിയായിട്ടാണ് ശബരിനാഥിനെതിരെ കേസെടുത്തിരിക്കുന്നത്.
ഇന്ന് ചോദ്യം ചെയ്യലിന് ഹാജരായതിന് പിറകേയാണ് ശബരീനാഥന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെ ശബരീനാഥന്റെ അറസ്റ്റ് രേഖപ്പെടുത്തിയെന്ന് സർക്കാർ അഭിഭാഷകൻ അറിയിക്കുകയായിരുന്നു. തുടർന്ന് അറസ്റ്റ് ചെയ്ത രേഖ ഹാജരാക്കാൻ കോടതി ആവശ്യപ്പെട്ടിരിക്കുകയാണ്.
യൂത്ത് കോൺഗ്രസ് സംസ്ഥാന നേതാക്കളുടെ വാട്‌സ് ആപ് ഗ്രൂപ്പിലെ കെ എസ് ശബരിനാഥന്റെ ആഹ്വാനമാണ് വിമാനത്തിലെ പ്രതിഷേധത്തിന് കാരണമെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ആക്രമണത്തിന് പിന്നിൽ വലിയ ഗൂഢാലോചനയുണ്ടെന്ന പ്രോസിക്യൂഷൻ വാദം ശരിയാണെന്ന് വ്യക്തമായതായും പൊലീസ് പറഞ്ഞു. ഇതോടെയാണ് ഇന്ന് അന്വേഷണ സംഘത്തിന് മുമ്പിൽ ഹാജരാകാൻ ശബരിക്ക് പൊലീസ് നോട്ടീസ് നൽകിയിരുന്നത്.
KS Sabrinathan reacts to the arrest