ഒരു ഭയവുമില്ല, കേന്ദ്ര ഏജൻസികളെ വീട്ടിലേക്ക് സ്വാഗതം ചെയ്യുന്നു: കെ.ടി ജലീൽ
പി.സി ജോർജും സ്വപ്‌നയും നട്ടാൽ കുരുക്കാത്ത നുണയാണ് പറയുന്നത്. താനൊരു പ്രാക്ടീസിങ് മുസ്‌ലിമാണ്. മതാനുഷ്ഠാനങ്ങൾ അനുസരിച്ച് ജീവിക്കുന്നയാളാണ്. അതിൽനിന്ന് മാറിയൊരു സർട്ടിഫിക്കറ്റ് വേണ്ട.
തിരുവനന്തപുരം: സ്വപ്‌ന സുരേഷിന്റെ പുതിയ വെളിപ്പെടുത്തലുകളിൽ തനിക്ക് ഒന്നും ഒളിക്കാനില്ലെന്ന് കെ.ടി ജലീൽ. സ്വർണം എങ്ങോട്ടു പോയി, ആർക്കാണ് കൊണ്ടുവന്നത് എന്നതൊന്നും കണ്ടെത്താൻ കേന്ദ്ര ഏജൻസികൾക്ക് കഴിഞ്ഞിട്ടില്ല. മാന്യമായ രാഷ്ട്രീയപ്രവർത്തനം നടത്തുന്നവരെ ചളിവാരിയെറിയുന്ന പ്രവർത്തനമാണ് നടക്കുന്നത്. തങ്ങൾക്ക് ഇക്കാര്യത്തിൽ ഒരു ഭയവുമില്ല. 16 വർഷത്തെ തന്റെ ധനവിനിയോഗം അടക്കമുള്ള എല്ലാ കാര്യങ്ങളും പരിശോധിക്കാം. ഇക്കാര്യത്തിൽ തങ്ങൾക്ക് ഒരു ഭയവുമില്ലെന്നും ജലീൽ പറഞ്ഞു.
പി.സി ജോർജും സ്വപ്‌നയും നട്ടാൽ കുരുക്കാത്ത നുണയാണ് പറയുന്നത്. താനൊരു പ്രാക്ടീസിങ് മുസ്‌ലിമാണ്. മതാനുഷ്ഠാനങ്ങൾ അനുസരിച്ച് ജീവിക്കുന്നയാളാണ്. അതിൽനിന്ന് മാറിയൊരു സർട്ടിഫിക്കറ്റ് വേണ്ട. എസ്ഡിപിഐയെ രൂപീകരണകാലം മുതൽ എതിർക്കുന്നു എന്നതിൽ അഭിമാനിക്കുന്ന ആളാണ് താനെന്നും ജലീൽ പറഞ്ഞു.
യുപി രജിസ്‌ട്രേഷൻ കാറിൽ ഒരാൾ വന്ന് ഭീഷണിപ്പെടുത്തിയെന്ന് സ്വർണക്കടത്ത് കേസ് പറയുന്നത്. അതും അന്വേഷിക്കണം. ആയിരം കൊല്ലം അന്വേഷിച്ചാലും താൻ അനധികൃതമായി ഒരു രൂപ സമ്പാദിച്ചെന്ന് കണ്ടെത്താനാവില്ല. 30 കൊല്ലത്തെ തന്റെ അക്കൗണ്ട് പരിശോധിച്ചു. തന്റെ കണക്ക് കണ്ട് ഇ.ഡി തന്നെ ഞെട്ടി. മലപ്പുറത്ത് നിന്നുള്ള ഒരു കാക്ക ആയതുകൊണ്ട് എന്തെങ്കിലും കിട്ടുമെന്ന് ഇ.ഡി കരുതി. എന്നാൽ ഒന്നും കണ്ടെത്താൻ അവർക്ക് കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി ബിരിയാണി കഴിക്കുന്നത് താൻ കണ്ടിട്ടില്ല. അദ്ദേഹത്തിന് അതിൽ താൽപര്യവുമില്ല. ജലീലിന്റെ വീട്ടിലേക്ക് ബിരിയാണിച്ചെമ്പ് കൊണ്ടുവന്നുവെന്ന് പറഞ്ഞിരുന്നെങ്കിൽ കുറച്ചെങ്കിലും വിശ്വസിക്കാമായിരുന്നു. തനിക്ക് ബിരിയാണി ഇഷ്ടമാണ്. സ്വപ്‌ന സുരേഷിന്റെ അക്കൗണ്ട് പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.