മലപ്പുറത്ത് കെ.എസ്.ഇ.ബി ജീവനക്കാരനെ മര്‍ദിച്ചതായി പരാതി
ആക്രമണത്തിൽ പരിക്കേറ്റ മോഹൻദാസ് വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്
മലപ്പുറം: കെ.എസ്.ഇ.ബി മലപ്പുറം വളാഞ്ചേരി സെക്ഷന്‍ ജീവനക്കാരനെ മർദിച്ചതായി പരാതി. ട്രാന്‍സ്ഫോമര്‍ നന്നാക്കുന്നതിനിടെ പ്രകോപനമൊന്നുമില്ലാതെയാണ് ആക്രമിച്ചതെന്ന് മർദനമേറ്റ കെ.എസ്.ഇ.ബി ജീവനക്കാരൻ മോഹൻദാസ് പറഞ്ഞു. ആക്രമണത്തിൽ പരിക്കേറ്റ മോഹൻദാസ് വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
ഇരിമ്പിളിയം മേച്ചേരിപ്പറമ്പില്‍ ട്രാന്‍സ്ഫോമര്‍ ശരിയാക്കുന്നതിനിടെ യാതൊരു പ്രകോപനവുമില്ലാതെ ഒരാൾ എത്തി മർദിച്ചെന്നാണ് വളാഞ്ചേരി സെഷന്‍ ജീവനക്കാരൻ മോഹന്‍ദാസിന്‍റെ പരാതി. മോഹൻദാസിനെയും കൂടെയുണ്ടായിരുന്ന സഹായിയെയും ആക്രമിച്ചു . ഒരു മാസം മുമ്പ് ബില്ലടക്കാത്തതിനാൽ ഇരിമ്പിളിയം സ്വദേശിയുടെ വീട്ടിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചിരുന്നു.ഇയാൾ ആണ് ആക്രമണത്തിന് പിന്നിലെന്നാണ് സംശയം. അസഭ്യം പറഞ്ഞതിനു ശേഷം പ്രകോപനമൊന്നുമില്ലാതെ ആക്രമിച്ചെന്ന് മോഹൻദാസ് പറഞ്ഞു. മര്‍ദനത്തില്‍ പരിക്കേറ്റ സെഷന്‍ ജീവനക്കാരൻ ചികിത്സയിലാണ്. ഡ്യൂട്ടിക്കിടെ അകാരണമായി മർദിച്ചയാൾക്കെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും മോഹൻദാസ് പറഞ്ഞു.