ആഭ്യന്തര വിഷയമെന്നത് മാധ്യമങ്ങളുടെ ചോദ്യം, ഇ.പി ജയരാജനെതിരായ ആരോപണം ഗൗരവമുള്ളത്: കുഞ്ഞാലിക്കുട്ടി

'സി.പി.എമ്മിലെ ആഭ്യന്തര കാര്യമാണെങ്കിലും എന്താണ് അഭിപ്രായമെന്നാണ് മാധ്യമപ്രവർത്തകർ ചോദിച്ചത്'

Update: 2022-12-27 07:17 GMT
Advertising

മലപ്പുറം: ജയരാജന്‍ വിവാദം സി.പി.എമ്മിലെ ആഭ്യന്തര വിഷയമെന്ന ചോദ്യവും ഉത്തരവും തന്‍റേതല്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി. സി.പി.എമ്മിലെ ആഭ്യന്തര കാര്യമാണെങ്കിലും എന്താണ് അഭിപ്രായമെന്നാണ് മാധ്യമപ്രവർത്തകർ ചോദിച്ചത്. ആഭ്യന്തര കാര്യങ്ങളില്‍ ലീഗ് അഭിപ്രായം പറയാറില്ലെന്ന് മറുപടി പറഞ്ഞു. വിവാദമുണ്ടായ അന്നായിരുന്നു ഇത്. മാധ്യമങ്ങള്‍ അത് വാർത്തയാക്കുകയായിരുന്നു. പിന്നീട് വന്ന ലീഗ് നേതാക്കളുടെ പ്രതികരണം ഒക്കെ ചേർത്ത് വാർത്തയാക്കിയെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.

"ജയരാജന്മാരുടെ വാര്‍ത്ത ചോര്‍ന്നു എന്നു പറഞ്ഞ് നിങ്ങളൊരു ചോദ്യംചോദിച്ചു. സി.പി.എമ്മിലെ ആഭ്യന്തര കാര്യമാണല്ലോ, എന്നാലും അഭിപ്രായം പറയുന്നുണ്ടോ എന്നാണ് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചത്. ആഭ്യന്തര പ്രശ്നമാണെന്ന് നിങ്ങള്‍ തന്നെ പറയുന്നു, പിന്നെ ഞാനെന്തിനാ അഭിപ്രായം പറയുന്നതെന്ന് ഞാന്‍ മറുപടി പറഞ്ഞു. ചോദ്യവും ഉത്തരവും എന്‍റേതല്ല, നിങ്ങളുടേതാണ്. അന്ന് സാമ്പത്തിക ആരോപണമോ മറ്റ് കാര്യങ്ങളോ ഒന്നും വ്യക്തമായിരുന്നില്ല. ആദ്യ ദിവസമാണത്. ജയരാജന്‍ വിഷയത്തില്‍ ഞാന്‍ ഇന്നാണ് ആദ്യമായി പ്രതികരിക്കാന്‍ പോകുന്നത്"- കുഞ്ഞാലിക്കുട്ടി വിശദീകരിച്ചു.

ഇ.പി ജയരാജനെതിരായ ആരോപണം ഗൌരവമുള്ളതാണെന്ന് കുഞ്ഞാലിക്കുട്ടി ഇന്ന് പറഞ്ഞു. ഇ.പിക്കെതിരായ സാമ്പത്തിക ക്രമിക്കേട് ആരോപണത്തില്‍ അന്വേഷണം വേണം. സി.പി.എമ്മിനോട് ലീഗിന് മൃദുസമീപനമില്ലെന്നും ലീഗിന് ഒരേ സ്വരമാണെന്നും അദ്ദേഹം പറഞ്ഞു.

ജയരാജന്‍ വിവാദത്തില്‍ ലീഗില്‍ അഭിപ്രായ ഭിന്നതയെന്ന് റിപ്പോര്‍ട്ടുകള്‍ വന്നതിന് പിന്നാലെയാണ് കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. അനീതിക്കെതിരെ മിണ്ടണമെന്ന് കെ.പി.എ മജീദ് ഫേസ് ബുക്ക് കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. രണ്ടു ജയരാജന്മാരെയും തീർക്കാനുള്ള പിണറായിയുടെ വജ്രായുധമാണ് സി.പി.എമ്മിലെ പുതിയ ആരോപണമെന്ന് കെ.എം ഷാജി പറഞ്ഞു. 

