കെഎസ്ആർടിസി ഡ്രൈവർ - മേയർ തർക്കം; തിരുവനന്തപുരം കോർപറേഷൻ കൗൺസിൽ യോഗത്തിൽ വാക്കേറ്റം

ഡ്രൈവർ- മേയർ തർക്കം കൗൺസിലിൽ ഉന്നയിച്ചപ്പോൾ ഭരണകക്ഷി അംഗങ്ങൾ എതിർത്തതാണ് വാക്കേറ്റത്തിനിടയാക്കിയത്

Update: 2024-04-30 10:27 GMT
Advertising

തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷൻ കൗൺസിൽ യോഗത്തിൽ വാക്കേറ്റം. ബിജെപി കൗൺസിലർ തിരുമല അനിൽ, കെഎസ്ആർടിസി ഡ്രൈവർ- മേയർ തർക്കം കൗൺസിലിൽ ഉന്നയിച്ചപ്പോൾ ഇതിനെ ഭരണകക്ഷി അംഗങ്ങൾ എതിർത്തതാണ് വാക്കേറ്റത്തിനിടയാക്കിയത്. മേയർക്കെതിരെ മുദ്രാവാക്യം വിളിച്ചായിരുന്നു ബിജെപി കൗൺസിലർമാരുടെ പ്രതിഷേധം.

ഡ്രൈവർ-മേയർ വിഷയത്തിൽ ഇന്ന് പ്രതിപക്ഷം നഗരസഭയ്ക്ക് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. മേയർക്കെതിരെ കടുത്ത നിലപാടാണ് പ്രതിപക്ഷം എടുത്തത്. ഇതിന്റെ തുടർച്ചയെന്നോണമാണ് നഗരസഭാ കൗൺസിലിൽ ബിജെപി അംഗങ്ങൾ നടത്തിയ പ്രതിഷേധം. നഗരസഭാ യോഗത്തിൽ നിന്ന് വാക്ക്ഔട്ട് നടത്തിയ ബിജെപി അംഗങ്ങൾ നഗരസഭയ്ക്ക് പുറത്ത് മുദ്രാവാക്യം വിളിച്ച് പ്രതിഷേധിക്കുകയും ചെയ്തു.

2.30ക്ക് യോഗം തുടങ്ങി കാര്യപരിപാടികൾ അവസാനിച്ചയുടൻ തന്നെ തിരുമല അനിൽ വിഷയം ഉന്നയിക്കുകയായിരുന്നു. ഉടൻ തന്നെ ഇതിനെ എതിർത്ത് ഭരണകക്ഷി അംഗങ്ങൾ രംഗത്തു വന്നു. തുടർന്ന് വാക്കേറ്റത്തിന്റെ തലത്തിലേക്ക് കാര്യങ്ങളെത്തി. നഗരസഭാ പ്രതിപക്ഷ നേതാവ് എംആർ ഗോപൻ നടുത്തളത്തിലേക്ക് ഇറങ്ങുകയും ചെയ്തു. ബിജെപി അംഗങ്ങളെല്ലാം ഒന്നിച്ച് എഴുന്നേറ്റ് സംസാരിച്ചതോടെ വാക്കേറ്റം കടുത്തു. 

 കെഎസ്ആർടിസി ഡ്രൈവർ ലൈംഗികമായി അധിക്ഷേപിച്ചു എന്നതാണ് ഭരണകക്ഷികൾ ഉന്നയിക്കുന്ന പ്രധാന ആരോപണം. ഈ വാദം നിലനിൽക്കുന്നതല്ല എന്നതാണ് പ്രതിപക്ഷത്തിന്റെ പക്ഷം.

പ്രതിപക്ഷ അംഗങ്ങളാരും തന്നെ വസ്തുത അന്വേഷിച്ച് തന്നെ വിളിച്ചിട്ടില്ലെന്നായിരുന്നു പ്രതിഷേധങ്ങൾക്ക് മേയറുടെ മറുപടി. പക്ഷേ തങ്ങൾ വിളിച്ചിട്ടും മേയർ ഫോണെടുത്തില്ലെന്നായിരുന്നു പ്രതിപക്ഷ അംഗങ്ങളുടെ വാദം. പക്ഷേ ഇതിനെ എതിർത്ത മേയർ തന്നെ ആരും വിളിച്ചിട്ടില്ലെന്ന് ആവർത്തിക്കുകയാണുണ്ടായത്. അത്തരം മര്യാദയെങ്കിലും കാണിക്കണമായിരുന്നെന്നും മേയർ കൂട്ടിച്ചേർത്തു.

നിങ്ങളുടെ അമ്മയും പെങ്ങൻമാരും റോഡിലിറങ്ങി നടക്കുന്നവരാണെന്ന് ഓർമ വേണമെന്നായിരുന്നു പ്രതിഷേധങ്ങളോട് ഭരണകക്ഷി കൗൺസിൽ അംഗം ഡിആർ അനിലിന്റെ പ്രതികരണം.

ബിജെപി അംഗങ്ങളുടെ പ്രതിഷേധം കടുത്തതോടെ തിരുമല അനിലിനെതിരെ മേയർ ഗുരുതരമായ ഒരു ആരോപണം കൂടി ഉന്നയിച്ചു. തന്നെ അറിയില്ല എന്ന് പറഞ്ഞ ശുചീകരണ തൊഴിലാളിയെ അനിൽ ദേഹോപദ്രവം ഏൽപ്പിച്ചു എന്നതായിരുന്നു ആരോപണം. ഈ സംഭവത്തിൽ നടപടി ഉണ്ടായില്ലല്ലോ എന്ന് കൂടി മേയർ ചോദിച്ചതോടെ രംഗം വഷളായി. മൈക്കിലൂടെയും അല്ലാതെയും ഇരുപക്ഷവും പരസ്പരം വാക്കേറ്റം നടത്തി യോഗം അലങ്കോലപ്പെട്ട കാഴ്ചയായിരുന്നു പിന്നീട്.

Full View

തുടർന്ന് മുദ്രാവാക്യം വിളിച്ചു കൊണ്ടു തന്നെ പ്രതിപക്ഷം ഹാൾ വിട്ടിറങ്ങി. പ്രതിഷേധം തുടരുമെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്. തലസ്ഥാനത്തെ ജനതയുടെ അഭിമാനത്തെ ചോദ്യം ചെയ്യുന്ന പ്രവൃത്തിയാണ് മേയറുടെ ഭാഗത്ത് നിന്നുണ്ടായതെന്നും മേയർ രാജി വയ്ക്കണമെന്നുമാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News