പരീക്ഷക്ക് തലേന്ന് വിദ്യാർഥിനി തൂങ്ങിമരിച്ച സംഭവം: ദുരൂഹതയുണ്ടെന്ന് കുടുബം, ജില്ലാ പൊലീസ് മേധാവിക്ക് പരാതി
കാസർകോട് ചെര്‍ക്കള ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താം തരം വിദ്യാര്‍ഥിനിയായ സുഹൈലയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.
കാസര്‍കോട്: വിദ്യാർഥിനിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് കുടുംബം. കാസർകോട് ചെര്‍ക്കള ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താം തരം വിദ്യാര്‍ഥിനിയായ സുഹൈലയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. മരണം സംബന്ധിച്ച് സമഗ്ര അന്വേഷണം വേണമെന്നാവശ്യപ്പെട്ട് കുടുംബാംഗങ്ങള്‍ ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കി.
ബോവിക്കാനം ആലനടുക്കത്തെ മഹ്‌മൂദ്- ആയിഷ ദമ്പതികളുടെ മകൾ സുഹൈലയെ എസ്.എസ്.എല്‍.സി പരീക്ഷ തുടങ്ങുന്നതിൻ്റെ തലേന്നാണ് വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കുട്ടിയുടെ മരണം സംബന്ധിച്ച് ബന്ധുക്കള്‍ ദുരൂഹത ആരോപിച്ചതോടെ വിഷയത്തില്‍ ആദൂര്‍ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിരുന്നു.
ആദൂര്‍ പോലീസിന്റെ അന്വേഷണം കാര്യക്ഷമമല്ലെന്നാണ് കുടുംബത്തിൻ്റെ പരാതി. മരണം സംബന്ധിച്ച് സമഗ്ര അന്വേഷണം വേണമെന്നാവശ്യപ്പെട്ട് കുടുംബാംഗങ്ങള്‍ ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കി.
പെണ്‍കുട്ടിയുടെ സഹോദരനും, സ്‌കൂള്‍ പി.ടിഎ പ്രസിഡണ്ടുമാണ് ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയത്. ശരിയായ അന്വേഷണം നടന്നില്ലെങ്കിൽ മരണത്തിലെ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കാനാണ് ബന്ധുക്കളുടെ തീരുമാനം.