സ്മാര്‍ട് മീറ്റര്‍ സ്ഥാപിക്കാനുള്ള പ്രവര്‍ത്തനങ്ങളുമായി കെ.എസ്.ഇ.ബി മുന്നോട്ട്; ആദ്യ ഘട്ടം തിരുവനന്തപുരത്ത്
എതിര്‍പ്പ് ഒഴിവാക്കാന്‍ സി.ഐ.ടി.യു ഉള്‍പ്പെടെയുള്ള തൊഴിലാളി യൂണിയനുകളുമായി ചെയര്‍മാന്‍ ഉടന്‍ ചര്‍ച്ച നടത്തും
തിരുവനന്തപുരം: സ്മാര്‍ട് മീറ്റര്‍ സ്ഥാപിക്കാനുള്ള പ്രവര്‍ത്തനങ്ങളുമായി കെ.എസ്.ഇ.ബി മുന്നോട്ട്. ആദ്യ ഘട്ടം തിരുവനന്തപുരം നഗരത്തിലാണ് നടപ്പിലാക്കുന്നത്. എതിര്‍പ്പ് ഒഴിവാക്കാന്‍ സി.ഐ.ടി.യു ഉള്‍പ്പെടെയുള്ള തൊഴിലാളി യൂണിയനുകളുമായി ചെയര്‍മാന്‍ ഉടന്‍ ചര്‍ച്ച നടത്തും.
ബോര്‍ഡിന് കീഴില്‍ 1.30 കോടി ഉപഭോക്താക്കളാണുള്ളതെങ്കിലും ആദ്യം 17 ലക്ഷം സ്മാര്‍ട്ട് മീറ്ററുകളാണ് സ്ഥാപിക്കുന്നത്. കേന്ദ്ര നിര്‍ദേശപ്രകാരം 2024ഓടു കൂടി സ്മാര്‍ട് മീറ്ററിലേക്ക് മാറണം. ഇവ സ്ഥാപിക്കാനും ന്യൂനതകള്‍ വേഗത്തില്‍ പരിഹരിക്കാനുമാണ് ഉപഭോക്താവിന്‍റെ സ്ഥാപനം അല്ലെങ്കില്‍ വീട് സ്ഥതിതിചെയ്യുന്നത് അറിയാന്‍ ജിയോ മാപ്പിങ് ആരംഭിച്ചത്. വേഗത്തില്‍ ഇത് പുരോഗമിക്കാത്തതിനാല്‍ ഡിസംബറോടെ ജിയോ മാപ്പിങ് പൂര്‍ത്തിയാക്കാന്‍ എല്ലാ സര്‍ക്കിളുകള്‍ക്കും വിതരണ വിഭാഗം അന്ത്യശാസനം നല്‍കി. സ്മാര്‍ട് മീറ്റര്‍ നടപ്പാക്കുന്നതില്‍ സി.ഐ.ടി.യു ഉള്‍പ്പെടെ എതിര്‍ക്കുകയാണ്.
മീറ്ററും സോഫ്ട് വെയറും സംസ്ഥാന സ്ഥാപനങ്ങള്‍ നിര്‍മിച്ച് അവയില്‍ നിന്ന് ബോര്‍ഡ് വാങ്ങണമെന്നതാണ് അവരുടെ ആവശ്യം. എന്നാല്‍ സി.ഐ.ടി.യു ആവശ്യപ്പെടുന്ന രീതിയില്‍ സ്വതന്ത്ര തീരുമാനം പോലെ കാര്യങ്ങള്‍ ചെയ്താല്‍ പദ്ധതി നടപ്പിലാക്കാനുള്ള കേന്ദ്ര ഫണ്ട് നഷ്ടപ്പെടും. യൂണിയനുകളുമായി ചര്‍ച്ച നടത്താന്‍ കെ.എസ്.ഇ.ബി ചെയര്‍മാനോടും ഊര്‍ജ സെക്രട്ടറിയോടും വൈദ്യുത മന്ത്രി നിര്‍ദേശം നല്‍കി.