കെ.എസ്.ആര്‍.ടി.സിയിൽ ഏപ്രിൽ മാസത്തെ ശമ്പളം ഇന്ന് വിതരണം ചെയ്തേക്കും
സർക്കാർ 30 കോടി രൂപ അധികമായി കെ.എസ്.ആര്‍.ടി.സിയ്ക്ക് അനുവദിച്ചു
തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ശമ്പളം ഇന്ന് വിതരണം ചെയ്തേക്കും. സർക്കാർ 30 കോടി രൂപ അധികമായി കെ.എസ്.ആര്‍.ടി.സിയ്ക്ക് അനുവദിച്ചു. ഇന്ന് കെ.എസ്.ആര്‍.ടി.സി അക്കൗണ്ടിൽ എത്തിയാൽ ബാക്കി തുക ബാങ്കിൽ നിന്ന് ഓവർ ഡ്രാഫ്റ്റ് എടുക്കും. 50 കോടി രൂപയാണ് ഓവർ ഡ്രാഫ്റ്റ് എടുക്കുന്നത്. ശമ്പള കാര്യത്തിൽ ധനമന്ത്രിയുമായി ഗതാഗത മന്ത്രി കൂടിക്കാഴ്ച നടത്തും.
എന്നാൽ ശമ്പളം നൽകാത്തതിൽ പ്രതിഷേധിച്ച് സി.ഐ.ടി.യു പ്രഖ്യാപിച്ച പ്രതിഷേധ ധർണയിൽ മാറ്റമില്ല. ഇന്ന് രാവിലെ ട്രാൻസ്പോർട്ട് ഭവന് മുന്നിൽ പ്രതിഷേധ ധർണ നടത്തും. സർക്കാരിന്‍റെ ഒന്നാം വാർഷിക ദിനത്തിൽ സർക്കാരിന് എതിരെ സി. ഐ.ടി.യു സമര രംഗത്ത് എത്തുന്നു എന്ന പ്രത്യേകതയും ഉണ്ട്.
കെ.എസ്.ആർ.ടി.സിയുടെ കൈവശം ശമ്പളം നൽകുന്നതിന് എത്ര തുക നീക്കിയിരിപ്പുണ്ടെന്ന കണക്ക് ധനവകുപ്പ് ശേഖരിച്ചിരുന്നു. നിലവിലെ സ്ഥിതി അനുസരിച്ച് കഴിഞ്ഞ മാസത്തെ ഓവർ ഡ്രാഫ്റ്റിൽ 5 കോടി രൂപ കൂടി തിരികെ അടയ്ക്കാനുണ്ട്. 30 കോടി സർക്കാർ നേരത്തെ അനുവദിച്ചതും ഓവർ ഡ്രാഫ്റ്റ് തിരിച്ചടവിലേയ്ക്കാണ് മാറ്റിയത്. ഇനി 30 കോടി രൂപ കൂടി ലഭിച്ചാൽ ബാക്കി ഓവർ ഡ്രാഫ്റ്റും എടുത്ത് ശമ്പളം നൽകാൻ കഴിയുമെന്നാണ് കെ.എസ്.ആർ.ടി.സി അറിയിച്ച കണക്ക്. ബാക്കി തുകയ്ക്കുള്ള വായ്പക്ക് സർക്കാർ ഈട് നിൽക്കുമെന്നാണ് വിവരം.