'രാജ്യത്തിന് വേണ്ടി അതിർത്തിയിൽ ജീവിതം സമർപ്പിച്ചയാളുടെ മകളുടെ മകനാണ് ഞാൻ': വിശദീകരണവുമായി കെ.ടി ജലീൽ
'വര്‍ത്തമാന ഇന്ത്യയില്‍ എന്ത് പറയുന്നു എന്നല്ല നോക്കുന്നത്, ആര് പറയുന്നു എന്നാണ്. രാഷ്ട്രീയ വിമര്‍ശനങ്ങള്‍ എത്രയുമാകാം, രാജ്യദ്രോഹത്തിന്റെ തീകൊള്ളിയെടുത്ത് മറ്റുള്ളവരുടെ തലക്ക് തീകൊടുക്കാന്‍ ശ്രമിക്കരുത്'
തിരുവനന്തപുരം: വിവാദ കശ്മീര്‍ പരാമര്‍ശത്തില്‍ നിയമസഭയില്‍ വിശദീകരണവുമായി കെ.ടി ജലീല്‍. രാജ്യത്തിന് വേണ്ടി അതിർത്തിയിൽ ജീവിതം സമർപ്പിച്ചയാളുടെ മകളുടെ മകനാണ് താനെന്നും ആ എന്നെ രാജ്യദ്രോഹിയാക്കാൻ നോക്കുന്നവരോട് പരിഭവങ്ങളൊന്നുമില്ലെന്നും കെ.ടി ജലീല്‍ പറഞ്ഞു.
'എന്റെ ഉമ്മയുടെ പിതാവ് പാറയില്‍ മുഹമ്മദിനെ ഞാന്‍ ഓര്‍ക്കുകയാണ്. സൈന്യത്തില്‍ നിന്ന് വിരമിച്ച അദ്ദേഹത്തെ ഇന്ത്യ പാക് യുദ്ധകാലത്ത് വീണ്ടും തിരിച്ച് വിളിച്ചു. അന്ന് പോയ അദ്ദേഹം പട്ടാള ക്യാമ്പില്‍ റിപ്പോര്‍ട്ട് ചെയ്ത ശേഷം പിന്നീട് സേവനത്തിനായി എങ്ങോട്ടോ നിയോഗിക്കപ്പെട്ടു. പിന്നീട് ഒരിക്കലും അദ്ദേഹം തിരിച്ചുവന്നിട്ടില്ല. അദ്ദേഹം ജീവിച്ചോ, മരിച്ചോ അറിയാത്ത കാലത്താണ് തന്റെ ഉമ്മയുടെ വിവാഹം നടന്നത്. ആ രാജ്യസേവകന്റെ മകളുടെ മകനാണ് താന്‍.
എന്റെ പിതാവിന്റെ ഉപ്പ 1921 ലെ ബ്രിട്ടീഷ് വിരുദ്ധ സമരത്തില്‍ പങ്കെടുത്ത് കാട്ടിപ്പരുത്തി പോലീസ് സ്റ്റേഷന്‍ ആക്രമിക്കപ്പെട്ടതില്‍ പിടിക്കപ്പെട്ട് 12 കൊല്ലം ബെല്ലാരി ജയിലില്‍ കിടന്നിട്ടുണ്ട്. ഇത്തരം ഒരു കുടുംബ പശ്ചാത്തലത്തില്‍ വരുന്ന തന്നെ രാജ്യദ്രോഹിയാക്കാന്‍ ശ്രമിക്കുന്നവരോട് പരിഭവമില്ല'- ജലീല്‍ പറഞ്ഞു.രാജ്യത്തിന്റെ അഭിമാനമായ ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരിയെ ചാനലില്‍ പാക് ചാരന്‍ എന്ന് വിളിച്ചവരാണ് സംഘപരിവാര്‍ എന്നും ഇബ്രാഹീം സുലൈമാന്‍ സേട്ടിനെതിരേയും ഇത്തരം ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
'വര്‍ത്തമാന ഇന്ത്യയില്‍ എന്ത് പറയുന്നു എന്നല്ല നോക്കുന്നത്, ആര് പറയുന്നു എന്നാണ്. രാഷ്ട്രീയ വിമര്‍ശനങ്ങള്‍ എത്രയുമാകാം, രാജ്യദ്രോഹത്തിന്റെ തീകൊള്ളിയെടുത്ത് മറ്റുള്ളവരുടെ തലക്ക് തീകൊടുക്കാന്‍ ശ്രമിക്കരുതെന്നും ജലീല്‍ വ്യക്തമാക്കി. ചിലരെനിക്ക് പാകിസ്താനിലേക്കുള്ള ടിക്കറ്റ് വരെ എടുത്തുവെച്ചിട്ടുണ്ട്. ഈ സഭയിലെ അംഗങ്ങളും അതിന് ചൂട്ടുപിടിക്കുന്നു എന്നത് വേദനാജനകമാണ്. എന്റെ കുറിപ്പിൽ ഒരിടത്തും ഇന്ത്യൻ അധിനിവേശ എന്ന പദം ഉപയോഗിച്ചിട്ടില്ല. വിവാദ പരാമർശങ്ങൾ ഞാൻ പിൻവലിച്ചു. കാരണം അതുകൊണ്ട് നാട്ടിൽ വർഗീയ ധ്രുവീകരണമോ കുഴപ്പമോ ഉണ്ടാകാൻ പാടില്ല എന്നുള്ള ഉത്തമബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ്. എന്നിട്ടും എന്നെ വിടാൻ തൽപരകക്ഷികൾ തയ്യാറല്ല'- ജലീൽ പറഞ്ഞു.