കർഷകന്റെ വാഴ കെ.എസ്.ഇ.ബി വെട്ടിയതിൽ നഷ്ടപരിഹാരം ഇന്ന് പ്രഖ്യാപിച്ചേക്കും
കൃഷി വകുപ്പുമായി ചർച്ച ചെയ്ത് തീരുമാനമെടുക്കുമെന്നാണ് വൈദ്യുത മന്ത്രി കെ കൃഷ്ണൻകുട്ടി അറിയിച്ചത്.
എറണാകുളം: കോതമംഗലത്ത് കർഷകന്റെ വാഴ വെട്ടിയ സംഭവത്തിൽ നഷ്ടപരിഹാരം ഇന്ന് പ്രഖ്യാപിച്ചേക്കും. കൃഷി വകുപ്പുമായി ചർച്ച ചെയ്ത് തീരുമാനമെടുക്കുമെന്നാണ് വൈദ്യുത മന്ത്രി കെ കൃഷ്ണൻകുട്ടി അറിയിച്ചത്.
ഹൈടെൻഷൻ ലൈനിന്റെ കീഴിൽ കൃഷി ചെയ്ത നാനൂറോളം കുലച്ച വാഴകളാണ് കെ.എസ്.ഇ.ബി ജീവനക്കാർ നശിപ്പിച്ചത്. വിഷയത്തിൽ അന്വേഷണം നടത്തുന്ന ട്രാൻസ്മിഷൻ ഡയറക്ടർ ഇന്ന് കെ.എസ്.ഇ.ബി ചെയർമാന് റിപ്പോർട്ട് സമർപ്പിച്ചേക്കും.
വാരപ്പെട്ടി ഇളങ്ങവം കണ്ടംപാറ ഇറിഗേഷന് സമീപം കാവുംപുറത്ത് തോമസിന്റെ സ്ഥലത്ത് കൃഷി ചെയ്തിരുന്ന ഒൻപത് മാസം പ്രായമായ കുലവാഴകളാണ് നശിപ്പിച്ചത്. ഓണവിപണി ലക്ഷ്യമിട്ട് കൃഷിയിറക്കിയ കർഷകന് ലക്ഷങ്ങളുടെ നഷ്ടമാണുണ്ടായത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് മൂലമറ്റത്ത് നിന്നെത്തിയ കെ.എസ്.ഇ.ബി. ജീവനക്കാർ വാഴകൾ വെട്ടിയത്. രണ്ടര ഏക്കറിൽ 1600 ഏത്തവാഴകളാണുള്ളത്. ഇതിൽ അര ഏക്കറിലെ വാഴകളാണ് വെട്ടിനശിപ്പിച്ചത്. ദിവസങ്ങൾക്കകം വെട്ടി വിൽക്കാനാവുംവിധം മൂപ്പെത്തുന്ന കുലകളായിരുന്നു.
അതേസമയം തോമസ് എന്ന കർഷകന്റെ വാഴകൾ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ വെട്ടി നശിപ്പിച്ചത് അത്യന്തം ഖേദകരവും പ്രതിഷേധാർഹവുമാണെന്ന് മന്ത്രി പി.പ്രസാദ് പറഞ്ഞു. കർഷകന്റെ വിയർപ്പിന് വില നൽകാതെ അവന്റെ വിളകളെ വെട്ടിനശിപ്പിച്ചത് തീർത്തും ക്രൂരതയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.