ഈരാറ്റുപേട്ടയിലെ ‘തെമ്മാടിത്തരം’: പിണറായി പറഞ്ഞത് അച്ഛന്റെ സ്ഥാനത്ത് നിന്ന് - കെ.ടി ജലീൽ
മുഖ്യമന്ത്രിയുടെ നിലപാടിനെതിരെ രൂക്ഷവിമർശനവുമായി വിവിധ മുസ്‍ലിം സംഘടനകൾ രംഗത്ത് വന്നിരുന്നു
കോഴിക്കോട്: ഈരാറ്റുപേട്ടയിൽ കുട്ടികളെ തെമ്മാടികളെന്നോ, തെമ്മാടിക്കൂട്ടങ്ങളെന്നോ മുഖ്യമന്ത്രി വിളിച്ചിട്ടില്ലെന്നും അവിടെ നടന്ന പ്രവൃത്തിയെയാണ് ‘തെമ്മാടിത്തരം’ എന്നു വിശേഷിപ്പിച്ചതെന്നും കെ.ടി ജലീൽ.
മക്കൾ വേണ്ടാത്തത് ചെയ്യുമ്പോൾ പിതൃസ്ഥാനീയരായ കാരണവൻമാർ തോന്നിവാസം എന്നും തെമ്മാടിത്തരമെന്നും വിശേഷിപ്പിക്കുക സ്വഭാവികമാണ്. അതിനപ്പുറം മുഖ്യമന്ത്രിയുടെ വാക്കുകൾ ദുർവ്യാഖ്യാനിക്കേണ്ടതില്ല. ഈരാറ്റുപേട്ടയിലുണ്ടായ ദൗർഭാഗ്യകരമായ സംഭവങ്ങൾ രമ്യമായി പരിഹരിക്കും. വെറുതെ ഇല്ലാത്തത് പ്രചരിപ്പിക്കരുതെന്നും ജലീൽ.
പത്തനംതിട്ടയിലെ എൽ.ഡി.എഫ് സ്ഥാനാർഥിയായ തോമസ് ഐസക് ഈരാറ്റുപേട്ട വിഷയത്തിലെഴുതിയ കുറിപ്പിന് വന്ന പ്രതികരണത്തിന് നൽകിയ കമന്റിലാണ് കെ.ടി ജലീൽ മുഖ്യമന്ത്രിയെ ന്യായീകരിച്ചത്. എന്നാൽ ഈരാറ്റുപേട്ട വിഷയത്തിൽ ‘പറഞ്ഞത് പറഞ്ഞത് തന്നെയാണ്’ എന്ന നിലപാടാണ് പിണറായി വിജയൻ സ്വീകരിച്ചിരിക്കുന്നത്.
മുഖ്യമന്ത്രിയുടെ നിലപാടിനെതിരെ രൂക്ഷവിമർശനവുമായി വിവിധ മുസ്‍ലിം സംഘടനകൾ രംഗത്ത് വന്നിരുന്നു. വിവിധ പത്രങ്ങൾ മുഖ്യമന്ത്രിക്കെതിരെ എഡിറ്റോറിയലെഴുതുകയും ചെയ്തു. ഈരാറ്റുപേട്ടയിൽ മഹല്ല് കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ നടന്ന സി.എ.എ വിരുദ്ധയോഗത്തിൽ തോമസ് ഐസക്കിനെയും കെ.ടി ജലീലിനെയും ഇരുത്തിക്കൊണ്ട് മുസ് ലിം സംഘടനാ നേതാക്കൾ രൂക്ഷ വിമർശമുന്നയിക്കുകയും എല്‍.ഡി.എഫിന്റെയും സർക്കാരിന്റെയും നിലപാടിനെ വിമർശിക്കുകയും ചെയ്തിരുന്നു. കുട്ടികൾക്കെതിരെ എടുത്ത കേസുകൾ പിൻവലിക്കാതെ വോട്ട് ചെയ്യില്ലെന്നും പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് തോമസ് ഐസക് പോസ്റ്റുമായെത്തിയത്.
സി.എ.എ യോടനുബന്ധിച്ചുള്ള 850 ഓളം കേസുകളിൽ 650-ഓളം കേസുകൾ സർക്കാർ പിൻവലിച്ചു. ബന്ധപ്പെട്ടവർ പിൻവലിക്കാൻ അപേക്ഷ നൽകുന്ന മുറക്ക് ശേഷിക്കുന്നവയും പിൻവലിക്കുമെന്നും കെ.ടി ജലീൽ കമന്റിൽ പറയുന്നു. പൊതുമുതൽ നശിപ്പിച്ച കേസുകൾ സർക്കാരിന് പിൻവലിക്കാനാവില്ല. കോടതി അതിന് സമ്മതിക്കുകയുമില്ല.
കേസിൽ പ്രതികളായ ഒരു കുട്ടിക്കും അവരുടെ ഉപരിപഠനത്തിന് തടസ്സം വരില്ല. അതെല്ലാം ഞങ്ങൾ നോക്കും. വിവിധ സ്ഥലങ്ങളിലായി ചിന്നിച്ചിതറിക്കിടക്കുന്ന സർക്കാർ ഓഫീസുകൾ എല്ലാം ഒരു കുടക്കീഴിൽ കൊണ്ടുവരാൻ ഒരു മിനി സിവിൽസ് സ്റ്റേഷൻ എൽ.ഡി.എഫ് സർക്കാർ യാഥാർത്ഥ്യമാക്കുമെന്നും ജലീൽ പറഞ്ഞു.
