കെഎസ്‌യു-എസ്എഫ്ഐ സംഘർഷം; കേരള സർവകലാശാല തെരഞ്ഞെടുപ്പ് ഫലങ്ങൾ മരവിപ്പിച്ചു

യൂണിയൻ- എക്സിക്യൂട്ടീവ് ഫലങ്ങൾ അടക്കമാണ് മരവിപ്പിച്ചത്, സംഘർഷം അന്വേഷിക്കാൻ പ്രത്യേക സമിതി

Update: 2024-09-13 12:20 GMT
Advertising

തിരുവനന്തപുരം: കെഎസ്‌യു-എസ്എഫ്ഐ പ്രവർത്തകർ ഏറ്റുമുട്ടിയതിനെ തുടർന്നുണ്ടായ സംഘർഷത്തിനു പിന്നാലെ കേരള സർവകലാശാല തെരഞ്ഞെടുപ്പ് ഫലങ്ങൾ മരവിപ്പിച്ചു. യൂണിയൻ- എക്സിക്യൂട്ടീവ് ഫലങ്ങൾ അടക്കമാണ് മരവിപ്പിച്ചത്. മൂന്നാഴ്ചക്കുള്ളിൽ റിപ്പോർട്ട് നൽകാനാണ് വൈസ് ചാൻസലർ ഉത്തരവിട്ടത്. തെരഞ്ഞെടുപ്പിനെ തുടർന്ന് നിരവധി പരാതികൾ ലഭിച്ച പശ്ചാത്തലത്തിലാണ് തെരഞ്ഞെടുപ്പ് ഫലങ്ങൾ മരവിപ്പിത്. സംഘർഷം അന്വേഷിക്കാൻ പ്രത്യേക സമിതിയെയും ചുമതലപ്പെടുത്തി. സിൻഡിക്കേറ്റ് വിദ്യാർഥി അച്ചടക്ക സ്ഥിരം സമിതിക്കാണ് അന്വേഷണചുമതല.

കെഎസ്‌യു-എസ്എഫ്ഐ പ്രവർത്തകർ തമ്മിൽ വാക്കുതർക്കമുണ്ടാവുകയും അന്നേ ദിവസം തന്നെ സെനറ്റ് തെരഞ്ഞെടുപ്പ് റദ്ദാക്കുകയും ചെയ്തിരുന്നു. സെനറ്റ് തെരഞ്ഞെടുപ്പിലെ വോട്ടെണ്ണലുമായി ബന്ധപ്പെട്ടാണ് തർക്കമുണ്ടായത്. രണ്ട് സെനറ്റ് സീറ്റുകളും രണ്ടു വീതം എക്സിക്യൂട്ടീവ്-സ്റ്റുഡൻസ് കൗൺസിൽ സീറ്റുകളിലും കെഎസ്‌യു വിജയിച്ചിരുന്നു. ഇതിനെ തുടർന്ന് എസ്എഫ്ഐ പ്രവർത്തകർ അക്രമണം അഴിച്ചുവിട്ടെന്നായിരുന്നു കെഎസ്‌യുവിന്റെ ആരോപണം. എന്നാൽ‌ വോട്ടെണ്ണലിൽ ചില അപാകതകളുണ്ടെന്നാണ് എസ്എഫ്ഐയുടെ വിശദീകരണം.

വോട്ടെണ്ണലിൽ സംശയമുള്ള സീറ്റുകളിൽ റീ കൗണ്ടിങ് നടത്തണമെന്ന് ആ‌വശ്യപ്പെട്ടപ്പോൾ അത് തർക്കത്തിലേക്കും പിന്നീട് സംഘർഷത്തിലേക്കും നയിക്കുകയായിരുന്നു എന്നും എസ്എഫ്ഐ ആരോപിക്കുന്നുണ്ട്. എന്നാൽ എസ്എഫ്ഐ പ്രവർത്തകരുടെ അക്രമണത്തിൽ സംസ്ഥാന പ്രസിഡന്റ് അടക്കമുള്ളവർക്ക് സംഘർഷത്തിൽ പരിക്കേറ്റതായി കെഎസ്‌യുവും ആരോപിക്കുന്നുണ്ട്.

സർവകലാശാല തെരഞ്ഞെടുപ്പ് വീണ്ടും നടത്തണമെന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡൻറ് അലോഷ്യസ് സേവ്യർ ആവശ്യപ്പെട്ടിരുന്നു. സെനറ്റ് ഹാളിൽ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയുടെ നേതൃത്വത്തിൽ നടത്തിയത് വലിയ അതിക്രമമാണെന്നും അവർക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുക്കണമെന്നും അലോഷ്യസ് സേവ്യർ ആവശ്യപ്പെട്ടിരുന്നു.

കേരള യൂണിവേഴ്സിറ്റി എംപ്ലോയീസ് യൂണിയൻ പ്രവർത്തകരെ കെഎസ്‌യു മർദ്ദിച്ചെന്ന് ആരോപണമുയർന്നതും വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. തെരഞ്ഞെടുപ്പ് ജോലിക്കെത്തിയ എംപ്ലോയീസ് യൂണിയൻ പ്രവർത്തകരെയാണ് കെഎസ്‌യു മർദ്ദിച്ചത്. സ്ത്രീകളെ അടക്കം കെഎസ്‌യു കയ്യേറ്റം ചെയ്തെന്നും സർവകലാശാല എംപ്ലോയിസ് യൂണിയൻ ഭാരവാഹികൾ പറഞ്ഞു. അക്രമം നടത്തിയവർക്കെതിരെ നടപടിയെടുക്കണമെന്ന് എംപ്ലോയീസ് യൂണിയൻ ആവശ്യപ്പെട്ടു.

Tags:    

Writer - അരുണ്‍രാജ് ആര്‍

contributor

Editor - അരുണ്‍രാജ് ആര്‍

contributor

By - Web Desk

contributor

Similar News