'ദിവ്യയുടേയും പ്രശാന്തന്‍റേയും ഇടപാടുകൾ പരിശോധിക്കണം, കലക്ടറുടെ പങ്കും അന്വേഷിക്കണം':DGP ക്ക് പരാതി നൽകി KSU
പി.പി ദിവ്യ നടത്തിയ എല്ലാ നീക്കങ്ങളും സംശയാസ്പദവും ദുരൂഹവുമാണെന്ന് പരാതിയില്‍ പറയുന്നു
തിരുവനന്തപുരം: കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ പി.പി ദിവ്യക്കെതിരെ കെഎസ്‌യു പരാതി നൽകി. കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റ് പി. മുഹമ്മദ് ഷമ്മാസ് ആണ് ഡിജിപിക്ക് പരാതി നൽകിയത്. ദിവ്യയുടെയും ടി.വി പ്രശാന്തന്റെയും ഇടപാടുകൾ പരിശോധിക്കണമെന്നും സംഭവത്തിൽ കലക്ടറുടെ പങ്കും അന്വേഷിക്കണമെന്നും പരാതിയിൽ പറയുന്നുണ്ട്.
പി.പി ദിവ്യ നടത്തിയ എല്ലാ നീക്കങ്ങളും സംശയാസ്പദവും ദുരൂഹവുമാണ്. ആസൂത്രിതമായി ഒരു ഉദ്യോഗസ്ഥനെ അപമാനിക്കണമെന്നും സമൂഹത്തിനു മുന്നിൽ മോശക്കാരനായും അഴിമതിക്കാരനായും ചിത്രീകരിക്കണമെന്ന ഉദ്ദേശത്തോടും കൂടിയായിരുന്നു അവരുടെ നീക്കം.
ഇത്തരമൊരു സാഹചര്യം ഒരുക്കുന്നതിലും നാടകീയ രംഗങ്ങൾക്ക് അവസരമൊരുക്കുന്നതിലും ജില്ലാ കളക്ടർ അരുൺ കെ വിജയനുള്ള പങ്കും അന്വേഷിക്കേണ്ടിയിരിക്കുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന പി.പി ദിവ്യ പലപ്പോഴും സൂപ്പർ കളക്ടറായി പ്രവർത്തിക്കുന്ന കാഴ്ചയും കണ്ണൂരിൽ പതിവാണെന്നും പരാതിയിൽ പറയുന്നുണ്ട്.