ബസിന്‍റെ ലൈവ് ട്രാക്കിങ് വിരല്‍തുമ്പിൽ; കെ.എസ്.ആര്‍.ടി.സി 'ചലോ ആപ്പ്' ഏപ്രിലിൽ സംസ്ഥാനത്തെ മുഴുവൻ ബസിലും
പ്ലേ സ്റ്റോർ വഴി ആപ്പ് ഇൻസ്റ്റാൾ ചെയ്താൽ യാത്രക്കാരന് ഒരു നിശ്ചിത റൂട്ടിൽ ഏതൊക്കെ ബസ് ഉണ്ടെന്ന് കൃത്യമായി അറിയാം
തിരുവനന്തപുരം: ഡിജിറ്റൽ ഇടപാടിനായി കെ.എസ്.ആര്‍.ടി.സി രംഗത്തിറക്കിയ 'ചലോ ആപ്പ്' ഏപ്രിലിൽ സംസ്ഥാനത്തെ മുഴുവൻ ബസിലും നടപ്പിലാക്കും. ടിക്കറ്റ് ഇടപാടിന് പുറമെ ആപ്പ് വഴി യാത്രക്കാരന് ഏതൊക്കെ റൂട്ടിൽ ഏതൊക്കെ ബസ് ഉണ്ടെന്ന് അറിയാനാകും. ആപ്പിലൂടെ ബസിന്റെ തത്സമയ സഞ്ചാരപാത വരെ കണ്ടെത്താനും കഴിയും
ഗതാഗത മന്ത്രി പറഞ്ഞ where is my ksrtc ആപ്പ് എന്ന സങ്കൽപ്പം 'ചലോ ആപ്പിൽ' ക്രമീകരിച്ചു കഴിഞ്ഞു. പ്ലേ സ്റ്റോർ വഴി ആപ്പ് ഇൻസ്റ്റാൾ ചെയ്താൽ യാത്രക്കാരന് ഒരു നിശ്ചിത റൂട്ടിൽ ഏതൊക്കെ ബസ് ഉണ്ടെന്ന് കൃത്യമായി അറിയാം. ബസ് എപ്പോൾ വരും, എവിടെയെത്തി, ബസിൽ കയറിയാൽ എവിടെ ഇറങ്ങണം തുടങ്ങിയവയെല്ലാം ആപ്പ് പറഞ്ഞുതരും.
ടിക്കറ്റ് നേരത്തെ ബുക്ക് ചെയ്യാനുള്ള സാങ്കേതികവിദ്യയും ആപ്പിൽ തയ്യാറാക്കി. മുംബൈ ആസ്ഥാനമായ ചലോ മൊബിലിറ്റി സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിൻറെ ചലോ ആപ്പ് ഇപ്പോൾതന്നെ തിരുവനന്തപുരം സിറ്റി സർക്കുലറിലെ 70 ബസുകളിൽ പരീക്ഷിച്ചു കഴിഞ്ഞു. അടുത്തഘട്ടം തിരുവനന്തപുരം ജില്ലയിലെ മുഴുവൻ ബസ്സുകളിലും അതിനുശേഷം കെഎസ്ആർടിസിയുടെ ദീർഘദൂര സർവീസുകളിലും ഏപ്രിൽ മാസത്തോടെ സംസ്ഥാനത്തെ എല്ലാ ബസിലും നടപ്പിലാക്കം.
5500 ചലോ ആപ്പ് മെഷീനും അതിനുള്ളിലെ സിംകാർഡ്, സെർവർ, ആവശ്യമായ പേപ്പർ റോൾ, ഡിപ്പോകളിലേക്ക് നാല് കമ്പ്യൂട്ടർ പ്രിൻറർ എന്നിവ കമ്പനി അവരുടെ ചെലവിൽ അനുവദിക്കും. 13.7 പൈസയും ജി.എസ്.ടിയുമാണ് ഒരു ടിക്കറ്റിന് കമ്പനി ഈടാക്കുന്നത്. ഭാവിയിൽ കണ്ടക്ടർ ഇല്ലാതെ തന്നെ ബസ്സിൽ കയറുമ്പോഴും ഇറങ്ങുമ്പോഴും കാർഡ് സ്വൈപ്പ് ചെയ്ത് ടിക്കറ്റ് അടക്കുന്ന രീതിയും കൊണ്ടുവരും.