'മുഖ്യമന്ത്രിയെ എന്താണ് അറസ്റ്റ് ചെയ്യാത്തതെന്ന് ചോദിച്ചയാളാണ് രാഹുൽ ഗാന്ധി'- ദേശാഭിമാനിയെ ന്യായീകരിച്ച് കെടി ജലീൽ
രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിന്റെ ഒരു വരി പോലും നൽകാതെ 'പോരാട്ടം തുടരണം' എന്ന സിപിഎം ആഹ്വാനമായിരുന്നു ദേശാഭിമാനിയുടെ ലീഡ്
ലോക്‌സഭയിലെ രാഹുൽഗാന്ധിയുടെ പ്രസംഗം ദേശാഭിമാനി അവഗണിച്ചതിനെ ന്യായീകരിച്ച് കെ ടി ജലീൽ എംഎൽഎ. കേരളത്തിലെ മുഖ്യമന്ത്രിയെ എന്താണ് അറസ്റ്റ് ചെയ്യാത്തത് എന്ന് ചോദിച്ച ആളാണ് രാഹുൽഗാന്ധി. ആ രാഹുൽഗാന്ധിയുടെ വാർത്തയാണ് ദേശാഭിമാനി കൊടുക്കാതിരുന്നത്.
ആർഎസ്എസ് എന്ന വാക്ക് രാഹുൽഗാന്ധി പ്രസംഗത്തിൽ എവിടെയെങ്കിലും ഉപയോഗിച്ചോയെന്നും കെ ടി ജലീൽ നിയമസഭയിൽ ചോദിച്ചു. രാഹുൽ ഹിന്ദുക്കളെ അപമാനിച്ചു എന്ന ബിജെപി ആരോപണമാണ് ദേശാഭിമാനി വാർത്തയായി കൊടുത്തതെന്ന് പി സി വിഷ്ണുനാഥ് പറഞ്ഞു.
സി.പി.ഐ പത്രമായ ജനയുഗമടക്കം മലയാളത്തിലെ മുഴുവൻ പത്രങ്ങളും ലോക്‌സഭയിലെ രാഹുലിന്റെയും പ്രതിപക്ഷ പാർട്ടികളുടെയും പ്രകടനം ഒന്നാം പേജിൽ കൊടുത്തപ്പോൾ. ദേശാഭിമാനി രാജ്യസഭയിൽ ജോൺ ബ്രിട്ടാസ് പ്രസംഗിച്ചത് മാത്രമായിരുന്നു കൊടുത്തിരുന്നത്. ലോക്‌സഭയിൽ നടന്നതൊന്നും ദേശാഭിമാനിയിൽ ഉണ്ടായിരുന്നില്ല.
പോരാട്ടം തുടരണം എന്ന സിപിഎം ആഹ്വാനമാണ് ദേശാഭിമാനി ലീഡാക്കിയത്. പാർലമെന്റ് വാർത്തകളിൽ പ്രധാന വാർത്തയാക്കിയത് ബ്രിട്ടാസിന്റെ പ്രസംഗമാണ്. രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിന്റെ ഒരു വരി പോലും നൽകിയില്ലെങ്കിലും രാഹുൽ ഹിന്ദുക്കളെ അവഹേളിച്ചെന്ന ബി.ജെ.പി യുടെ ആരോപണം പ്രത്യേക വാർത്തയായി ദേശാഭിമാനി നൽകിയിരുന്നു. ഇൻഡ്യാ മുന്നണി എം.പിമാർ പാർലമെന്റിന് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധത്തിന്റെ പടത്തിൽ നിന്നും പ്രതിപക്ഷ നേതാവായ രാഹുൽ ഗാന്ധിയില്ലാത്ത ചിത്രമാണ് ദേശാഭിമാനി നൽകിയത്.