ഉമ്മൻചാണ്ടിയെ പ്രകീർത്തിച്ചതിന് മൃഗാശുപത്രി ജീവനക്കാരിയെ പിരിച്ചു വിട്ട സംഭവം; കുടുംബശ്രീ വിശദീകരണം തേടി
വിഷയത്തിൽ ഇന്ന് തന്നെ അടിയന്തരയോഗം ചേർന്ന് വിശദീകരണം നൽകാനാണ് ഐശ്വര്യ കുടുംബശ്രീക്ക് നിർദേശം
ഉമ്മൻചാണ്ടിയെ പ്രകീർത്തിച്ചതിന് വെറ്ററിനറി ആശുപത്രിയിലെ ജീവനക്കാരിയെ പിരിച്ചു വിട്ട സംഭവത്തിൽ വിശദീകരണം ചോദിച്ച് കുടുംബശ്രീ. വിഷയത്തിൽ ഇന്ന് തന്നെ അടിയന്തരയോഗം ചേർന്ന് വിശദീകരണം നൽകാനാണ് ഐശ്വര്യ കുടുംബശ്രീക്ക് നിർദേശം.
കുടുംബശ്രീ അംഗമാണ് എന്ന് സാക്ഷ്യപ്പെടുത്തിയാണ് സതിയമ്മയ്ക്ക് കത്ത് നൽകിയതെന്നും കരാർ പ്രകാരം സതിയമ്മയുടെ കാലാവധി കഴിഞ്ഞുവെന്നും പുതുപ്പള്ളി കുടുംബശ്രീ മിഷൻ ചെയർപേഴ്‌സൺ ജിഷ മധു മീഡിയവണിനോട് പറഞ്ഞു.
"ഒരു വർഷം മുമ്പാണ് സതിയമ്മയ്ക്ക് കുടുംബശ്രീ കത്തു നൽകിയത്. കുടുംബശ്രീ അംഗമാണ് എന്ന് സാക്ഷ്യപ്പെടുത്തിയായിരുന്നു ഇത്. ആറു മാസത്തേക്കാണ് കുടുംബശ്രീ മുഖേന ഒരാളെ നിയമിക്കുക. ഇതുപ്രകാരം സതിയമ്മയുടെ കാലാവധി കഴിഞ്ഞു. ചട്ടപ്രകാരം ആറുമാസത്തിന് ശേഷം ജോലി പുതുക്കി നൽകാൻ കഴിയില്ല. പുതിയ ആളെ നിയമിക്കണം. ലിജിമോളെ നിയമിച്ച കത്ത് നൽകിയത് സംബന്ധിച്ച് വ്യക്തതയില്ല". ജിഷ പറഞ്ഞു.