കെ.എ.എസ് ഉദ്യോഗസ്ഥരെ നിയമിക്കാനൊരുങ്ങി കെ.എസ്.ആര്‍.ടി.സി
പരിശീലനം പൂർത്തിയാക്കി ഇറങ്ങുന്ന അഞ്ച് കെ.എ.എസ് ഉദ്യോഗസ്ഥരെ നിയമിക്കണമെന്ന് സർക്കാരിന് സി.എം.ഡി ബിജു പ്രഭാകർ അപേക്ഷ നൽകി
തിരുവനന്തപുരം: മാനേജ്‌മെന്റിനെ ശക്തിപെടുത്താൻ കെ.എ.എസ് ഉദ്യോഗസ്ഥരെ നിയമിക്കണമെന്ന ആവശ്യവുമായി കെ.എസ്.ആർ.ടി.സി. പരിശീലനം പൂർത്തിയാക്കി ഇറങ്ങുന്ന അഞ്ച് കെ.എ.എസ് ഉദ്യോഗസ്ഥരെ നിയമിക്കണമെന്ന് സർക്കാരിന് സി.എം.ഡി ബിജു പ്രഭാകർ അപേക്ഷ നൽകി. മൂന്ന് ഉദ്യോഗസ്ഥരെ വരെ സർക്കാർ അനുവദിച്ചേക്കും. സുശീൽ ഖന്ന റിപ്പോർട്ട് പ്രകാരം കെ.എസ്.ആർ.ടി.സിയിലെ പ്രധാന തസ്തികകളിൽ പ്രൊഫഷണലുകളെ കൊണ്ടുവരണമെന്ന് നിർദേശിച്ചിരുന്നു.
ഫിനാൻസ് വിഭാഗത്തിലടക്കം ഡെപ്യൂട്ടേഷനിൽ ഉദ്യോഗസ്ഥരെ നിയമിക്കുകയും ചെയ്തു. അടിമുടി പരിഷ്‌ക്കരിക്കുന്നതിന്റെ ഭാഗമായാണ് പരിശീലനം കഴിഞ്ഞിറങ്ങുന്ന കെ.എ.എസ് ഉദ്യോഗസ്ഥരുടെ സേവനം കൂടി കെ.എസ്.ആർ.ടി.സി തേടിയത്. ഓരോ വിഭാഗത്തിന്റെയും ഭരണ ചുമതല കെ.എ.എസ് ഉദ്യോഗസ്ഥർക്ക് നൽകുന്നതോടെ കോർപറേഷന്റെ പ്രവർത്തനം കൃത്യതയോടെയും വേഗത്തിലും നടക്കുമെന്നാണ് വിലയിരുത്തൽ.
അഡിഷണൽ ട്രാൻസ്‌പോർട്ട് കമീഷണർ പ്രമോജ് ശങ്കറെ ഈയിടെ കെ.എസ്.ആർ.ടി.സിയുടെ ജോയിന്റ് എം.ഡി സ്ഥാനത്തേക്ക് ഡപ്യൂട്ടേഷനിൽ നിയമിച്ചിരുന്നു. മെയിന്റനൻസ് വിഭാഗത്തിന്റെ പൂർണ ചുമതല ഇദ്ദേഹത്തിന് കൈമാറിയിട്ടുണ്ട്. സ്‌പെയർ പാർട്‌സ് വാങ്ങുന്നതക്കം കർശന പഠനവും പരിശോധനക്കും ശേഷമേ ഇനിയുണ്ടാകൂ. വാങ്ങി കൂട്ടുന്ന സമ്പ്രദായം നിർത്തലാക്കും.