'നിലപാടുകളുടെ സയ്യിദരേ, അങ്ങാണ് ശരി; വസ്സലാം'- ജിഫ്രി തങ്ങൾക്ക് പിന്തുണയുമായി കെ.ടി ജലീൽ
സംഘടനാപരമായി ഒരു രാഷ്ട്രീയ പാർട്ടിയോടും പ്രത്യേക താൽപര്യമില്ലെന്നും സമസ്ത ഒരു പാർട്ടിയുടെയും 'ബി' ടീമല്ലെന്നും ജിഫ്രി തങ്ങൾ ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു
കോഴിക്കോട്: സമസ്ത ഒരു പാർട്ടിയുടെയും 'ബി' ടീമല്ലെന്ന ജിഫ്രി മുത്തുക്കോയ തങ്ങളുടെ പരാമർശത്തിൽ പിന്തുണ പ്രഖ്യാപിച്ച് കെ.ടി ജലീൽ. മമ്പുറം തങ്ങളുടെയും ഫസൽ പൂക്കോയ തങ്ങളുടെയും വരക്കൽ മുല്ലക്കോയ തങ്ങളുടെയും യഥാർത്ഥ പിൻഗാമിയാണ് ജിഫ്രി തങ്ങളെന്ന് ജലീൽ പറഞ്ഞു.
''മമ്പുറം സയ്യിദ് അലവിക്കോയ തങ്ങളുടെയും സയ്യിദ് ഫസൽ പൂക്കോയ തങ്ങളുടെയും വരക്കൽ മുല്ലക്കോയ തങ്ങളുടെയും യഥാർത്ഥ പിൻഗാമി സയ്യിദുൽ ഉലമ ജിഫ്രി മുത്തുകോയ തങ്ങൾ. നിലപാടുകളുടെ സയ്യിദരേ, അങ്ങാണ് ശരി. വസ്സലാം..''-കെ.ടി ജലീൽ ഫേസ്ബുക്കിൽ കുറിച്ചു. 'ന്യൂ ഇന്ത്യൻ എക്‌സ്പ്രസി'നു നൽകിയ അഭിമുഖത്തിൽ തങ്ങൾ നടത്തിയ പരാമർശങ്ങളുടെ പോസ്റ്ററുകൾ പങ്കുവച്ചായിരുന്നു ജലീലിന്റെ പോസ്റ്റ്.
സംഘടനാപരമായി ഒരു രാഷ്ട്രീയ പാർട്ടിയോടും പ്രത്യേക താൽപര്യമില്ലെന്ന് സമസ്ത അധ്യക്ഷൻ സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. സമസ്ത ഒരു പാർട്ടിയുടെയും 'ബി' ടീമല്ലെന്നും ഒരു പാർട്ടിയെയും പിന്തുണയ്ക്കുന്നുമില്ലെന്നും തങ്ങൾ പറഞ്ഞു. സമസ്തയിലെ വ്യക്തികൾ പല രാഷ്ട്രീയക്കാരുമുണ്ടാകുമെന്ന് അദ്ദേഹം സൂചിപ്പിച്ചു.
'സമസ്തയിലെ (1989ലുണ്ടായ) പിളർപ്പിനുശേഷം ലീഗും സമസ്തയും ഒന്നുകൂടി യോജിച്ചുനിൽക്കുന്നുണ്ട്. സമസ്തയുടെ നേതാക്കന്മാർ തന്നെയാണ് ലീഗിന്റെയും പ്രധാന നേതാക്കന്മാർ എന്നതാണ് അതിനു കാരണം.'-തങ്ങൾ പറഞ്ഞു.
ലീഗിൽ സമസ്തക്കാർ മാത്രമല്ല, മുജാഹിദുകൾ ഉൾപ്പെടെയുള്ളവരുണ്ട്. എന്നാൽ, ലീഗിന്റെ പ്രധാന നേതാക്കൾ സമസ്തക്കാരായിരുന്നു. നമ്മുടെ മദ്രസകളിലും കോളജുകളിലുമെല്ലാം അങ്ങോട്ടും ഇങ്ങോട്ടും ബന്ധപ്പെട്ടാണ് നിൽക്കുന്നത്. പാണക്കാട് തങ്ങന്മാരും ബാഫഖി തങ്ങൾ ഉൾപ്പെടെയുള്ളവരും സുന്നികളും സമസ്തയുമായി അടുത്ത് ഇടപഴകി നിൽക്കുന്നവരുമായിരുന്നു. ആ നിലക്കുള്ള ബന്ധമുണ്ടെന്നും ജിഫ്രി തങ്ങൾ കൂട്ടിച്ചേർത്തു.
Summary: KT Jaleel supports Jifri Muthukkoya Thangal's remark that Samasta is not the 'B' team of any party