കുട്ടമ്പുഴയിലെ പ്രതിരോധപ്രവർത്തനങ്ങൾ വൈകിയിട്ടുണ്ട്; വീഴ്ച സമ്മതിച്ച് വനംമന്ത്രി
അസ്വഭാവിക വൈകൽ ഉണ്ടെങ്കിൽ പരിശോധിക്കും
തിരുവനന്തപുരം: കുട്ടമ്പുഴയിലെ പ്രതിരോധപ്രവർത്തനങ്ങൾ വൈകിയിട്ടുണ്ടെന്ന് വനംമന്ത്രി എ.കെ ശശീന്ദ്രൻ.ഇതിന് കാരണം കേന്ദ്രം പണം നൽകാത്തതാണ്. അസ്വഭാവിക വൈകൽ ഉണ്ടെങ്കിൽ പരിശോധിക്കും. കേരളത്തിലെ പ്രത്യേക പദ്ധതികളോട് കേന്ദ്രത്തിന് അലർജിയാണ്. കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടതിൽ വിശദമായ റിപ്പോർട്ട് തേടിയിട്ടുണ്ട്. സിസിഎഫ് റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് അന്വേഷണച്ചുമതലയെ മന്ത്രി പറഞ്ഞു.
നടപടി ക്രമങ്ങൾ പൂർത്തിയാക്കുന്നതിന്‍റെ കാലതാമസം മാത്രമാണ് ഉണ്ടായത്. അസ്വഭാവിക വൈകൽ ഉണ്ടെങ്കിൽ പരിശോധിക്കും. പ്രദേശത്ത് ആര്‍ആര്‍ടി രൂപീകരിക്കുന്നത് നീണ്ടുപോയി. വനം വകുപ്പിൻ്റെ വാഹന സൗകര്യങ്ങളിൽ കുറവുണ്ടായിരുന്നു. ഇതിന് കാരണം പണത്തിൻ്റെ കുറവാണ്. കേന്ദ്രം പ്രവർത്തനങ്ങൾക്ക് പണം നൽകുന്നതിൽ കാലതാമസമുണ്ടായി. പ്രദേശത്ത് വഴി വിളക്കുകൾ കുറവുണ്ട്. വഴി വിളക്കുകൾ സ്ഥാപിക്കേണ്ടത് വനം വകുപ്പല്ല. വനമേഖലയിൽ കൂടുതൽ റോഡുകൾ നിർമിക്കുന്നത് ശരിയാണോ എന്ന് ആലോചിക്കേണ്ടതാണ്. കഴിഞ്ഞ മാസം കേന്ദ്ര വനം വകുപ്പ് മന്ത്രിയെ കണ്ടിരുന്നു. വന്യജീവി ആക്രമണം പ്രതിരോധിക്കാൻ പ്രത്യേക പാക്കേജ് ആവശ്യപ്പെടുകയും ചെയ്തു. പണം അനുവദിക്കാമെന്ന് പറഞ്ഞിട്ടുണ്ട്. എന്നാൽ മുൻപ് പണം അനുവദിക്കാം എന്ന് പറഞ്ഞപ്പോഴൊന്നും നൽകിയിട്ടില്ല. കേരളത്തിലെ പ്രത്യേക പദ്ധതികളോട് കേന്ദ്രത്തിന് അലർജിയാണെന്നും മന്ത്രി വ്യക്തമാക്കി.
കുട്ടമ്പുഴയിലെ കാട്ടാന ആക്രമണം ഹൃദയ വേദന ഉണ്ടാക്കുന്ന സംഭവമാണെന്നും ശശീന്ദ്രന്‍ പറഞ്ഞു. സംഭവത്തെ തുടർന്ന് ഉണ്ടായ ജനകീയ പ്രതിഷേധം സ്വഭാവികമാണ്. സംഭവം അറിഞ്ഞ ഉടൻ കലക്ടരുമായി ബന്ധപ്പെട്ടു. ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തി ജനങ്ങളുമായി സംസാരിച്ചു. ഉദ്യോഗസ്ഥരുടെ ഇടപെടൽ സംഘർഷ സാധ്യത ഒഴിവാക്കി. ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കാൻ ഉള്ള നടപടികൾ ആലോചിച്ചു. ജില്ലാ കലക്ടർ നേരിട്ടെത്തി സംഭവ സ്ഥലം വിലയിരുത്തിയിരുന്നു. സഹായ ധനം ഒരുമിച്ച് നൽകുന്നത് ആലോചനയിലാണെന്നും മന്ത്രി അറിയിച്ചു.