കോട്ടയത്ത് കാറുമായി കൂട്ടിയിടിച്ച് കെഎസ്ആർടിസി ബസ് മറിഞ്ഞു; 37 പേർക്ക് പരിക്കേറ്റു
കോഴിക്കോട് ഉള്ളിയേരി ആനവാതിലിൽ റോഡ് റോളർ മറിഞ്ഞ് ഡ്രൈവർ മരിച്ചു
കോട്ടയം: കുറവിലങ്ങാട് കാറുമായി കൂട്ടിയിടിച്ച് കെഎസ്ആർടിസി ബസ് മറിഞ്ഞു 37 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവർ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും വിവിധ സ്വകാര്യ ആശുപത്രികളിലും ചികിത്സ തേടി. അപകടത്തെ തുടർന്ന് മുക്കാൽ മണിക്കൂറോളം എംസി റോഡിൽ ഗതാഗതം തടസപ്പെട്ടു.
രാവിലെ 11 മണിയോടെയായിരുന്നു അപകടം. കാറുമായി കൂട്ടിയിടിച്ച ബസിന്റെ പിൻ വശത്തെ ടയറുകൾ ഊരിത്തെറിച്ചു. തുടർന്ന് റോഡിന് ഇടതു വശത്തേക്ക് ബസ് മറിയുകയായിരുന്നു. വൈദ്യുതി പോസ്റ്റിലിടിച്ചാണ് ബസ് മറിഞ്ഞത്. പരിക്കേറ്റ ബസ് യാത്രക്കാരായ 35 പേരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും തെള്ളകത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ല.
എന്നാൽ കാർ യാത്രക്കാരായ രണ്ടു പേർക്ക് സാരമായി പരിക്കേറ്റു. ഇരുവരും തെള്ളകത്തെ സ്വകാര്യ ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. മൂന്നാറിലേക്ക് പോയ തിരുവനന്തപുരം ഡിപ്പോയിലെ സൂപ്പർ ഫാസ്റ്റ് ബസാണ് അപകടത്തിൽപ്പെട്ടത്. ദിശത്തെറ്റിയെത്തിയ കാർ ബസിൽ ഇടിക്കുകയായിരുന്നെന്ന് ദൃസാക്ഷികൾ പറഞ്ഞു. ക്രെയിൻ ഉപയോഗിച്ച് ഏറെ ശ്രമപ്പെടാണ് പീന്നീട് ബസ് നീക്കിയത്.
അതിനിടെ, കോഴിക്കോട് ഉള്ളിയേരി ആനവാതിലിൽ റോഡ് റോളർ മറിഞ്ഞ് ഡ്രൈവർ മരിച്ചു. മധ്യപ്രദേശ് നരസിംഹപൂർ ദിഹീയ സ്വദേശി മോലിയാണ് മരിച്ചത്. ആനവാതിൽ - നാറാത്ത് റോഡ് ജോലിയ്ക്ക് എത്തിയതായിരുന്നു ഇതരസംസ്ഥാന തൊഴിലാളി. മോലി വണ്ടിക്കടിയിൽപ്പെട്ട നിലയിലായിരുന്നു ജെസിബിയെത്തി റോളർ ഉയർത്തിയാണ് ഇയാളെ പുറത്തെടുത്തത്. മൊടക്കല്ലൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അതേസമയം, പത്തനംതിട്ട റാന്നി വലിയകാവിൽ ബൈക്കിൽ സഞ്ചരിച്ച യുവാവിന് ജെസിബിയുടെ ബക്കറ്റ് തട്ടി ദാരുണാന്ത്യം. വലിയകാവ് സ്വദേശി പ്രസ്സ്‌ലി ഷിബുവാണ് മരിച്ചത്. റാന്നി വലിയകാവ് റോഡ് പണിക്കായി കൊണ്ടുവന്ന ജെസിബിയുടെ ബക്കറ്റ് തട്ടിയാണ് അപകടമുണ്ടായത്. റോഡിന് സമീപത്തെ കോൺക്രീസ്റ്റുകൾ ജെസിബി ഉപയോഗിച്ച് മാറ്റുന്നതിനിടയിൽ അതുവഴി പോയ പ്രസ്സ്‌ലിയുടെ ദേഹത്ത് തട്ടുകയായിരുന്നു. കഴുത്തിനും നെഞ്ചത്തുമാണ് പരിക്കേറ്റത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ജെസിബി ഡ്രൈവറുടെ അശ്രദ്ധയാണ് അപകടകരമായ നാട്ടുകാർ ആരോപിച്ചു.