കെ.എം ഷാജിയുടെ പ്രതികരണം

"ഇ.പി ജയരാജനെതിരെ പി. ജയരാജന്‍റെ പുതിയ പരാമർശം വന്നിരിക്കുന്നു. കണ്ണൂരിലെ എല്ലാവർക്കും അറിയുന്ന കാര്യമാണിത്. എത്രയോ വർഷമായി കണ്ണൂരിൽ കുന്നിടിക്കുകയും കോടിക്കണക്കിനു രൂപ നിക്ഷേപിക്കുകയും ചെയ്യുന്നു. അതിനുള്ള എല്ലാ അനുമതിയും നൽകിയത് ഇപ്പോഴത്തെ സി.പി.എം സംസ്ഥാന സെക്രട്ടറി ഗോവിന്ദൻ മാഷിന്റെ ഭാര്യയാണ്. അവരുടെ മുനിസിപ്പാലിറ്റിയിലാണിത്. ഈ പോക്ക് അപകടകരമാണെന്ന് പിണറായി വിജയന് അറിയാം. ഇ.പിയുടെ ചിറകരിയണമായിരുന്നു. അതിന് ഇതേ പിണറായി മൂലക്കിരുത്തിയ പി. ജയരാജനെ കൊണ്ടുവരുന്നു. പിണറായി വിജയന് പറ്റാതായാൽ ഇതാണ് എല്ലാവരുടെയും സ്ഥിതി. അയാളെയും മക്കളെയും പറഞ്ഞാൽ ആരുടെയും പണിപാളും. അയാൾക്കെതിരെ പറഞ്ഞാൽ ശിക്ഷയും പണിയുമുണ്ടാകും. അത് പിണറായിയുടെ ശൈലിയാണ്.

പാർട്ടിയിലെ അഴിമതികളാണ് പ്രശ്‌നമെങ്കിൽ കരുവന്നൂർ ബാങ്കിലെ വിഷയത്തിൽ, പയ്യന്നൂരിലെ അഴിമതിയിൽ, തിരുവനന്തപുരത്തെ അഴിമതിയിൽ, ശൈലജ ടീച്ചർക്കെതിരെയുള്ള ആരോപണത്തിലെല്ലാം ജയരാജൻ പരാതി കൊടുക്കാത്തത് എന്തുകൊണ്ടാണ്? രണ്ടു ജയരാജന്മാരെയും ഒന്നിച്ചുതീർക്കാൻ പിണറായി തീരുമാനിച്ചിട്ടുണ്ട്. അതിനാലാണ് ആരോപണവും പ്രത്യാരോപണവും ഒന്നിച്ചുവരുന്നത്. പാർട്ടിയിൽ അഴിമതി നടത്തണമെങ്കിൽ പിണറായിഭക്തി തുടർന്നുകൊണ്ടിരിക്കണം. അതില്ലെങ്കിൽ മിനിമം മകളുടെയോ പുതിയാപ്പിളയുടെയോ എങ്കിലും പ്രീതിയിൽ ഉണ്ടാവണമെന്നതാണ് നിയമം"- വയനാട്ടിൽ നടന്ന ലീഗ് പരിപാടിയിൽ ഷാജി പറഞ്ഞു.

കെ.പി.എ മജീദിന്‍റെ കുറിപ്പ്

കുന്നിടിച്ചും ജലം ഊറ്റിയും സി.പി.എം നേതാവ് ഇ.പി ജയരാജനും മകനും കൂടി പണിത ആയുർവേദ റിസോർട്ട്. സ്വാതന്ത്ര്യ സമര ചരിത്രത്തിൽ അടയാളപ്പെടുത്തൽ നടത്തിയ മൊറാഴയിലാണ് ആരെയും കൂസാതെയുള്ള ഈ വൈദേകം. മൊറാഴ ഉടുപ്പിലെ പത്തേക്കർ കുന്ന് പൂർണമായും ഇടിച്ച് നിരത്തി. അരുതേ എന്ന് പറഞ്ഞ ശാസ്ത്ര സാഹിത്യ പരിഷത്ത് ഉൾപ്പെടെയുള്ളവരെ ആട്ടിയോടിച്ചു.

പ്രതിപക്ഷമില്ലാത്ത ആന്തൂർ നഗരസഭ അതിവേഗം റിസോർട്ടിന് അനുമതി നൽകി. ഒരു ചുവപ്പുനാടയിലും ആ അപേക്ഷ കുടുങ്ങിയില്ല. ഏതാണീ നഗരസഭയെന്ന് എല്ലാവർക്കും അറിയാം. കഷ്ടപ്പെട്ട് സമ്പാദിച്ചതെല്ലാം കൺവൻഷൻ സെന്റർ പണിയാനായി വിനിയോഗിച്ച പ്രവാസിക്ക് പ്രവർത്തനത്തിന് അനുമതി നൽകാതെ ആ മനുഷ്യനെ ആത്മഹത്യയിലേക്ക് തള്ളിവിട്ട അതേ നഗരസഭ.

നിർമ്മാണം തടയാൻ ഒരു ചെങ്കൊടിയും ഉയർന്നില്ല. എതിർപ്പുകളെയെല്ലാം ചെങ്കൊടി കൊണ്ട് നിശ്ശബ്ദമാക്കി. റിസോർട്ട് നിർമ്മാണത്തിന്റെ സാമ്പത്തിക സ്രോതസ്സ് ദുരൂഹമാണ്. പിണറായി ഇതുവരെയും മിണ്ടിയിട്ടില്ല. ഈ അനീതിക്കെതിരെ മിണ്ടിയേ തീരൂ. 

Full View


Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News