'പാക് ചാരൻ എന്ന് വിളിച്ചിട്ടും സേട്ട് സാഹിബ് കേസിന് പോയിട്ടില്ല, കേസ് നടത്താൻ ശമ്പളം മതിയാവില്ല'; കെ.ടി ജലീൽ
ഭീകരവാദിയെന്ന് വിളിച്ച ബി.ജെ.പി നേതാവിനെതിരെ നടപടിക്ക് പോകാത്തത് ഭീരുത്വമാണെന്ന് എം.കെ മുനീര്‍ പ്രതികരിച്ചിരുന്നു
കോഴിക്കോട്: ഭീകരവാദിയെന്ന് വിളിച്ച ബിജെപി നേതാവിനെതിരെ നടപടിക്ക് പോകാത്തത് ഭീരുത്വമാണെന്ന എം.കെ മുനീറിന്റെ വിമർശനത്തിനെതിരെ മറുപടിയുമായി കെ.ടി ജലീൽ എം.എൽ.എ. കേരളത്തിലെ പൊലീസിൽ ന്യൂനപക്ഷത്തിന് പ്രതീക്ഷയില്ലെന്ന പ്രഖ്യാപനമാണ് കെ.ടി ജലീൽ നടത്തിയതെന്നും മുനീർ മീഡിയവണിനോട് പ്രതികരിച്ചിരുന്നു.
ഈ വാർത്തക്ക് കമന്റായാണ് കെ.ടി ജലീൽ മറുപടിയുമായി എത്തിയത്. ബി.ജെ.പിക്കാർ പറയുന്നതിനനുസരിച്ച് കേസ് കൊടുക്കാൻ നിന്നാൽ അതിനേ സമയമുണ്ടാകുകയൊള്ളൂ എന്നും കേസ് നടത്താൻ ശമ്പളം മതിയാവില്ലെന്നും ജലീൽ കമന്‍റ് ചെയ്തു.' സേട്ടുസാഹിബിനെ പാക് ചാരൻ എന്ന് പരസ്യമായി വിളിച്ചിട്ട് അദ്ദേഹം കേസിന് പോയിട്ടില്ലല്ലോ..കള്ളപ്പണവും അവിഹിത സമ്പാദ്യവും ഉണ്ടെങ്കിലല്ലേ പേടിക്കേണ്ടതൊള്ളൂ. അതുകൊണ്ട് ആരെയും ഭയപ്പെടേണ്ട കാര്യം എനിക്കില്ലെന്നും' കെ.ടി ജലീൽ ഫേസ്ബുക്ക് കമന്റിൽ കുറിച്ചു..
ജലീലിന്റെ ഫേസ്ബുക്ക് കമന്റ്..
'മുനീർ സാഹിബെ,
ബി.ജെ.പിക്കാർ പറയുന്നതിന് കേസ് കൊടുക്കാൻ നിന്നാൽ അതിനേ സമയമുണ്ടാകൂ. കേസ് കോടതിയിലെത്തിയാൽ വക്കീൽ ഫീസ് കൊടുക്കണ്ടെ? അങ്ങേക്ക് അറിയാമല്ലോ? ആകെ 50,000 രൂപയാണ് എം.എൽ.എമാരുടെ ശമ്പളം. 'ഓസിന്റെ'ഏർപ്പാട് എനിക്ക് പണ്ടേ ഇല്ല. 'പിരിവിന്റെ കലയും'എനിക്ക് വശമില്ലെന്ന് താങ്കൾക്ക് അറിയാമല്ലോ? സേട്ടു സാഹിബിനെ 'പാക്ക് ചാരൻ' എന്ന് പരസ്യമായി വിളിച്ചിട്ട് അദ്ദേഹം കേസിന് പോയിട്ടില്ലല്ലോ? കള്ളപ്പണവും അവിഹിത സമ്പാദ്യവും ഉണ്ടങ്കിലല്ലേ പേടിക്കേണ്ടതുള്ളൂ.ഇഡി തോറ്റു പോയത് എന്റെ സ്വത്തുവഹകൾ പരിശോധിച്ചപ്പോഴാകും. അതുകൊണ്ട് ആരെയും ഭയപ്പെടേണ്ട കാര്യം എനിക്കില്ല'
കഴിഞ്ഞ ദിവസം ഒരു ചാനൽ ചർച്ചയ്ക്കിടെ ബി.ജെ.പി നേതാവ് ബി.ഗോപാലകൃഷ്ണനാണ് ജലീലിനെ ഭീകരവാദിയെന്ന് ആക്ഷേപിച്ചത്. ഒത്തിണങ്ങിയ ഭീകരവാദിയെന്നായിരുന്നു പരാമർശം. എന്നാൽ ഇതിൽ നടപടിക്ക് മുതിരുന്നില്ല എന്നറിയിച്ച എം.എൽ.എ, ജലീൽ എന്ന പേരുകാരനായി വർത്തമാന ഇന്ത്യയിൽ വാദിയോ പ്രതിയോ ആയി ഒരു സംവിധാനത്തിന്റെയും മുമ്പിൽ പോകാൻ മനസ്സ് അനുവദിക്കുന്നില്ലെന്ന് പ്രതികരിച്ചു. ഇത് തന്റെ മാത്രം ആശങ്കയല്ലെന്നും ഇന്ത്യയിലെ ന്യൂനപക്ഷ വിഭാഗത്തിൽ പെടുന്നവരുടെയെല്ലാം ആശങ്കയാണെന്നും ജലീൽ വ്യക്തമാക്കിയിരുന്നു.
നടപടി എടുക്കാത്തത് ജലീലിന്റെ ഭീരുത്വമാണെന്നാണ് സംഭവങ്ങളോട് എം.കെ മുനീറിന്റെ പ്രതികരണം. കേരളത്തിലെ പൊലീസിൽ ജലീലിന് വിശ്വാസമില്ലെന്നാണ് വ്യക്തമാകുന്നതെന്നും മുനീർ കൂട്ടിച്ചേർത്തു.
'കേരളത്തിലാണ് ആദ്യം കേസ് കൊടുക്കേണ്ടത്. കാരണം, കേരളത്തിലെ ബി.ജെ.പി നേതാവാണ് അദ്ദേഹത്തെ ഭീകരവാദിയെന്ന് വിളിച്ചത്. കേരളത്തിലെ പൊലീസിൽ വിശ്വാസമില്ല എന്നതാണ് കൂടുതൽ നടപടികളിലേക്ക് കടക്കാത്തതിന് കാരണമെന്നാണ് മനസ്സിലാക്കേണ്ടത്. ന്യൂനപക്ഷത്തിലെ എല്ലാവർക്കും നീതി കിട്ടാത്ത പൊലീസ് സംവിധാനമാണ് കേരളത്തിലുള്ളതെന്നും തന്റെ കൂടെയുള്ള കെ.ടി ജലീലിനടക്കം സംരക്ഷണം നൽകാൻ പിണറായി വിജയനാകില്ല എന്നുമാണ് ഇവിടെ പറഞ്ഞു വയ്ക്കുന്നത്. കെ.ടി ജലീലിനെപ്പോലെ എല്ലാവരും പത്തി മടക്കി മാളത്തിൽ ഒളിക്കുന്നവരല്ലെന്ന് മനസ്സിലാക്കണം' എന്നും മുനീർ മീഡിയവണിനോട് പറഞ്ഞിരുന്നു.