ജലീൽ എഴുതിയ കുറിപ്പിന്റെ പൂർണരൂപം
മുഖ്യമന്ത്രി അവിടെ നടന്ന പ്രവൃത്തിയെയാണ് "തെമ്മാടിത്തരം" എന്നു വിശേഷിപ്പിച്ചത്. അല്ലാതെ ആ കുട്ടികളെ തെമ്മാടികളെന്നോ, തെമ്മാടിക്കൂട്ടങ്ങളെന്നോ വിളിച്ചിട്ടില്ല. മക്കൾ വേണ്ടാത്തത് ചെയ്യുമ്പോൾ പിതൃസ്ഥാനീയരായ കാരണവൻമാർ തോന്നിവാസം എന്നും തെമ്മാടിത്തരമെന്നും വിശേഷിപ്പിക്കുക സ്വഭാവികമാണ്. അതിനപ്പുറം മുഖ്യമന്ത്രിയുടെ വാക്കുകൾ ദുർവ്യാഖ്യാനിക്കേണ്ടതില്ല. ഈരാറ്റുപേട്ടയിലുണ്ടായ ദൗർഭാഗ്യകരമായ സംഭവങ്ങൾ രമ്യമായി പരിഹരിക്കും. വെറുതെ ഇല്ലാത്തത് പ്രചരിപ്പിക്കരുത്.
CAA യോടനുബന്ധിച്ചുള്ള 850 ഓളം കേസുകളിൽ 650-ഓളം കേസുകൾ സർക്കാർ പിൻവലിച്ചു. ബന്ധപ്പെട്ടവർ പിൻവലിക്കാൻ അപേക്ഷ നൽകുന്ന മുറക്ക് ശേഷിക്കുന്നവയും പിൻവലിക്കും. പൊതുമുതൽ നശിപ്പിച്ച കേസുകൾ സർക്കാരിന് പിൻവലിക്കാനാവില്ല. കോടതി അതിന് സമ്മതിക്കുകയുമില്ല.
പത്തനംതിട്ട പാർലമെൻ്റ് മണ്ഡലത്തിലെ മുഴുവൻ ജനങ്ങളെയും ഒന്നായി കാണാൻ ഡോ: തോമസ് ഐസക്കന്ന ദാർശനികനായ പൊതുപ്രവർത്തകന് സാധിക്കും. ന്യൂനപക്ഷ വിഷയങ്ങൾ പാർലമെൻ്റിൽ ഉന്നയിക്കാൻ അദ്ദേഹത്തോളം യോജ്യൻ വേറെയില്ല. ഈരാറ്റുപേട്ടക്കാർക്ക് കണ്ണുമടച്ച് അദ്ദേഹത്തെ 101% വിശ്വസിക്കാം. ചതിക്കില്ല. എൻ്റെ അനുഭവമാണ്. വാചകമടിയല്ല. ലവലേശം കാപട്യമേശാത്ത സൗമ്യനാണ് ഡോ: ഐസക്ക്. ഒരാളുടെയും ശുപാർശയില്ലാതെ ആർക്കും അദ്ദേഹത്തെ സമീപിക്കാം. മനുഷ്യസാദ്ധ്യമാണെങ്കിൽ തോമസ് ഐസക്ക് നിവർത്തിച്ചുതരും. അദ്ദേഹത്തിൻ്റെ വാക്കും പ്രവൃത്തിയും ഒന്നാണ്. നാട്യങ്ങളില്ലാത്ത മനുഷ്യൻ. പ്രയാസമനുഭവിക്കുന്നവരോട് എന്നും ഐക്യപ്പെട്ടയാൾ. ദുർബലരോട് അനുകമ്പയുള്ള മനുഷ്യസ്നേഹി.
യഥാർത്ഥ മിത്രത്തെ തിരിച്ചറിയാൻ ഈരാറ്റുപേട്ടക്കാർക്ക് കഴിയണം. കേസിൽ പ്രതികളായ ഒരു കുട്ടിക്കും അവരുടെ ഉപരിപഠനത്തിന് തടസ്സം വരില്ല. അതെല്ലാം ഞങ്ങൾ നോക്കും. വിവിധ സ്ഥലങ്ങളിലായി ചിന്നിച്ചിതറിക്കിടക്കുന്ന സർക്കാർ ഓഫീസുകൾ എല്ലാം ഒരു കുടക്കീഴിൽ കൊണ്ടുവരാൻ ഒരു മിനി സിവിൽസ് സ്റ്റേഷൻ LDF സർക്കാർ യാഥാർത്ഥ്യമാക്കും. MLA സെബാസ്റ്റ്യൻ കുളത്തുങ്കൽ അതിന് മുൻകയ്യെടുക്കും.
ഈരാറ്റുപേട്ടക്ക് ഒരു വസന്തകാലമുണ്ടാക്കാൻ ഡോ: തോമസ് ഐസക്ക് എല്ലാ അർത്ഥത്തിലും മുൻകയ്യെടുക്കും. ഈരാറ്റുപേട്ട എന്നും എനിക്ക് പ്രിയപ്പെട്ട നാടാണ്. മുൻ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ: കരീം സാഹിബിൻ്റെ കാലം മുതൽക്കുള്ള ബന്ധം. സ്നേഹിക്കാൻ മാത്രമറിയുന്ന ജനത. കോളേജിൽ പഠിച്ചിരുന്ന കാലത്താണ് ഞാൻ ആദ്യം പേട്ടയിൽ പ്രസംഗിക്കാനെത്തിയത്. അന്ന് കരീം സാഹിബിൻ്റെ പിറകിൽ ഈരാറ്റുപേട്ടയുടെ ചരിത്രവും വർത്തമാനവും കേട്ട് നടന്ന മണിക്കൂറുകൾ ഇന്നും ഹരിതാഭമായ ഓർമ്മയാണ്.