മാധ്യമപ്രവർത്തകരുടെ വീടുകളിൽ നടക്കുന്ന പൊലീസ് റെയ്ഡിനെ കെ.യു.ഡബ്ല്യു.ജെ അപലപിച്ചു

ഉടമയെ കിട്ടിയില്ലെങ്കിൽ തൊഴിലാളികളെ ഒന്നാകെ കേസിൽ കുടുക്കുമെന്ന ഭീഷണി കേരള പൊലീസിന്റെ അന്തസ് കെടുത്തുന്ന നടപടിയാണെന്നും കെ.യു.ഡബ്ല്യു.ജെ ഭാരവാഹികൾ പ്രസ്താവനയിൽ പറഞ്ഞു.

Update: 2023-07-04 09:43 GMT
Advertising

തിരുവനന്തപുരം: പൊലീസ് അന്വേഷിക്കുന്ന പ്രതിയെ കിട്ടിയില്ലെന്ന പേരിൽ അയാളുടെ ഉടമസ്ഥതയിലുള സ്ഥാപനത്തിലെ മാധ്യമപ്രവർത്തകരുടെ വീടുകളിൽ റെയ്ഡ് നടത്തുന്ന പൊലീസ് നടപടിയെ കേരള പത്രപ്രവർത്തക യൂണിയൻ ശക്തമായി അപലപിച്ചു. 'മറുനാടൻ മലയാളി' എന്ന ഓൺലൈൻ സ്ഥാപന ഉടമ ഷാജൻ സ്‌കറിയക്ക് എതിരെയുളള കേസിന്റെ പേരിൽ അവിടെ തൊഴിലെടുക്കുന്ന സ്ത്രീകൾ അടക്കമുളള മാധ്യമ പ്രവർത്തകരുടെയെല്ലാം വീടുകളിലും ബന്ധു വീടുകളിലും പൊലീസ് റെയ്ഡ് നടത്തുകയാണ്. പലരുടെയും മൊബൈൽ അടക്കം പൊലീസ് പിടിച്ചെടുത്തു. കേരളത്തിൽ കേട്ടുകേൾവിയില്ലാത്ത നടപടിയാണിതെന്ന് കെ.യു.ഡബ്ല്യു.ജെ പ്രസ്താവനയിൽ പറഞ്ഞു.

മറുനാടൻ മലയാളിക്കും അതിന്റെ ഉടമ ഷാജൻ സ്‌കറിയക്കും എതിരെ കേസുണ്ടെങ്കിൽ അതിൽ അന്വേഷണം നടത്തുകയും കുറ്റക്കാരാണെങ്കിൽ ശിക്ഷിക്കുകയും വേണം. മറുനാടൻ മലയാളിയുടെ മാധ്യമ രീതിയോട് യൂണിയന് യോജിപ്പില്ല. എന്നാൽ ഉടമ്ക്ക് എതിരായ കേസിന്റെ പേരിൽ അവിടെ തൊഴിലെടുക്കുന്ന മാധ്യമപ്രവർത്തകരുടെയാകെ വീടുകളിൽ റെയ്ഡ് നടത്തുന്നത് പ്രതിഷേധാർഹമാണെന്ന് യൂണിയൻ പ്രസിഡന്റ് എം.വി വിനീതയും ജനറൽ സെക്രട്ടറി ആർ. കിരൺ ബാബുവും പറഞ്ഞു. ഉടമയെ കിട്ടിയില്ലെങ്കിൽ തൊഴിലാളികളെ ഒന്നാകെ കേസിൽ കുടുക്കുമെന്ന ഭീഷണി കേരള പൊലീസിന്റെ അന്തസ് കെടുത്തുന്ന നടപടിയാണെന്നും ഭാരവാഹികൾ പറഞ്ഞു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News